മൂവായിരത്തോളം മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് മണ്ണുത്തി ഫാമിൽ തൊഴിലാളികളുടെ സമരം

മണ്ണുത്തി വെറ്ററിനറി സർവകലാശാല ഫാമിലെ മിൽക്കിങ് യൂണിറ്റിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് പാൽ കറന്നെടുക്കുന്നു.
മണ്ണുത്തി വെറ്ററിനറി സർവകലാശാല ഫാമിലെ മിൽക്കിങ് യൂണിറ്റിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് പാൽ കറന്നെടുക്കുന്നു.
SHARE

കേരള വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി വെറ്ററിനറി കോളേജ് ലൈവ്സ്റ്റോക് ഫാമിൽ തൊഴിലാളി സമരത്തെത്തുടർന്ന് യാതന അനുഭവിച്ച് പശുക്കൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ. അടിയന്തര സേവന പരിധിയിൽ ഉൾപ്പെടുന്ന ഈ മേഖലയിൽ നാലു ദിവസമായി തൊഴിലാളി സമരം നടക്കുകയാണ്. നൂറിൽപരം കറവപ്പശുക്കൾ ഉൾപ്പെടെ മൂവായിരത്തോളം പക്ഷിമൃഗാദികൾ ഫാമിലുണ്ട്. തൊഴിലാളി സമരത്തെത്തുടർന്ന് വെറ്ററിനറി വിദ്യാർഥികളെയാണ് ഇപ്പോൾ ഫാമിലെ ജീവജാലങ്ങളുടെ പരിചരണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. 

ഡെയറി ഫാമിലെ ഒരു തൊഴിലാളിയെ സ്ഥലം മാറ്റിയതിനെത്തുടർന്നാണ് മുഴുവൻ തൊഴിലാളികളും പണിമുടക്കിയിരിക്കുന്നത്. സമരം ഒത്തുതീർപ്പാക്കാൻ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിട്ടും ജീവനക്കാർ വഴങ്ങിയില്ല. ഇതേതുടർന്ന് നിയമപ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുകയാണ് അധികൃതർ. മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം, കേരള എസൻഷൽ സർവീസ് മെയിന്റനൻസ് ആക്റ്റ് (ESMA) എന്നിവ പ്രകാരം നടപടി സ്വീകരിക്കാനാണ് ഫാം ഡയറക്ടറുടെ തീരുമാനം. സമരം മൂലം എന്തെങ്കിലും നഷ്ടം ഫാമിന് ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സമരം ചെയ്യുന്നവർക്ക് ആണെന്നും ഡയറക്ടറുടെ നോട്ടീസിൽ ഉണ്ട്. 

കൂടാതെ പൊതുമുതലിന് കോട്ടം വരുന്ന വിധത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടിവരുമെന്നും സ്ഥാനക്കയറ്റം പോലുള്ള കാര്യങ്ങൾ തടയേണ്ടിവരുമെന്നും നോട്ടീസിൽ ഉണ്ട്.

‍ഡെയറി ഫാമിൽ ഒരു തൊഴിലാളിക്ക് 13 പശുക്കളെയാണ് നോക്കാനുള്ളത്. ഒരു തൊഴിലാളിയോട് കറന്ന പാൽ വാഹനത്തിൽ കയറ്റാൻ പറഞ്ഞതാണ് പ്രകോപനമായത്. ഇപ്പോൾ പരിചരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും തടസ്സപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്.

പട്ടിണിയിട്ടു വേണോ സമരം?

സംരക്ഷിത മേഖലയിൽ പാർപ്പിച്ചിരിക്കുന്ന പക്ഷിമൃഗാദികള്‍ക്ക് ക‌ൃത്യമായി തീറ്റയും വെള്ളവും നൽകിയില്ലെങ്കിൽ അത് അവയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അത് ക്രമേണ വലിയ നഷ്ടത്തിലേക്ക് എത്തുകയും ചെയ്യും. സർക്കാർ ഫാമുകളിൽ 20 പശുക്കളെ ഒരാൾ പരിചരിക്കണം എന്ന ചട്ടം നിലനിൽക്കെ ഇവിടെ അത് 13 ആണ്. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയുമാണ് ജോലി സമയം. പശുവിനെ കറന്നാൽ 20 രൂപ അലവൻസുണ്ട്. കൂടാതെ അര ലീറ്റര്‍ പാലും ലഭിക്കും. 

മൃഗങ്ങളെ പരിചരിക്കാൻ നിയോഗിക്കപ്പെട്ടവർ അത് ചെയ്യാൻ വിസമ്മതിക്കുമ്പോൾ കഷ്ടത്തിലാകുന്നത് ആ സാധു ജീവികളാണ്. സമരം നടത്തുന്നവർക്കെതിരെ മൃഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം കേസെടുക്കണം. തൊഴിലാളികൾക്ക് പകരം വിദ്യാർഥികൾ ജോലി ഏറ്റെടുത്തിട്ടുണ്ടെങ്കിലും സ്ഥിരമായി പരിചരിച്ചവരെപ്പോലെ ശ്രദ്ധിക്കാൻ കഴിയില്ല. അതുതന്നെ വലിയ പ്രശ്നമാണ്. കൃത്യമായി കറവ നടന്നില്ലെങ്കിൽ പശുക്കളുടെ അകിടിന് നീരു വരികയും അത് പാൽ വറ്റിപ്പോകുന്നതിനോ അകിടു വീക്കത്തിനോ കാരണമാകുകയും ചെയ്യും.

പശു, പന്നി, എരുമ, മുയൽ, തീറ്റപ്പുൽ തുടങ്ങി എട്ടോളം ഫാമുകളാണ് മണ്ണുത്തി ക്യാമ്പസിലുള്ളത്. ഇന്റേൺഷിപ്, ഗവേഷണ വിദ്യാർഥികളാണ് ഇപ്പോൾ ഇവയുടെ പരിചരണം ഏറ്റെടുത്തിട്ടുള്ളത്. അവരുടെ പഠനകാര്യങ്ങൾ മാറ്റിവച്ചാണ് മൃഗങ്ങളെ പരിപാലിക്കുന്നത്. സൂപ്പർവൈസർമാർ നിർദ്ദേശിച്ച ജോലി ചെയ്യാത്തതിനെത്തുടർന്ന ഒരു തൊഴിലാളിയെ ഡെയറി ഫാമിൽനിന്ന് തീറ്റപ്പുൽ വിഭാഗത്തിലേക്ക് മാറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഫാമിന്റെ ചുമതലയുള്ള ഡോ. ശ്യാം മോഹൻ മനോരമ ന്യൂസിനോട് പറഞ്ഞു.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS