ADVERTISEMENT

കേരളത്തിലെ മത്സ്യക്കർഷകർക്ക് സന്തോഷ വാർത്ത നൽകിക്കൊണ്ട് ഇന്ത്യ തിലാപ്പിയ സമ്മിറ്റ് 2022 കൊച്ചിയിൽ നടന്നു. കേരളത്തിലെ ക്ഷണിക്കപ്പെട്ട ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്‍ഡ് ഫാംഡ് തിലാപ്പിയ) മത്സ്യക്കർഷകർ പങ്കെടുത്ത സമ്മിറ്റിൽ ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളുടെ വില കുറച്ചതായി സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാനും രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ പ്രസിഡന്റുമായ ഡോ. കെ.എൻ.രാഘവൻ പ്രഖ്യാപിച്ചു. കർഷകരുടെ നിരന്തരമായുള്ള ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. ഇനിമുതൽ ആർജിസിഎയുടെ വല്ലാർപാടത്തുള്ള മൾട്ടിസ്പീഷിസ് അക്വാകൾച്ചർ കോംപ്ലെക്സിൽനിന്ന് (എംഎസി) 3.5 രൂപ മുതൽ ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെ കർഷകർക്കു ലഭിക്കും. നേരത്തെ 6 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്.

വലുപ്പമനുസരിച്ച് 4 വിലകളിൽ എംഎസിയിൽനിന്ന് ഗിഫ്റ്റ് കുഞ്ഞുങ്ങളെ ലഭിക്കും. 1.5 മുതൽ 2.5 വരെ സെ.മീ. വലുപ്പമുള്ള കുഞ്ഞുങ്ങൾക്കാണ് 3.5 രൂപ. 2.6 മുതൽ 4 വരെ സെ.മീ. വലുപ്പമുള്ള കുഞ്ഞുങ്ങൾക്ക് 6 രൂപയും 4.1 മുതൽ 6 വരെ സെ.മീ. വലുപ്പമുള്ളവയ്ക്ക് 8 രൂപയും 6.1 മുതൽ 8 വരെ സെ.മീ. വലുപ്പമുള്ളവയ്ക്ക് 10 രൂപയുമാണ് വില.

കർഷകർക്ക് കുഞ്ഞുങ്ങളുടെ ലഭ്യത ഉയർത്തുന്നതിനായി ഉൽപാദനം വർധിപ്പിക്കാനുള്ള നടപടികളും ആർജിസിഎ സ്വീകരിച്ചിട്ടുണ്ടെന്നും 5 മൂല്യങ്ങളോടെയാണ് ആർജിസിഎ ഗിഫ്റ്റ് മത്സ്യങ്ങളെ വിതരണം ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു. തിലാപ്പിയ ലേക്ക് വൈറസ് ഉൾപ്പെടെയുള്ള രോഗങ്ങളില്ല എന്ന് ഉറപ്പുവരുത്തുന്നു, സെലക്ടീവ് ബ്രീഡിങ്ങിലൂടെ ഉൽപാദിപ്പിക്കുന്ന നിലവാരമുള്ള കുഞ്ഞുങ്ങൾ, ദ്രുതവളർച്ച, രുചിയിൽ മുൻപിൽ, മികച്ച അതിജീവനനിരക്ക് എന്നിവയാണ് ഗിഫ്റ്റ് മത്സ്യങ്ങളുടെ 5 മൂല്യങ്ങൾ.

ആർജിസിഎയുടെ വല്ലാർപാടം എംഎസിയിൽ ഗിഫ്റ്റ് മത്സ്യക്കുഞ്ഞുങ്ങളെ എങ്ങനെ ഉൽപാദിപ്പിക്കുന്നു എന്നത് വിശദമായി അറിയാൻ വിഡിയോ കാണാം

English summmary: The price of GIFT seeds from Multi-species Aquaculture Complex on Vallarpadam was Reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com