ADVERTISEMENT

ഏറെ വരുമാന സാധ്യതയുള്ള കടൽപായൽ കൃഷി അടിസ്ഥാനമാക്കിയുള്ള സുസ്ഥിര സമ്പദ്‌വ്യവസ്ഥ (സീവീഡ് ഇക്കോണമി) വികസിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നു. സാധ്യമായ ഇടങ്ങളിലെല്ലാം വൻതോതിൽ കടൽപായൽ കൃഷി ചെയ്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വരുമാനം വർധിപ്പിക്കാനും ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കൂട്ടാനും കേന്ദ്രം ശ്രമിക്കുമെന്ന് ഫിഷറീസ് സെക്രട്ടറി ജതീന്ദ്രനാഥ് സ്വൈൻ. സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള കേരള സന്ദർശനത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) എത്തിയതായിരുന്നു അദ്ദേഹം. സിഎംഎഫ്ആർഐ  ശാസ്ത്രജ്ഞരുമായി സംവദിക്കുകയും ചെയ്തു.

കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന ഭീഷണി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിന്റെ പ്രത്യാഘാതം ചെറുക്കാൻ പ്രകൃതിദത്ത പരിഹാരമാർഗമായി കരുതപ്പെടുന്ന കടൽപായൽ കൃഷി ഒരേസമയം പ്രകൃതിക്കും സാമ്പത്തിക വളർച്ചയ്ക്കും ഗുണം ചെയ്യും. കടൽപായൽ കൃഷി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അധികവരുമാനത്തിനുള്ള വഴിയാണ്. ഈ മേഖല ശക്തിപ്പെടുത്തുന്നതിലൂടെ, മഹാമാരിയും കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള പ്രശ്‌നങ്ങളും മൂലം പ്രതിസന്ധിയിലായ ഇവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്– അദ്ദേഹം പറഞ്ഞു. 

കടൽപായൽ കൃഷി ജനകീയമാക്കുന്നതിനായി വിത്തുബാങ്ക് സ്ഥാപിക്കാൻ അദ്ദേഹം സിഎംഎഫ്ആർഐയോട് ആവശ്യപ്പെട്ടു. ഈ കൃഷി വ്യാപിപ്പിക്കാനാവശ്യമായ മാർഗങ്ങൾ ആവിഷ്‌കരിക്കാൻ ശാസ്ത്രസമൂഹത്തിന്റെ പിന്തുണ വേണം. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയിൽ കടൽപായൽ കൃഷിക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. 

അടുത്ത അഞ്ചു വർഷത്തിനുള്ള സമുദ്രോൽപന്ന കയറ്റുമതി ഇരട്ടിയായി വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം നേടുന്നതിന് മത്സ്യോൽപാദനം വർധിപ്പിക്കാൻ വിവിധ വഴികൾ സ്വീകരിക്കും. രാജ്യത്തിന്റെ ആളോഹരി വരുമാനം വർധിപ്പിക്കാൻ ഈ പദ്ധതികൾ സഹായിക്കും. മത്സ്യോൽപാദനം വർധിപ്പിക്കാൻ സാങ്കേതികവിദ്യകളുടെ പുരോഗതി പ്രയോജനപ്പെടുത്തും. 

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാൻ കൂടുമത്സ്യകൃഷി മികച്ച ഉപാധിയായി വികസിച്ചിട്ടുണ്ട്. കൂടുകൃഷി ജനകീയമാക്കുന്നതിൽ സിഎംഎഫ്ആർഐ വലിയ പങ്കാണ് വഹിച്ചത്. കടലിൽ മത്സ്യ-ചെമ്മീൻ വിത്തുകൾ നിക്ഷേപിക്കുന്ന സീറാഞ്ചിംഗ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. തമിഴ്‌നാട്ടിൽ സിഎംഎഫ്ആർഐ നടപ്പിലാക്കി വരുന്ന കുഴിക്കാര ചെമ്മീനിന്റെ സീറാഞ്ചിംഗ് കടലിൽ ഇവയുടെ അളവ് സുസ്ഥിരമായി നിലനിർത്താൻ സഹായകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സമുദ്രമത്സ്യമേഖലയെ സുസ്ഥിരമായി നിലനിർത്തുന്നതിന് ഉത്തരവാദിത്വ മത്സ്യബന്ധനരീതി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സിഎംഎഫ്ആർഐയുടെ കൊച്ചിയിലെ ശാസ്ത്രജ്ഞർക്ക് പുറമെ, സിഎംഎഫ്ആർഐയുടെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും പരിപാടിയിൽ പങ്കെടുത്തു. ഫിഷറീസ് ജോയിന്റ് സെക്രട്ടറി ഡോ. ജെ.ബാലാജി, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ.ഗോപാലകൃഷ്ണൻ എന്നിവരും സംസാരിച്ചു. 

English summary: Seaweed Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com