മത്തി പൊള്ളും! ലഭ്യതയിൽ വൻ ഇടിവ്, മത്സ്യത്തൊഴിലാളികൾക്ക് കനത്ത നഷ്ടം: കാരണം ഇതാണ്

sardne-availability-dropped
SHARE

‌അനിയന്ത്രിത ചെറുമത്സ്യബന്ധനം കാരണം കേരളത്തിന്റെ സമുദ്രമത്സ്യമേഖലയ്ക്ക് വലിയ നഷ്ടമുണ്ടാകുന്നെണ്ടെന്ന് വിലയിരുത്തൽ. കഴിഞ്ഞ വർഷം കേരളത്തിൽ പിടിച്ച കിളിമീനുകളിൽ 31 ശതമാനവും നിയമപരമായി പിടിക്കാവുന്ന വലുപ്പത്തിനേക്കാൾ (എംഎൽഎസ്) ചെറുതായിരുന്നുവെന്നും ഈ ഗണത്തിൽ മാത്രം കഴിഞ്ഞ വർഷം 74 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സമുദ്രമത്സ്യമേഖലയ്ക്ക് സംവിച്ചിട്ടുള്ളതെന്നും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാലയിൽ വിദഗ്ധർ പറഞ്ഞു. ചെറുമീനുകളെ പിടിച്ചു കയറ്റുന്നതിലൂടെ സാമ്പത്തിക നഷ്ടത്തോടൊപ്പം മത്സ്യസമ്പത്ത് കുറയുന്നതിനും കാരണമാകുമെന്ന് അവർ പറഞ്ഞു.

കേരളത്തിലെ സമുദ്രമത്സ്യബന്ധനവും സുസ്ഥിരവികസനവും എന്ന വിഷയത്തിൽ വിവിധ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ പങ്കാളിത്തത്തോടെയാണ് ശിൽപശാല നടന്നത്.

മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് അധ്യക്ഷത വഹിച്ചു. മണ്ണെണ്ണ വിലക്കയറ്റവും മത്തിയുടെ കുറവും കാരണം മത്സ്യമേഖല ദുരിതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ദുരിതത്തിൽ നിന്ന് കരകയറാൻ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ദുരിതാശ്വാസ പാക്കേജുകളോ സബ്‌സിഡികളോ അനുവദിക്കണം. ചെറുമീനുകളെ പിടിക്കുന്നതിന് തടയിടാൻ കൂട്ടായ ശ്രമങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധനയാനങ്ങൾക്ക് നിയന്ത്രണം വേണം. ചെറുമീനുകളെ പിടിക്കുന്നത് തടയുന്ന എംഎൽഎസ് നിയമം എല്ലാ തീരദേശസംസ്ഥാനങ്ങളിലും ഒരുപോലെ നടപ്പിലാക്കണം. കാലാവസ്ഥാവ്യതിയാനം, മലിനീകരണം എന്നിവയും സമുദ്രമത്സ്യസമ്പത്തിന് വിനയാകുന്നുണ്ടെന്നും ശിൽപശാലയിൽ അഭിപ്രായമുയർന്നു.

സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. ടി.എം.നജ്മുദ്ദീൻ, ഡോ. എൻ.അശ്വതി, സിഐഎഫ്ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് എം.വി. ബൈജു, എംപിഇഡിഎയെ പ്രതിനിധീകരിച്ച് എൻ.കെ. സന്തോഷ് എന്നിവർ വിഷയമവതരിപ്പിച്ചു. ‌ഡോ. പി. ലക്ഷ്മിലത, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ എം.എസ്.സാജു, ടി.വി.ജയൻ പ്രസംഗിച്ചു. വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ, ശാസ്ത്രജ്ഞർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

sardne-availability-dropped-1
കേരളത്തിലെ സമുദ്രമത്സ്യബന്ധനവും സുസ്ഥിരവികസനവും എന്ന വിഷയത്തിൽ മത്സ്യത്തൊഴിലാളി-ബോട്ടുടമ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാല

മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ്

കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഫആർഐ) പഠനം. കഴിഞ്ഞ വർഷം കേവലം 3297 ടൺ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച്  75 ശതമാനം കുറവുണ്ടായി. മത്തിയുടെ ലഭ്യതയിൽ 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറഞ്ഞത്. 

കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021ൽ 5.55 ലക്ഷം ടണ്ണാണ്. കോവിഡ് കാരണം മീൻപിടുത്തം വളരെ കുറഞ്ഞ 2020നേക്കാൾ 54 ശതമാനം വർധനയാണ് ആകെ മത്സ്യലഭ്യതയിലുള്ളത്. 2020ൽ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകൾ എന്ന് വിളിക്കപ്പെടുന്ന ലെസർ സാർഡിനാണ്. 65,326 ടൺ.  അയലയും തിരിയാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചാള, മണങ്ങ്, മുള്ളൻ, ആവോലി എന്നിവ കുറഞ്ഞപ്പോൾ ചെമ്മീൻ, കൂന്തൽ, കിളിമീൻ എന്നിവയുടെ ലഭ്യതയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്ന് സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിൽ സംസാരിക്കവെ പ്രിസൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.എം.നജ്മുദ്ദീൻ പറഞ്ഞു.

ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് കനത്ത നഷ്ടം

കഴിഞ്ഞ കുറച്ചു വർഷങ്ങളായി മത്തിയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവ് കാരണം മത്സ്യമേഖലയിലാകെയും  ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേകിച്ചും കനത്ത നഷ്ടമുണ്ടായതായി സിഎംഎഫ്ആർഐയുടെ പഠനത്തിൽ കണ്ടെത്തി. 2014ൽ ലാൻഡിങ് സെന്ററുകളിൽ ലഭിച്ചിരുന്ന മത്തിയുടെ വാർഷിക മൂല്യം 608 കോടി രൂപയായിരുന്നത് 2021ൽ 30 കോടി രൂപയായി കൂപ്പുകുത്തി. 578 കോടി രൂപയടെ നഷ്ടമാണ് മത്സ്യമേഖലയിൽ സംഭവിച്ചതെന്ന് സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എൻ.അശ്വതിയുടെ നേതൃത്വത്തിൽ നടന്ന പഠനം വെളിപ്പെടുത്തുന്നു. മത്തിയെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന ചെറുകിട മത്സ്യത്തൊഴിലാളികൾക്കാണ് കൂടുതൽ നഷ്ടമുണ്ടായത്. മറ്റ് മീനുകളുടെ ലഭ്യത കൂടിയെങ്കിലും മത്തിയുടെ കുറവ് കാരണം ഇവർക്ക് ഇക്കാലയളവിൽ 26 ശതമാനം വരെ നഷ്ടമുണ്ടായി.

ഇക്കാലയളവിൽ ഇവരുടെ വാർഷിക വരുമാനം 3.35 ലക്ഷം രൂപയിൽ നിന്നും 90262 രൂപയായി കുറഞ്ഞു. കടലിൽ പോകുന്ന പ്രവൃത്തി ദിവസങ്ങൾ 237 ൽ നിന്നും 140 ദിവസമായി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു. 

English summary: Sardine catch drops by 75% in Kerala

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS