ADVERTISEMENT

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകുന്ന വനം വകുപ്പിന്റെ ശുപാർശ തയാർ. നിലവിൽ വൈൽഡ് ലൈഫ് വാർഡനുള്ള അധികാരം ജനപ്രതിനിധികൾക്കു കൈമാറിക്കൊണ്ടുള്ള ശുപാർശ വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ അനുമതിയോടെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും. 

കാട്ടുപന്നികളെ നിയന്ത്രിക്കണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രഫ. മാധവ് ഗാഡ്ഗിൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടുകയും ഹൈക്കോടതി ചുരുക്കം കർഷകർക്ക് പന്നികളെ വേട്ടയാടാൻ അനുമതി നൽകുകയും ചെയ്ത സാഹചര്യത്തിലാണു നടപടി. കാട്ടുപന്നികളെ ‘ശല്യക്കാരായി’ പ്രഖ്യാപിച്ച് കൊന്നൊടുക്കാൻ കേന്ദ്രം അനുമതി നൽകാത്തതിനെ തുടർന്നാണ് സംസ്ഥാനം ബദൽ സാധ്യതകൾ തേടുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം ‘മനോരമ’ മുഖപ്രസംഗത്തിലും ആവശ്യപ്പെട്ടിരുന്നു.

വനാതിർത്തി പങ്കിടുന്ന പഞ്ചായത്ത് വാർഡുകളിൽ ഒഴികെ, പന്നിയെ വേട്ടയാടാനുള്ള അനുമതി നൽകാൻ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും അധികാരം നൽകുന്ന വിധത്തിലാണ് നടപടി. പഞ്ചായത്ത് പ്രസിഡന്റിന് ‘ഓണററി വൈൽഡ് ലൈഫ് വാർഡൻ’ പദവിയും സെക്രട്ടറിക്ക് ‘ഓതറൈസിങ് ഓഫിസർ’ പദവിയും നൽകാനാണ് ശുപാർശ. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഇവർക്കും കിട്ടും. കേന്ദ്രം നിരോധിച്ചിരിക്കുന്ന 4 മാർഗങ്ങൾ – വിഷം നൽകിയും വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും സ്ഫോടനം നടത്തിയും – പന്നിയെ കൊല്ലാൻ അനുവദിക്കില്ല. മാംസം ഭക്ഷണത്തിന് ഉപയോഗിക്കാൻ നിരോധനമുണ്ടാവും. ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കുഴിച്ചു മൂടണം. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളുടെ പരിധിയിൽ പന്നികളെ കൊല്ലുന്നതിൽ വനം വകുപ്പിന്റേതായിരിക്കും അന്തിമ തീരുമാനം.

Content Highlight: Wild Boar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com