കേരളത്തിലെ കർഷകർ വളരെയേറെ ബുദ്ധിമുട്ടോടെ മുൻപോട്ടു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ, പലപ്പോഴും കർഷകരെ പിഴിയാനും ഉദ്യോഗസ്ഥർ രംഗത്തുണ്ടാകും. ക്ഷീരകർഷകരാണ് ഇപ്പോൾ ഏറെ ബുദ്ധിമുട്ടുന്നത്. കാലിത്തീറ്റവില കുതിച്ചുയർന്ന സാഹചര്യത്തിലും പാലിന് വില ലഭിക്കാത്ത അവസ്ഥയാണ്. അത്തം സാഹചര്യത്തിൽ നിൽക്കുമ്പോഴും തനിക്കുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് കൊല്ലം അഞ്ചൽ സ്വദേശിയായ ബീനൂഷ് എന്ന കർഷകൻ, അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകംതന്നെ കർഷകർക്കിടയിൽ വൈറലായിട്ടുണ്ട്.
കേരള പൊലീസ് സേനയും, കേരളത്തിലെ ദുരിതം പേറുന്ന ക്ഷീര കർഷകരും!!
‘ഞാനും, എന്റെ രണ്ട് സുഹൃത്തുക്കളും കൂടി, കൊല്ലം ജില്ലയിലെ കിഴക്കേ മലയോരപ്രദേശമായ റോസ്മലയ്ക്ക് കിഴക്കുവശം രണ്ടു പശു എടുക്കാനായി ഒൻപതാം തീയതി വൈകിട്ട് 5ന് പിക് അപ്പുമായി പോകുകയുണ്ടായി. അവിടെ ചെന്നപ്പോൾ, വീട്ടുകാരന്റെ പശുവിനു വയറുകമ്പനം... അതിന്റെ പ്രയാസങ്ങൾ... ഞങ്ങൾ tyrel, വെളിച്ചെണ്ണ ഒക്കെ കൊടുത്തപ്പോൾ മാറിക്കിട്ടി. അതിന്റെ സന്തോഷത്തിൽ കപ്പ പുഴുങ്ങിയതും ബീഫ് റോസ്റ്റും കൂടി തട്ടിയിട്ടു പശുവുമായി തിരിച്ചപ്പോൾ രാത്രി 12 കഴിഞ്ഞു.
പശു ഉള്ളതിനാൽ വളരെ പതുക്കെയാണ് വരവ്. വഴിയിൽ വെച്ച്, തെന്മലയ്ക്കുമുന്നെ എക്സൈസ് വണ്ടി കൈകാണിക്കുന്നു. വണ്ടിയുടെ പേപ്പർ എല്ലാം പെർഫെക്ട് ആയതിനാലും വണ്ടിയിൽ ആരും മദ്യപാനം ഇല്ലാത്തവരായതിനാലും വണ്ടി നിർത്തി കാര്യം അന്ന്വേഷിച്ചു!! 25 കിലോമീറ്റർ ഇപ്പുറത്തേക്ക് പശു കൊണ്ടുവരുന്നതിന്, തീറ്റ എവിടെ, വെള്ളം എവിടെ എന്നായി എക്സൈസ്!! കുട്ടികളെ തള്ളപ്പശുവിന്റെ അടുത്തു നിർത്തികൊണ്ടുപോകുന്നത് ശരിയല്ലെന്നുള്ള ന്യായവും! അവസാനം, 250 രൂപാ വിത്തൗട്ട് റെസീപ്റ്റ് വേണമെന്നുള്ള ഓർഡറും. ഒരു രൂപ നൽകില്ല എന്നുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിനോടുവിൽ എക്സൈസ് പിൻവാങ്ങി. അതുകഴിഞ്ഞു തെന്മല ജങ്ഷനിൽ, തെന്മല എഎസ്ഐയുടെ നേതൃത്വത്തിൽ അടുത്ത ഭീഷണി. റോസ്മലയിൽ നിന്നുകൊണ്ടുവരുന്ന പശുവിന്റെ ഡോക്ടർ സർട്ടിഫിക്കറ്റ് എവിടെ? അനിമൽ സർട്ടിഫിക്കറ്റ് എവിടെ എന്നുള്ള ചോദ്യം ചെയ്യൽ. കേരളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പശു കൈമാറ്റം ചെയ്യുന്നതിന് ഇതൊന്നും ആവശ്യമില്ല എന്നും ക്ഷീരകർഷകർ ആത്മഹത്യാ മുനമ്പിൽ ആണെന്നു പറഞ്ഞിട്ടും എഎസ്ഐക്ക് കുലുക്കമില്ല. അവസാനം വണ്ടിയുടെ പേപ്പർ ഒക്കെ ശരിയാണെന്നു കണ്ടു, പുട്ടടിക്കാൻ ഒന്നും കിട്ടാത്തതിന്റെ കലിപ്പിൽ ഞങ്ങളെ പോകാൻ അനുവദിച്ചു. അതിനു ശേഷം ഒറ്റക്കൽ, പുനലൂർ ഏരിയയിൽ ഫ്ലയിങ് സ്കാഡിന്റെ വക വഴി തടയൽ. അവർക്കും, പശു കൊണ്ടുപോകുന്നതിന് 250 രൂപ വേണമെന്നുള്ള വാശി. കൊടുക്കില്ലെന്നു ഞങ്ങളും. വണ്ടിയും, അതിലെ പശുക്കളെയും സ്റ്റേഷനിൽ കൊണ്ടുപോയി ഇട്ടാലും ഈ പേരിൽ 250 രൂപ തരില്ലെന്ന് ഞങ്ങൾ തീർത്തു പറഞ്ഞു. അവസാനം ഫ്ലൈയിങ് സ്ക്വാഡ് പേരുപോലെ പറന്നുപോകുകയും ചെയ്തു.
‘ഇതൊക്കെ ഇവിടെ പറയാൻ കാരണം, ദുരിതത്തിലായ ഇന്നിന്റെ ക്ഷീരകർഷകരെ പിഴിയാൻ, മുന്തിയ സാലറി മേടിക്കുന്ന, നമ്മുടെ നികുതിപ്പണത്തിൽനിന്നും സകല സുഖസൗകര്യങ്ങളും അനുഭവിക്കുന്ന നിയമപാലകർ മത്സരിക്കുകയാണ്. രാത്രികാലം ഇവർക്ക് ചാകരയാണ്. ഇതിൽ, പശുവുമായി യാത്ര ചെയ്യുന്ന ക്ഷീരകർഷകർ പതറരുത്. നമ്മളെ രക്ഷിക്കാൻ ഒരു നിയമവും ഒരു വകുപ്പുമന്ത്രിയും വരില്ല. ചെറുക്കേണ്ടുന്ന അനീതിയെ സധൈര്യം നേരിടുക.
ബിനൂഷ് മുല്ലപ്പന്തൽ, കൊല്ലം, അഞ്ചൽ,13/11/2022