സംസ്ഥാന വിള ഇന്‍ഷുറന്‍സ് പ്രമീയം ഇനി മുതല്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അടയ്ക്കാം. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ AIMS പോര്‍ട്ടല്‍ (www.aims.kerala.gov.in) വഴിയാണ് ഓണ്‍ലൈനായി പ്രീമിയം തുക അടയ്ക്കുന്നതിനുള്ള സൗകര്യം തയാറാക്കിയിട്ടുള്ളത്. ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ, UPI സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയോ പ്രീമിയം തുക അടക്കാം. ഇതിനായി സംസ്ഥാന ട്രഷറി വകുപ്പിന്റെ സൗകര്യങ്ങളാണ് പോര്‍ട്ടലില്‍ ബന്ധിപ്പിച്ചിരിക്കുന്നത്.
AIMS പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിച്ച കര്‍ഷകരുടെ ലോഗിനില്‍ തന്നെയാണ് പുതിയ സൗകര്യവും തയാറാക്കിയിട്ടുള്ളത്. അപേക്ഷാ സമര്‍പ്പിച്ച് പത്ത് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി കര്‍ഷകര്‍ക്ക് തുക അടയ്ക്കാനുള്ള സൗകര്യം ലഭ്യമാകും. തുക അടച്ച ഉടന്‍തന്നെ പോളിസി സര്‍ട്ടിഫിക്കറ്റ്, രസീത് എന്നിവ ഓണ്‍ലൈനായി കര്‍ഷകനു ലഭിക്കും. പോളിസി സര്‍ട്ടിഫിക്കറ്റ്, രസീത് എന്നിവ പിന്നീട് എപ്പോള്‍ വേണമെങ്കിലും കര്‍ഷകന് സ്വന്തം ലോഗിനില്‍ നിന്ന് പ്രിന്റ് എടുക്കാനും സാധിക്കും. തുക അടച്ച് ഏഴു ദിവസത്തിനു ശേഷം സംഭവിക്കുന്ന വിള നാശങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനായി കര്‍ഷകര്‍ക്ക് ഇതേ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാന്‍ കഴിയും.
പ്രകൃതിക്ഷോഭത്തിലുണ്ടായ വിളനാശം, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഉണ്ടായ വിളനാശം, നെല്‍കൃഷിയുടെ രോഗ കീടബാധ കാരണമുള്ള വിളനാശം എന്നിവയ്ക്കാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിളനാശം ഉണ്ടായി 15 ദിവസങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സംസ്ഥാനത്തെ പ്രധാനപ്പെട്ട 27 വിളകള്‍ക്കാണ് ഈ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്നത്.