തമിഴ്നാട്ടിൽനിന്നു ഇടുക്കി മാങ്കുളത്തേക്കു വളർത്തുപന്നികളെ കടത്തിയ വാഹനം ബോഡിമെട്ട് അതിർത്തിയിൽ മൃഗസംരക്ഷണ വകുപ്പ് പിടികൂടി. പന്നിപ്പനി ഭീഷണിയെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെയോ അവയുടെ മാംസമോ കൊണ്ടുവരുന്നതിൽ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതു മറികടന്നാണ് ഇന്നലെ പുലർച്ചെ 4ന് 10 പന്നികളുമായി പിക്കപ് ജീപ്പ് അതിർത്തി കടന്നെത്തിയത്.
വാഹനത്തിൽ വാഴക്കുലയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി വാഴയിലകൾകൊണ്ടു മൂടിയായിരുന്നു പന്നികളെ കൊണ്ടുവന്നത്. പിക്കപ് ജീപ്പിൽനിന്നു പന്നിയുടെ കരച്ചിൽ കേട്ട ഉദ്യോഗസ്ഥർ ഒരു കിലോമീറ്ററോളം തങ്ങളുടെ വാഹനത്തിൽ പിന്തുടർന്നാണു പന്നികളെ കടത്തിയ വാഹനം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്നവർക്കു താക്കീത് നൽകി തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു.
പന്നികളെ കടത്തിയ വാഹനം ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ബി.മണികണ്ഠൻ, ഓഫിസ് സ്റ്റാഫ് പി.എ.ഷൈജു എന്നിവരാണു പിടികൂടിയത്. പന്നിപ്പനി മറ്റു ജില്ലകളിലേക്കു പടരാതിരിക്കാൻ മൃസംരക്ഷണ വകുപ്പ് ജാഗ്രതയിലാണ്.
ബോഡിമെട്ട് അതിർത്തിയിൽ മൃഗസംരക്ഷണ വകുപ്പിന് ചെക്പോസ്റ്റ് ഓഫിസ് ഇല്ല. അതിനാൽ വാഹനത്തിൽ ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തുന്നത്. ബോഡിമെട്ടിനു പുറമേ കമ്പം മെട്ട്, കുമളി, മറയൂർ എന്നിവിടങ്ങളിലും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിൽ സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്താണു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന നടത്തുന്നത്.