ADVERTISEMENT

സന്ദർശകർക്ക് കാണാനും പഠിക്കാനും വാങ്ങാനും ഒട്ടേറെ കാര്യങ്ങളുമായി കർഷകശ്രീ കാർഷികമേള മൂന്നാം ദിവസത്തിലേക്ക്.  ഗ്രാമീണ കാർഷിക സംരംഭകരുടെ നാടൻ വിഭവങ്ങൾ മേളയുടെ മുഖ്യ ആകർഷണമാണ്. 

പാലക്കാട് മംഗലം ഡാമിൽനിന്നുള്ള യുവസംരംഭകൻ ഷാലു ജയിംസ് പുതുമയാർന്ന കാടവിഭവങ്ങളുമായാണ് എത്തിയിരിക്കുന്നത്. കുരുമുളകിട്ട കാടമുട്ട അച്ചാറും കാടയിറിച്ചി അച്ചാറുമാണ് ഇവയിൽ പ്രധാനം. പതിവ് അച്ചാറുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവ രണ്ടും. സ്വന്തം കൃഷിയിടത്തിൽ നിന്നുള്ള  കുരുമുളകും ഇഞ്ചിയുമൊക്കെയാണ് ഷാലു അച്ചാറുണ്ടാക്കാൻ ഉപയോഗിക്കുന്നത്. 

ഉണങ്ങിയ കാടയിറച്ചി പായ്ക്ക് ചെയ്ത് ഡോഗ് ഫുഡായി വിൽക്കുന്നതാണ് മറ്റൊരു പുതുമ.   നാലായിരത്തോളം കാടകളെ വളർത്തുന്ന ഇദ്ദേഹം ‌കാടമുട്ടപ്പൊടിയും കൊണ്ടുവന്നിട്ടുണ്ട്. 40 ശതമാനം പ്രോട്ടീൻ അടങ്ങിയ കാടമുട്ടപ്പൊടി കുട്ടികൾക്ക് ഭക്ഷണത്തിൽ ചേർ‍ത്തു നൽകാൻ ഉത്തമമാണെന്നു ഷാലു പറഞ്ഞു.  സമ്മിശ്ര കർഷകനായ ഇദ്ദേഹം പൈനാപ്പിൾ, മത്സ്യം, പോത്തിറച്ചി, ചിക്കൻ അച്ചാറുകളും  അവതരിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ച് രുചിക്കൂട്ടുകളിൽ മാറ്റം വരുത്തിയ അച്ചാറുകളും ഇവിടെ ഓർഡർ ചെയ്യാം. ഇന്ത്യയിലെവിടെയും ഇവ കൊറിയർമാർഗം എത്തിച്ചുനൽകും.

മതിലരികിലെ കൃഷിക്ക് വാൾഗാർഡൻ

നഗരകർഷകർക്ക്  ഏറെ ഉപകാരപ്രദമായ അർബൻ ഗാർഡൻ മാതൃകകളുമായാണ് തിരുവല്ലയിലെ ഗ്രീൻ കൈരളി  കാർഷികമേളയിൽ പങ്കെടുക്കുന്നത്. മട്ടുപ്പാവിലും നടുമുറ്റത്തുമൊക്കെ സ്ഥാപിക്കാവുന്നതും ആവശ്യാനുസരണം അഴിച്ചുമാറ്റാവുന്നതുമായ പോർട്ടബിൾ റെയിൻ ഷെൽറ്റ(മഴമറ)റാണ് ഈ സ്റ്റാളിലെ മുഖ്യ ആകർഷണം.  കൂടാതെ മതിലുകളുടെ പിൻഭാഗം കൃഷിക്കായി ഉപയോഗപ്പെടുത്താൻ ഉപകരിക്കുന്ന വാൾ ഗാർഡനും ഇവിടുണ്ട്. മൊബൈൽ ആപ്പിന്റെ സഹായത്തോടെ വിദൂരത്തിരുന്നു നിയന്ത്രിക്കാവുന്ന തുള്ളിനന സംവിധാനം ഇവയോടൊപ്പം കൂട്ടിച്ചേർക്കാം. പല തട്ടുകളിലായി പരമാവധി ഗ്രോബാഗുകളിൽ കൃഷി നടത്താൻ സാധിക്കുന്ന പിരമിഡ് ഗാർഡനും  സ്ഥലപരിമിതിയുള്ള ബാൽക്കണികൾക്കു യോജിച്ച  വെർട്ടിക്കൽ ഗാർഡൻ സംവിധാനവും നഗരകർഷകരെ ആകർഷിക്കും.ബയോഗ്യാസ് സ്ലറി, ജീവാമൃതം, നാടൻപശുക്കളുടെ ഗോമൂത്രം, പോട്ടിങ്  മിക്സ്ചർ തുടങ്ങിയവയും ഇവിടെ വിൽപനയ്ക്കുണ്ട്.

കോഴിമുട്ടയും കുഞ്ഞും സർക്കാർ നിരക്കിൽ

നാടൻ കോഴിമുട്ടയും കോഴിക്കുഞ്ഞുങ്ങളുമൊക്കെ സർക്കാർ റേറ്റിൽ വാങ്ങാൻ കർഷകശ്രീ കാർഷികമേളയിൽ സുവർണാവസരം. മണർകാട് ഗവൺമെന്റ് പൗൾട്രി ഫാമിന്റെ സ്റ്റാളിലാണ്  നാലര രൂപ നിരക്കിൽ നാടൻകോഴിമുട്ട വിൽക്കുന്നത്. കൂടാതെ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെയും ഇന്നുമുതൽ ഇവിടെ ലഭിക്കും.  ഒരു ദിവസം പ്രായമായ ഗ്രാമശ്രീ പിടക്കുഞ്ഞുങ്ങളെ 22 രൂപയ്ക്കും പൂവൻകുഞ്ഞുങ്ങളെ 10 രൂപയ്ക്കും ലഭിക്കുമെന്ന് ഫാം മേധാവി ഡോ. പി.കെ. മനോജ്കുമാർ പറഞ്ഞു. അടുക്കളത്തോട്ടങ്ങൾക്ക് ഉത്തമമായ കോഴിക്കാഷ്ഠത്തിന്റെ 5 കിലോ പായ്ക്കറ്റ് 10 രൂപയ്ക്കാണ് ഇവർ വിൽക്കുന്നത്. 

poultry

മറ്റ്  സർക്കാർ ഏജൻസികളും തങ്ങളുടെ ഉൽപന്നങ്ങൾ വിപണനത്തിനെത്തിച്ചിട്ടുണ്ട്.  സ്പൈസസ് ബോർഡ് വിവിധ സുഗന്ധവ്യജ്ഞനങ്ങളും അവയുടെ സത്തുമാണ് ചെറിയ പാക്കറ്റുകളാക്കി . റബർ ബോർഡ് സ്റ്റാളിൽ സംസ്കരിച്ച റബർതടിയിൽ നിന്നുള്ള നിലവാരമേറിയ ഫർണിച്ചറുകൾ വാങ്ങാം. 

നറുക്കെടുപ്പിലൂടെ ഫലവൃക്ഷത്തൈകൾ സമ്മാനമായി ലഭിച്ചവർ

  • അടുക്കളത്തോട്ടം സെമിനാർ: ഒന്നാം സമ്മാനം– ജോയിമോൻ ജെ. വാക്കയിൽ , രണ്ടാം സമ്മാനം– ഇ.പി. സുലോ  വട്ടത്തിൽ പറമ്പിൽ, എം.എൻ.ഗോപാലകൃഷ്ണപണിക്കർ, അഞ്ജലി അരവിന്ദം
  • ഉദ്യാനപാലനം സെമിനാർ:  ഒന്നാം സമ്മാനം– ജയശ്രീ എം. കാപ്പിമഠം, രണ്ടാം സമ്മാനം– റെന്നി ആന്റണി, പ്ലാക്കിയിൽ, മൂന്നാം സമ്മാനം– സജി ഫിലിപ്പ്, കന്നുകുഴിയിൽ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com