ADVERTISEMENT

പന്നിക്കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഏറെയുണ്ടെങ്കിലും തിരുവനന്തപുരത്തെ പന്നിക്കര്‍ഷകര്‍ക്ക് ആശ്വസിക്കാനുള്ള തീരുമാനങ്ങള്‍ വരുന്നു. തിരുവനന്തപുരം നഗരസഭയ്ക്കുള്ളിലെ മിച്ചഭക്ഷണം ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഏറ്റെടുക്കുന്നതിന് ഏജന്‍സികളെ നിശ്ചയിച്ച തീരുമാനം നഗരസഭ പുനഃപരിശോധിക്കും.

ഹോട്ടലുകള്‍, കല്യാണമണ്ഡപങ്ങള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ മിച്ചഭക്ഷണം പന്നികള്‍ക്ക് ഉപയോഗയോഗ്യമാണോ എന്ന് വിദഗ്ധരുടെ നിര്‍ദേശം വേണമെന്ന് കോര്‍പറേഷന്‍ യോഗം തീരുമാനിച്ചു. ഇതിനായി പന്നിക്കര്‍ഷകരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്കായി പന്നിക്കര്‍ഷകരുടെ സംഘടനയായ പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (പിഎഫ്എ) വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം.ആര്‍.ശശീന്ദ്രനാഥിന് കത്തു നല്‍തി. 

വര്‍ഷങ്ങളായി പന്നിക്കര്‍ഷകര്‍ നടത്തിയിരുന്ന മാലിന്യനീക്കവും സംസ്‌കരണവുമാണ് തിരുവനന്തപുരത്ത് നഗരസഭയുടെ ഇടപെടലിനെത്തുടര്‍ന്ന് ഏജന്‍സികള്‍ക്കായി മാറ്റപ്പെട്ടത്. നഗരസഭ നിയോഗിച്ചിട്ടുള്ള ഏജന്‍സികള്‍ മാത്രം നഗരസഭാ പരിധിക്കുള്ളിലെ മാലിന്യം ശേഖരിച്ചാല്‍മതിയെന്നുള്ള തീരുമാനത്തില്‍ ഒട്ടേറെ പന്നിക്കര്‍ഷകരാണ് പ്രതിസന്ധിയിലായത്. ഹോട്ടലുകളിലെയും കല്യാണമണ്ഡപങ്ങളിലെയും മിച്ചഭക്ഷണമായിരുന്നു തിരുവനന്തപുരത്തെ പന്നിക്കര്‍ഷകര്‍ ശേഖരിച്ചിരുന്നതെന്ന് പന്നിക്കര്‍ഷകയായ സിന്ധു പ്രകാശ് പറയുന്നു. ലോക്ഡൗണില്‍ മിച്ചഭക്ഷണലഭ്യത കുറഞ്ഞപ്പോള്‍ പലരും കോഴി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവയും എടുത്തുതുടങ്ങി. എന്നാല്‍, അതിനെല്ലാം വിലക്കുവന്നതും മാലിന്യം ശേഖരിച്ച ഏജന്‍സിയില്ലാത്ത കര്‍ഷകര്‍ക്ക് പിഴ ചുമത്തിയതും കര്‍ഷകരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു. ഇവയ്ക്ക് പരിഹാരമാകുമെന്നാണ് കോര്‍പറേഷന്റെ ഭാഗത്തുനിന്നുള്ള നീക്കത്തില്‍ കര്‍ഷകരുടെ പ്രതീക്ഷ. കൂടാതെ താല്‍ക്കാലികമായി പന്നികള്‍ക്ക് ഭക്ഷണം ശേഖരിക്കുന്ന പ്രവൃത്തി പകരം സംവിധാനം വരുന്നതുവരെ താല്‍ക്കാലിക ലൈസന്‍സ് നല്‍കി ക്രമീകരിക്കുന്നതിനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ പന്നിക്കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന തീറ്റ-ലൈസന്‍സ് പ്രശ്‌നങ്ങളെക്കുറിച്ച് ഒക്ടോബര്‍ ലക്കം കര്‍ഷകശ്രീ മാസികയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വിശദമായി അറിയാന്‍ കര്‍ഷകശ്രീ ഒക്ടോബര്‍ ലക്കം കാണുക.

English summary: pig farmer's problem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com