ADVERTISEMENT

കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരമേഖലയിലെ ശാസ്ത്രീയ രീതികളും നൂതന അറിവുകളും കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്‌സ് തുടങ്ങിയ ഫെസിലിറ്റേഷന്‍ കേന്ദ്രം (ഫേസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

രണ്ടു മാസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള ചിക്ക് മാഷ്, കറവപ്പശുക്കളുടെ ഊര്‍ജക്കുറവ് പരിഹരിക്കാനും പാലുല്‍പാദനം കൂട്ടാനും സഹായിക്കുന്ന മില്‍ക്ക് ബൂസ്റ്റര്‍, കിടാരികള്‍ക്കുള്ള തീറ്റയായ 20 കിലോയുടെ കാഫ് സ്റ്റാര്‍ട്ടര്‍ എന്നിവയും മന്ത്രി പുറത്തിറക്കി.

kerala-feeds-2
കേരള ഫീഡ്‌സ് ഉത്പാദിപ്പിക്കുന്ന പുതിയ ഉത്പന്നങ്ങള്‍ സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പുറത്തിറക്കുന്നു

മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ട്രെയിന്‍ വഴി കാലിത്തീറ്റ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാനുള്ള പദ്ധതി ഉടന്‍ നടപ്പിലാക്കും. കടത്തുകൂലിയില്‍ ഇളവ് നല്‍കുന്നതിനു വേണ്ടി കേന്ദ്ര റെയില്‍ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

പശുവിന്റെ പൂര്‍ണമായ ആരോഗ്യവിവരം മൈക്രോ ചിപ്പില്‍ സൂക്ഷിച്ചു വയ്ക്കുന്ന ഇ-സമൃദ്ധ് പദ്ധതി പത്തനംതിട്ട ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. ഇതുവഴി എങ്ങനെ ശാസ്ത്രീയമായി പാലുല്‍പാദനം വര്‍ധിപ്പിക്കാം എന്നതാണ് പരിശോധിക്കുന്നത്. 

ഓമന മൃഗങ്ങള്‍ക്കുള്ള തീറ്റകൂടി ഉണ്ടാക്കാന്‍ പാകത്തിന് കേരള ഫീഡ്‌സ് വിപുലീകരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങളില്ലാത്തതിനാല്‍ വലിയ സാധ്യതകളാണ് ഈ മേഖലയിലുള്ളത്. പുതിയ ചുവടുവയ്പ് നടത്താനുള്ള സാധ്യതകള്‍ സജീവമായി പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. പുതുക്കിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് മന്ത്രി ആര്‍.ബിന്ദു നിര്‍വഹിച്ചു.

kerala-feeds-3
കേരള ഫീഡ്‌സിന്‍റെ പുതുക്കിയ വെബ്‌സൈറ്റ് ഉദ്ഘാടനം സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു നിര്‍വഹിക്കുന്നു.

ഏതു പുതിയ സംരംഭവും കൊണ്ടുവരാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. നായ്ക്കളും പൂച്ചകളുമടക്കം അരുമമൃഗങ്ങളുടെ തീറ്റ സംബന്ധിച്ച ഡോ. ആര്‍. ബിന്ദുവിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയെന്ന വെല്ലുവിളി നേരിട്ടുകൊണ്ട് ആ ഭാരം കര്‍ഷരിലേക്കെത്തിക്കാതെ നിലനിറുത്തുന്നത് കേരള ഫീഡ്‌സ് ആണെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. സ്വകാര്യ കമ്പനികളെപ്പോലെ അമിതലാഭമോഹമല്ല ഈ കമ്പനിയെ നയിക്കുന്നത്. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ എല്ലാ പിന്തുണയും കേരള ഫീഡ്‌സിനുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

പ്രളയം, കൊവിഡ്, സാമ്പത്തികപ്രതിസന്ധി, നഷ്ടപ്പെട്ട മാര്‍ക്കറ്റ് എന്നിവ മറികടന്ന് കമ്പനി ലാഭത്തിലാക്കാന്‍ സാധിച്ചത് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണെന്ന് കേരള ഫീഡ്‌സ് എംഡി ഡോ. ബി.ശ്രീകുമാര്‍ പറഞ്ഞു. ചടങ്ങില്‍ റിപ്പോര്‍ട്ടവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

അസി. ജനറല്‍ മാനേജര്‍ ഉഷ പത്മനാഭന്‍ നന്ദി പ്രകാശിപ്പിച്ചു. 

കേരള ഫീഡ്‌സിന്റെ കല്ലേറ്റുംകര പ്ലാന്റ് വളപ്പിലാണ് ക്ഷീരകര്‍ഷകര്‍ക്കായുള്ള ഫെസിലിറ്റേഷന്‍ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. 150 പേര്‍ക്കിരിക്കാവുന്ന പൂര്‍ണമായും ശീതീകരിച്ച സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ സൈമണ്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.ജോജോ, കെഎല്‍ഡിബി എംഡിയും കെഎഫ്എല്‍ ബോര്‍ഡ് അംഗവുമായ ഡോ. ആര്‍.രാജീവ്, കമ്പനിയിലെ വിവിധ തൊഴിലാളി സംഘടനാ നേതാക്കള്‍, കെഎഫ്എല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English Summary: Kerala Feeds New Products

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com