ADVERTISEMENT

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പിന്തുണയോടെ നടത്തിയ ബയോഫ്ലോക് കൃഷിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് മികച്ച നേട്ടം. കഴിഞ്ഞ വർഷമാരംഭിച്ച ഗിഫ്റ്റ് (തിലാപ്പിയ) മത്സ്യക്കൃഷിയുടെ വിളവെടുപ്പിൽ അരകിലോ തൂക്കമെത്തിയ മീനുകളാണ് ചേരാനെല്ലൂരിലെ ശ്രീലക്ഷ്മി സ്വയംസഹായക സംഘത്തിന് ലഭിച്ചത്. എംഎൽഎ ടി.ജെ.വിനോദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

5 മീറ്റർ വ്യാസവും 1.20 മീറ്റർ ഉയരവുമുള്ള 23,500 ലീറ്റർ വെള്ളം ഉൾക്കൊള്ളുന്ന ബയോഫ്ലോക് സംവിധാനമുള്ള ടാങ്കിൽ 1800 ഗിഫ്റ്റ് മത്സ്യങ്ങളെയാണ് കഴിഞ്ഞ നവംബറിൽ നിക്ഷേപിച്ചത്. വിളവെടുത്ത മീനുകൾ 500-550 ഗ്രാം തൂക്കം വളർച്ച നേടിയതായി കണ്ടെത്തി. ആവശ്യക്കാരെത്തുന്നതനുസരിച്ച് ഘട്ടം ഘട്ടമായാണ് വിളവെടുപ്പ് പൂർത്തീകരിക്കുക. മുഴുവൻ മീനുകളും വിളവെടുക്കുന്നതോടെ ചുരുങ്ങിയത് 900 കിലോ മത്സ്യം ലഭിക്കുമെന്നാണ് കരുതുന്നത്. ബയോഫ്ലോക് കൃഷിയിൽ മികച്ച നേട്ടമാണിത്. രണ്ടു ലക്ഷത്തിനടുത്ത് വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബയോഫ്ലോക് കൃഷിക്കുള്ള മുഴുവൻ ചെലവും വഹിച്ചത് സിഎംഎഫ്ആർഐയാണ്. പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാകാൻ സഹായിക്കുകയെന്ന ലക്ഷ്യത്തടെ സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിന് കീഴിലായിരുന്നു കൃഷി. മീനുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന രീതിയിൽ വിവിധ സൗകര്യങ്ങളോടെ നിർമിച്ച ടാങ്ക്, അനുബന്ധ സൗകര്യങ്ങൾ, മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യത്തീറ്റ തുടങ്ങിയവ സിഎംഎഫ്ആർഐയുടെ പദ്ധതിയിൽ കുടുംബങ്ങൾക്ക് നൽകി.  

കൃഷിയുടെ ഓരോ ഘട്ടവും സിഎംഎഫ്ആർഐയിലെ ഗവേഷണ സംഘം കൃത്യമായി നിരീക്ഷിച്ചു. വെള്ളത്തിന്റെ ഗുണനിലവാരം നിലനിർത്തുതിനായി ജലഗുണനിലവാര കിറ്റും കർഷകർക്ക് നൽകിയിരുന്നു. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ.മധുവിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ട്രാൻസ്‌ജെൻഡർ വിഭാഗം, വനിതകൾ തുടങ്ങിയവരുടെ ക്ഷേമം ലക്ഷ്യമിട്ട്  സംരംഭകത്വ പദ്ധതികൾ നടപ്പിലാക്കുന്നതിന് സിഎംഎഫ്ആർഐ പ്രാധാന്യം നൽകുന്നുണ്ടെന്ന് ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു. 

English summary: Scheduled caste households benefit greatly from biofloc fish farming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com