‘എംറൂബി’ലൂടെ വിൽക്കുന്ന റബറിന് മെട്രിക് ടണ്ണിന് ഒരു രൂപ നിരക്കില്‍ ഗുണമേന്മാ സര്‍ട്ടിഫിക്കേഷന്‍

rubber-sheet
SHARE

പ്രകൃതിദത്ത റബറിന്റെ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോമായ  ‘എംറൂബ്’(mRube) പോര്‍ട്ടലിലൂടെ വ്യാപാരം നടത്തുന്ന റബറിന് കുറഞ്ഞ നിരക്കില്‍ ഗുണമേന്മാ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള പദ്ധതി ആരംഭിക്കുന്നു. പോര്‍ട്ടലിലൂടെ വ്യാപാരം ചെയ്യുന്ന ഉൽപന്നനിര്‍മാതാക്കളില്‍നിന്ന് ഒരു മെട്രിക് ടണ്‍ റബറിന് ഒരു രൂപ എന്ന നിരക്ക് ഈടാക്കിക്കൊണ്ടായിരിക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുക. പ്രകൃതിദത്തറബറിന്റെ ആഭ്യന്തര വിതരണശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് റബര്‍ബോര്‍ഡ് ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുള്ളത്.

കച്ചവടം ചെയ്യുന്ന റബറിന്റെ ഗുണമേന്മ സംബന്ധിച്ച് നിർമാതാക്കള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍, ഉദ്ദേശിക്കുന്ന തരത്തില്‍ ഗുണമേന്മയുള്ള റബര്‍ വാങ്ങുന്നതില്‍ ടയറിതരമേഖല പലപ്പോഴും പരാജയപ്പെടുന്നു. വ്യാപാരം കൂടുതലും നടക്കുന്നത് പരസ്പരമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ടയറിതര മേഖലയ്ക്കാകട്ടെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള കൃത്യമായ സംവിധാനമില്ല. ഇത് അപൂര്‍വമായി വ്യാപാരത്തര്‍ക്കങ്ങളിലേക്ക് നയിക്കാറുമുണ്ട്.

‘എംറൂബി’ല്‍ റബര്‍ബോര്‍ഡ് എര്‍പ്പെടുത്തിയിരിക്കുന്ന ഗുണമേന്മാസര്‍ട്ടിഫിക്കേഷന്‍ സംവിധാനം എല്ലാ ഉപയോക്താക്കള്‍ക്കും ചുരുങ്ങിയ ചെലവില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഉൽപാദകസ്ഥലങ്ങളില്‍നിന്ന് ദൂരെയുള്ളവരും സ്വന്തമായി ഗുണമേന്മാ പരിശോധനാ സൗകര്യങ്ങളില്ലാത്തവരുമായ ഉപയോക്താക്കളുണ്ട്. വാങ്ങുന്ന റബറിന്റെ ഗുണമേന്മ സംബന്ധിച്ച് അത്തരക്കാര്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനാണ് ഈ സൗകര്യം ചേര്‍ത്തിരിക്കുന്നത്. ഗുണമേന്മ വിലയിരുത്താന്‍ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ ആഭ്യന്തര റബര്‍വ്യാപാരത്തില്‍ വലിയ മാറ്റമുണ്ടാകുമെന്ന് റബർബോർഡ് പ്രതീക്ഷിക്കുന്നു.

‘എംറൂബി’ല്‍ ആര്‍എസ്എസ്, ഐഎസ്എന്‍ആര്‍, കോണ്‍സെന്‍ട്രേറ്റഡ് ലാറ്റക്സ് എന്നീ ഗ്രേഡുകള്‍ക്കുള്ള ഈ പ്രത്യേക ഗുണമേന്മാ സര്‍ട്ടിഫിക്കേഷന്‍ പദ്ധതി ജൂലൈ 11 മുതല്‍ 30 ദിവസത്തേക്ക് പ്രയോജനപ്പെടുത്താം. പ്രതിദിനം ഒരു ഇന്‍വോയ്സിന് പത്ത് മെട്രിക് ടണ്‍ വരെ റബര്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഗുണമേന്മാ സര്‍ട്ടിഫിക്കേഷനു വേണ്ടി ഓരോ ലൈസന്‍സിക്കും ആഴ്ചയില്‍ രണ്ട് അപേക്ഷകള്‍ മാത്രമേ അനുവദനീയമാകൂ. അതേസമയം അളവില്‍ നിയന്ത്രണങ്ങളില്ലാതെ പോര്‍ട്ടലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാധാരണ നിരക്കുകളില്‍ എത്ര ഗുണമേന്മാ സര്‍ട്ടിഫിക്കേഷനുകള്‍ വേണമെങ്കിലും  ലഭ്യമാക്കാവുന്നതുമാണ്.

പ്രകൃതിദത്ത റബറിന്റെ ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്ഫോമായ ‘എംറൂബ്’ ജൂണ്‍ 8നാണ് പ്രവര്‍ത്തനക്ഷമമായത്. നിലവില്‍ 500ലധികം പേര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ടയര്‍, ടയറിതരമേഖലകളില്‍നിന്നുള്ള റബറുൽപന്ന നിർമാതാക്കളാണ്. ദേശീയ അവധി ദിവസങ്ങള്‍ ഒഴികെ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ‘എംറൂബി’ലെ വ്യാപാരസമയമെന്ന് റബർ ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

English summary: mRube to offer a quality certification scheme at Rs.1  per metric tone of rubber

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS