ADVERTISEMENT

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ മണ്ണുത്തിയിലെ ഫാമുകളിലെ തൊഴിലാളി സമരം അവസാനിച്ചു. റജിസ്ട്രാറുടെയും ഫാം ഡയറക്ടറുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍പ് അധികൃതര്‍ സ്വീകരിച്ച നടപടി അംഗീകരിച്ചാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചതെന്ന് ഫാമിന്റെ ചുമതലയുള്ള ഡോ. ശ്യാം മോഹന്‍ കര്‍ഷകശ്രീ ഓണ്‍ലൈനോടു പറഞ്ഞു.

ഡെയറി ഫാമില്‍ പാല്‍ അടങ്ങിയ ക്യാന്‍ വാഹനത്തില്‍ വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളില്‍നിന്നാണ് തൊഴിലാളികള്‍ ശനിയാഴ്ച മുതല്‍ സമരം തുടങ്ങിയത്. സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് സമരത്തിനിറങ്ങിയത്. ഡെയറി ഫാമിലെ 45 തൊഴിലാളികള്‍ ഉള്‍പ്പെടെ 170ലധികം തൊഴിലാളികള്‍ സമരത്തിന് ഇറങ്ങിയതോടെയാണ് മണ്ണുത്തി വെറ്ററിനറി കോളജ് ക്യാംപസിലെ എട്ടോളം ഫാമിലെ മൂവായിരത്തോളം ജീവികള്‍ പട്ടിണിയിലായത്.

തൊഴിലാളികള്‍ പണിമുടക്കിയാലും ഫാമിലെ ജീവജാലങ്ങള്‍ പട്ടിണിയാവാതിരിക്കാന്‍ അധ്യാപകരും വിദ്യാര്‍ഥികളും കയ്യും മെയ്യും മറന്ന് പണിയെടുത്തു. എന്തുവന്നാലും മൃഗങ്ങളെ പട്ടിണിക്കിടില്ലെന്നായിരുന്നു തങ്ങളുടെ തീരുമാനമെന്ന് ഡോ. ശ്യാം. വിദ്യാര്‍ഥികളും അധ്യാപകരും സ്ഥിരമായി ചെയ്യുന്ന ജോലി ആയിരുന്നില്ല എന്നതിനാല്‍ ബുദ്ധിമുട്ടുകളേറെയുണ്ടായിരുന്നു. കറവയും തീറ്റ നല്‍കലുമെല്ലാം ബുദ്ധിമുട്ടിലായി എന്നും ഡോ. ശ്യാം പറഞ്ഞു. ഫാമിലെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതും വിദ്യാര്‍ഥികളും അധ്യാപകരും ഫാമിലെ പണിയെടുക്കുന്ന വിവരങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് സമരം ഇത്രവേഗം അവസാനിച്ചത്. ഇതിന് മാധ്യമങ്ങളോട് നന്ദി അറിയിക്കുന്നതായും ഡോ. ശ്യാം മോഹന്‍ കൂട്ടിച്ചേര്‍ത്തു.

ഫാമിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്ന സാഹചര്യത്തിലാണ് തൊഴിലാളിയുടെ മേല്‍ അച്ചടക്ക നടപടി എടുക്കേണ്ടിവന്നത്. ഡെയറി ഫാമില്‍നിന്ന് ക്യാംപസിനുള്ളില്‍ത്തന്നെയുള്ള തീറ്റപ്പുല്‍ക്കൃഷി വിഭാഗത്തിലേക്കാണ് ആ തൊഴിലാളിയെ മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. എന്നാല്‍, തിരികെ ഫാമിലേക്ക് നിയമിക്കില്ലെന്ന അധികൃതരുടെ തീരുമാനം തൊഴിലാളികള്‍ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു. ഇന്നു വൈകുന്നേരമാണ് സമരം അവസാനിപ്പിച്ചതായുള്ള തീരുമാനം വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com