വിളയടിസ്ഥാനത്തിലുള്ള കൃഷി ആസൂത്രണം എന്നതിനു പകരം പതിനാലാം പഞ്ചവത്സരപദ്ധതിയിൽ കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം വരുന്നു. ഫാം പ്ലാൻ ബേസ്ഡ് പ്രൊജക്റ്റ് എന്ന പേരില്‍ പുതിയ പദ്ധതി ഈ വർഷം മുതൽ നടപ്പാക്കുകയാണ് കൃഷിവകുപ്പ്. ഇതിനായി ആദ്യഘട്ടത്തിൽ 10,760 കൃഷിയിടങ്ങൾ തിരഞ്ഞെടുക്കും.
വാർഡ് അടിസ്ഥാനത്തിൽ തയാറാക്കുന്ന ഫാം പ്ലാൻ യഥാക്രമം പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ ക്രോഡീകരിക്കും. ഓരോ കൃഷിയിടത്തിലും എന്തെല്ലാം കൃഷി ചെയ്യാമെന്നും എത്രത്തോളം കാർഷികോല്‍പന്നങ്ങൾ ഉല്‍പാദിപ്പിക്കാനാവുമെന്നും വ്യക്തത ലഭിക്കും. ഒരു കൃഷിയിട ത്തിൽ സാധ്യമായ എല്ലാ ഉൽപാദനഘടകങ്ങളെയും സമന്വയിപ്പിച്ചുള്ള ആസൂത്രണമാണ് പുതിയ പദ്ധതിയിലുള്ളത്. 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തി.
ഗുണമേന്മയുള്ള ഉൽപാദനോപാധികൾ ലഭ്യമാക്കൽ, കൃത്യമായ ഇടവേളകളിൽ കൃഷിയിട പരിശോധന യഥാസമയം പരിപാലനമുറകൾ, വിപണി ഉറപ്പാക്കൽ വിജ്ഞാനവ്യപാനം തുടങ്ങിയവ പദ്ധതിയുടെ ഘടകങ്ങളാണ്. കാർഷിക കർമസേനകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, സേവനവും വിപണനവും ഏറ്റെടുത്തിട്ടുള്ള റജിസ്ടേഡ് കൃഷിയിടങ്ങൾ, പച്ചക്കറി ക്ലസ്റ്ററുകൾ, എക്കോഷോപ്പുകൾ എന്നിവയും തൊഴിലുറപ്പു പദ്ധതിയും പദ്ധതിയിൽ സംയോജിപ്പിക്കും.
കൃഷിക്കൊപ്പം കന്നുകാലി വളർത്തൽ, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവ ഉൾക്കൊള്ളിച്ച് സംയോജിത, സമ്മിശ്ര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കും. വിപണനസംസ്കരണ, മൂല്യവർധന ശൃംഖല വിപുലവും ശക്തവുമാക്കും. ഈ സാമ്പത്തിക വർഷം ഇത്തരം 10,760 മാതൃകാ തോട്ടങ്ങൾ ഒരുക്കും.
English summary: Agriculture Schemes