ADVERTISEMENT

വളർത്തുമത്സ്യങ്ങളുടെ വിപണനത്തിലും വളർത്തലിനും നിയന്ത്രണമേർപ്പെടുത്തുന്ന ഫിഷറീസ് വകുപ്പിന്റെ തീരുമാനം ഈ മേഖലയിൽ പ്രവർത്തിക്കുന്ന കടയുടമകളെ പ്രതിസന്ധിയിലാക്കും. മേയ് മുതൽ ജൂലൈ വരെയാണ് വളർത്തുമത്സ്യങ്ങളെ ആവശ്യപ്പെട്ട് ചെറുകിട കർഷകർ അക്വേറിയം ഷോപ്പുകളിൽ എത്തുന്നത്. കടയുടമകളെ സംബന്ധിച്ചിടത്തോളം ബിസിനസ് ലഭിക്കുന്ന നാളുകളുമാണിത്. നിയന്ത്രണം വരുന്നതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന 4500ൽപ്പരം ഷോപ്പുകളും അതിനെ ആശ്രയിച്ചു ജീവിക്കുന്ന അര ലക്ഷത്തോളം പേരും പ്രതിസന്ധിയിലാകുമെന്നും അക്വേറിയം ആൻഡ് പെറ്റ് ഷോപ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

വൻകിട മത്സ്യക്കൃഷി ഫാമുകൾ അക്വേറിയം ഷോപ്പുകളിൽനിന്ന് കുഞ്ഞുങ്ങളെ വാങ്ങാറില്ല. വീട്ടാവശ്യത്തിനുവേണ്ടി ചെറിയ രീതിയിൽ മത്സ്യങ്ങളെ വളർത്തുന്നവർക്ക് വലിയ വിതരണക്കാരിൽനിന്ന് വാങ്ങാനും സാധിക്കില്ല. അതുകൊണ്ടുതന്നെ അത്തരക്കാർ ആശ്രയിക്കുന്നത് അക്വേറിയം ഷോപ്പുകളെയാണ്. അതുകൊണ്ടുതന്നെ അക്വേറിയം ഷോപ്പുകൾ വഴി വളർത്തുമത്സ്യങ്ങൾ വിൽക്കാൻ പാടില്ലെന്നുള്ള നിർദേശം വേണ്ടത്ര പഠനം നടത്താതെയുള്ളതാണ്. പഠനങ്ങൾ നടത്താതെ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ വ്യാപാരമേഖലയെ തകർക്കുമെന്നും അക്വേറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷനും (AKPSA) ഫിഷറീസ് വകുപ്പും സംയുക്തമായി കോട്ടയത്തു നടത്തിയ അക്വേറിയം ഷോപ്പ് ഉടമകൾക്ക് ലൈസൻസ്–ബോധവൽക്കരണ ക്യാമ്പിൽ എകെപിഎസ്എ അഭിപ്രായപ്പെട്ടു.

മൂന്നര പതിറ്റാണ്ടിലേറെയായി കോട്ടയം ജില്ലയിൽ മത്സ്യവിപണന രംഗത്തുള്ള അക്വേറിയം ഷോപ്പ് ഉടമകൾ അവർ വിപണനം നടത്തിവരുന്ന 130ൽപ്പരം മത്സ്യ ഇനങ്ങളുടെ പട്ടിക സംസ്ഥാന സീഡ് സെന്റർ സെക്രട്ടറിക്കു കൈമാറി. വ്യത്യസ്ത ഇനം മത്സ്യങ്ങളെ മത്സ്യ കർഷകരിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നത് കേരളത്തിലെ അക്വേറിയം പെറ്റ് ഷോപ്പുകളാണ്. കേരളത്തിൽ ഉൾനാടൻ മത്സ്യക്കൃഷിയും അലങ്കാര മത്സ്യക്കൃഷിയും ഇത്ര ജനപ്രിയമാക്കുന്നതിൽ അക്വേറിയം ഷോപ്പുകൾ വഹിച്ച പങ്കു വളരെ വലുതാണ്. കേരളത്തിൽ പ്രത്യേകിച്ച്  കോട്ടയം, ഇടുക്കി, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ ഉൾനാടൻ മത്സ്യകൃഷി വളരെയധികം മുന്നേറ്റം നടത്തിവരുന്ന സാഹചര്യമാണിത്. ഈ അവസരത്തിലാണ് മത്സ്യക്കുഞ്ഞുങ്ങളുടെ ഗുണനിലവാരം  ഉറപ്പാക്കാൻ കൊണ്ടുവന്ന നിയമത്തിന്റെ ചുവടുപിടിച്ച് കടുത്ത നിയന്ത്രണങ്ങൾ വളർത്തലിനും വിപണനത്തിനും  കൊണ്ടുവന്നിരിക്കുന്നത്. പരമ്പരാഗതമായി കൈകാര്യം ചെയ്തു വരുന്ന കാർപ്പ് മത്സ്യങ്ങ(കട്‌ല, രോഹു, മൃഗാൽ, ഗ്രാസ് കാർപ്പ്)ളിൽ നിന്നും തിലാപ്പിയ, നട്ടർ, വാള എന്നീ മത്സ്യങ്ങളിലേക്ക് ചെറുകിട മത്സ്യക്കർഷകർ വന്നതാണ് ഈ മേഖലയുടെ മുന്നേറ്റത്തിന് കാരണം. ‌‌

ട്രോളിംഗ് സമയത്ത് ഈ മത്സ്യങ്ങളാണ് മത്സ്യമാർക്കറ്റിലെ രാജാക്കന്മാർ. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ മാർക്കറ്റുകളിൽ എത്തുന്ന ഈ മത്സ്യങ്ങളെ കേരളത്തിൽ വളർത്തുന്നതിനും വിൽക്കുന്നതിനും കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചത് അക്വേറിയം ഷോപ്പ് ഉടമകളുടെയും ചെറുകിട ഉൾനാടൻ മത്സ്യ കർഷകരുടെയും കേരളത്തിലെ തന്നെ മത്സ്യക്കൃഷിയുടെയും  നാശത്തിലേക്കാണ് വഴി തുറക്കുക. ഇപ്പോൾത്തന്നെ കേരളത്തിലെ മത്സ്യമാർക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യങ്ങൾ തുച്ഛമായ വിലയ്ക്ക് കടന്നുകയറുകയാണ്. അതുകൊണ്ടുതന്നെ ഒട്ടേറെ കർഷകർ ഉൽപാദിപ്പിച്ച മത്സ്യങ്ങൾ വിൽക്കാനാവാതെ കടബാധ്യതയിലുമായിട്ടുണ്ട്. 

കേരളത്തിലെ മുഴുവൻ മത്സ്യക്കൃഷിയും തകർന്നതിനു ശേഷം അതിനെക്കുറിച്ച് ദുഃഖിച്ചിട്ടു കാര്യമില്ല. അടുത്തിടെ മത്സ്യവിപണിയിലെത്തുന്ന മത്സ്യങ്ങൾ എത്രത്തോളം നിലവാരമുള്ളവ ആയിരുന്നുവെന്ന് സംസ്ഥാന വ്യാപകമായി നടന്ന പരിശോധനകളിൽ തെളിഞ്ഞിരുന്നല്ലോ. ചീഞ്ഞതും വിഷം നിറഞ്ഞതുമായ മത്സ്യങ്ങൾ മാർക്കറ്റിൽ എത്താതിരിക്കാൻ മത്സ്യക്കൃഷിവ്യാപനം കൂടിയേ തീരൂ. ഇവിടെ മത്സ്യക്കൃഷി നിയന്ത്രിച്ച് ഇതര സംസ്ഥാനങ്ങളിലെ കൃഷിക്ക് ചുക്കാൻ പിടിക്കരുത്. വളർത്തുമത്സ്യങ്ങളെ ഇത്രയും ജനപ്രിയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച അക്വേറിയം ഷോപ്പ് ഉടമകളുടെ വിലയറിയാൻ വൈകിയാൽ പിന്നെ ഒരു തിരിച്ചുവരവ് നടത്താനാകാത്തവിധം ഈ മേഖല തകരും. കോട്ടയം, ഇടുക്കി പോലുള്ള ഉൾനാടൻ മത്സ്യക്കൃഷി കൂടുതലുള്ള മേഖലകളിൽ ഒരു സീസണിൽ അലങ്കാരമത്സ്യങ്ങളും അടുത്ത സീസണിൽ വളർത്തു മത്സ്യങ്ങളും വിറ്റ് ജീവിക്കുന്ന കടയുടമകൾക്ക് ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ തിരിച്ചടി ആകുമെന്നും എകെപിഎസ്എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

എകെപിഎസ്എ സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മുതുപുന്നയ്ക്കൽ, എകെപിഎസ്എ സംസ്ഥാന സെക്രട്ടറി രാജേഷ് കണ്ണൂർ, കോട്ടയം ജില്ലാ പ്രസിഡന്റ് പിജെ ജോസഫ്, കോട്ടയം ജില്ലാ സെക്രട്ടറി തോമസുകുട്ടി വരിക്കയിൽ, വിജി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ കടയുടമകൾ ലൈസൻസ്–ബോധവൽക്കരണ ക്യാമ്പിൽ പങ്കെടുത്തു.  സംസ്ഥാന മത്സ്യ വിത്ത്കേന്ദ്രം സെക്രട്ടറി എച്ച്. സലിം ക്ലാസ് നയിച്ചു.

English summary: New Restrictions Will Destroy Aquarium Shops- said AKPSA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com