ADVERTISEMENT

ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് പന്നികളെ കൊണ്ടുവരുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് അതിർത്തി കടന്ന് പന്നിയും പന്നിമാംസവും കേരളത്തിലേക്ക് വൻ തോതിൽ എത്തുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ആഫ്രിക്കൻ സ്വൈൻ ഫീവർ (ആഫ്രിക്കൻ പന്നിപ്പനി) പടർന്നുപിടിച്ച സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കേരളത്തിലേക്കുള്ള പന്നിവരവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്. 

പന്നി, പന്നിമാംസം, പന്നിക്കാഷ്ഠം ഉപയോഗിച്ചുള്ള വളം മുതലായവ കേരളത്തിനു പുറത്തുനിന്ന് കൊണ്ടുവരാൻ പാടില്ലെന്നാണ് ജൂലൈ 14ന് ഇറങ്ങിയ ഉത്തരവിലുള്ളത്. 30 ദിവസത്തേക്കാണ് നിലവിൽ ഈ വിലക്കുള്ളത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കേസെടുക്കാനും ഉത്തരവിലുണ്ട്.

എന്നാൽ, ഈ ഉത്തരവ് ലംഘിച്ചാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ ജീവനോടെയും മാംസമാക്കിയും കേരളത്തിലേക്ക് കടത്തുന്നത്. പന്നികളിൽനിന്ന് പന്നികളിലേക്ക് അതിവേഗം പകരുന്ന രോഗമായതിനാലും പ്രതിരോധ കുത്തിവയ്പ്പോ മരുന്നുകളോ ഇല്ലാത്തതിനാലും കേരളത്തിലെ പന്നിക്കർഷകർ ഭീതിയിലാണ്. ആന്ധ്ര, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഇവിടെക്ക് വ്യാപകമായി പന്നികൾ എത്തുന്നതുകൊണ്ടുതന്നെ രോഗവ്യാപനവും ഉണ്ടാകാം. ആന്ധ്രപ്രദേശിലും ആഫ്രിക്കൻ പന്നിപ്പനി എത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇന്നലെ കണ്ണൂരും പാലക്കാട്ടും ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന വാഹനങ്ങൾ കർഷക സംഘടനകളുടെ നേതൃത്വത്തിൽ കർഷകർ തടഞ്ഞു. തമിഴ്നാട് ഒട്ടചത്രം, സേലം എന്നിവിടങ്ങളിൽനിന്നു വന്ന 3 വാഹനങ്ങളാണ് പാലക്കാട് തടഞ്ഞത്. തമിഴ്നാട്ടിൽനിന്നുള്ള 70 പന്നികളായിരുന്നു ഒട്ടചത്രത്തിൽനിന്നു വന്ന വാഹനത്തിൽ ഉണ്ടായിരുന്നത്. മറ്റൊരു വാഹനത്തിൽ പഞ്ചാബിൽനിന്ന് തമിഴ്നാട്ടിലെത്തിച്ചശേഷം കേരളത്തിലേക്ക് കടത്തിയവയും. ഇതിൽ 40 പന്നികളാണ് ഉണ്ടായിരുന്നത്. കേരള റജിസ്ട്രേഷനിലുള്ള മൂന്നാമത്തെ വാഹനം വടക്കഞ്ചേരിയിൽവച്ച് തടഞ്ഞെങ്കിലും പന്നികളെ വിതരണം ചെയ്തു കഴിഞ്ഞിരുന്നു. അതിർത്തിയിൽനിന്ന് കേരള റജിട്രേഷൻ വാഹനത്തിൽ കയറ്റിയാണ് ഇവിടേക്ക് കടത്തുന്നത്. 

pig-farmers-protest-1
പാലക്കാടെത്തിയ വാഹനത്തിനുള്ളിലെ പന്നികൾ

നെന്മാറ പൊലീസ് കേസ് എടുത്ത് വാഹനങ്ങൾ തിരിച്ചയച്ചു. കേസെടുക്കാൻ വകുപ്പില്ലെന്നായിരുന്നു പൊലീസ് നിലപാടെന്നും മൃഗസംരക്ഷണ വകുപ്പ് ഇടപെട്ടാണ് കേസ് എടുക്കാൻ നിർദേശിച്ചതെന്നും എൽഎസ്എഫ്എ ഭാരവാഹികൾ കർഷകശ്രീയോടു പറഞ്ഞു.

pig-farmers-protest-2
കണ്ണൂർ ഇരിട്ടിയിൽ പിഗ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പിടികൂടിയ പന്നിമാംസം

കണ്ണൂർ ജില്ലയിലെ വള്ളിത്തോട് മുതൽ മുതൽ ഇരിട്ടി വരെയുള്ള പഞ്ചായത്തുകളിൽ വിതരണത്തിനെത്തിച്ച പന്നിയിറച്ചിയാണ് പിഗ് ഫാർമേഴ്സ് അസോസിയേഷന്റെ (പിഎഫ്എ) നേതൃത്വത്തിൽ കർഷകർ ഇരിട്ടിയിൽ തടഞ്ഞത്. ആന്ധ്രയിൽനിന്ന് പന്നികളെ കർണാടകയിൽ എത്തിച്ചശേഷം കൊന്ന് ഇറച്ചിയാക്കിയാണ് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിന് എത്തിക്കുന്നത്. ആഫ്രിക്കൻ പന്നിപ്പനി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കർഷകർ ജാഗ്രത സമിതി രൂപീകരിച്ച് ഇരിട്ടിയിൽ രാത്രി മൂന്നു മുതൽ കാത്തിരുന്ന് പുലർച്ചെ അഞ്ചിന് വാഹനം പിടികൂടുകയായിരുന്നു. വാഹനം പിടിച്ചെടുത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്‌പോസ്റ്റിൽ ഏൽപ്പിച്ചു. പൊലീസിൽ അറിയിച്ചപ്പോൾ കേസ് എടുക്കാൻ വകുപ്പില്ലെന്നായിരുന്നു പ്രതികരണമെന്ന് പിഎഫ്എ ഭാരവാഹികൾ പറഞ്ഞു. പന്നി എന്താണെന്നുപോലും അറിയില്ലാത്ത മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു സ്ഥലത്തുണ്ടായിരുന്നതെന്നും അദ്ദേഹത്തിന് കേസ് എടുക്കാൻ താൽപര്യമില്ലായിരുന്നെന്നും പിഎഫ്എ.

ആഫ്രിക്കൻ പന്നിപ്പനിക്കെതിരേ കർഷകർക്ക് ബോധവൽകരണ ക്ലാസുകൾ വിവിധ പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് നടത്തുന്നുണ്ട്. എന്നാൽ, കർഷകർ എത്രയൊക്കെ ശ്രദ്ധിച്ചാലും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പന്നിക്കടത്ത് അവസാനിപ്പിക്കാതെ കർഷകർക്ക് മാത്രമുള്ള ബോധവൽകരണം പ്രയോജനം ചെയ്യില്ല. ഏതെങ്കിലും സാഹചര്യത്തിൽ ഇങ്ങനെയെത്തുന്ന പന്നികളിലൂടെ രോഗമെത്തിയാൽ അതിവേഗം ചുറ്റുവട്ടത്തുള്ള പന്നികളിലേക്ക് വ്യാപിക്കാം. ഒരു പ്രദേശത്ത് രോഗം റിപ്പോർട്ട് ചെയ്താൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊന്നു കുഴിച്ചുമൂടുകയല്ലാതെ നിയന്ത്രണത്തിന് മറ്റു വഴികളില്ല. അതുകൊണ്ടുതന്നെയാണ് കർഷകർ വാഹനങ്ങൾ തടയാൻ മുന്നിട്ടിറങ്ങിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പന്നിസമ്പത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒട്ടേറെ കർഷകരും പ്രതിസന്ധിയിലായി. അതുകൊണ്ടുതന്നെ അത്തരത്തിലൊരു സാഹചര്യം കേരളത്തിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സർക്കാർ സംവിധാനങ്ങൾ കർഷക താൽപര്യത്തിനുവേണ്ടി നിലകൊള്ളണം. 

English summary: African Swine Fever Outbreak, Kerala State bans transportation of pigs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com