ADVERTISEMENT

ആഗോള കുരുമുളക്‌ കയറ്റുമതി രാജ്യങ്ങൾ ചരക്ക്‌ വിറ്റഴിക്കാൻ വീണ്ടും മത്സരം ശക്തമാക്കി. വിയറ്റ്‌നാം വിളവെടുപ്പിന്‌ ഒരുങ്ങുന്നതാണ്‌ ഇതര ഉൽപാദകരാജ്യങ്ങളെ വില കുറച്ച്‌ ക്വട്ടേഷൻ ഇറക്കാൻ പ്രേരിപ്പിക്കുന്നത്‌. ഒരു വശത്ത്‌ വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ കടുത്ത മത്സരത്തെയാണ്‌ കുരുമുളക്‌ കയറ്റുമതി മേഖല അഭിമുഖീകരിക്കുന്നത്‌. ഡോളർ ശക്തിപ്പെടുന്നതിനൊത്ത്‌ വിലയിൽ അടിക്കടി മാറ്റം വരുത്തി യുഎസ്‌, യൂറോപ്യൻ വിപണികളിൽ പുതിയ ഓർഡറുകൾക്ക്‌ പരക്കം പായുകയാണ്‌ കയറ്റുമതിക്കാർ. 

ഇക്കുറി ലൂണാർ പുതുവത്സരാഘോഷ വേളയിൽ ചൈനീസ്‌ ഇറക്കുമതിക്കാർ പതിവിലും കുറച്ചു മാത്രമേ കുരുമുളക്‌ വിയറ്റ്‌നാമിൽ നിന്നും ഇറക്കുമതി നടത്തിയുള്ളു. വിവിധ കാരണങ്ങൾ മൂലം അവർ ചരക്കു സംഭരണത്തിൽ വരുത്തിയ നിയന്ത്രണങ്ങൾക്ക്‌ ഇടയിലും കംബോഡിയിൽ നിന്നുള്ള മുളക്‌ അവർ പരമാവധി വാങ്ങുകയും ചെയ്‌തു. കുറഞ്ഞ വിലയും ഉയർന്ന എരിവുമുഴ്ഴ കംബോഡിയൻ ചരക്ക്‌ ചൈനീസ്‌ ഉപഭോക്താക്കളെ ഏറെ സ്വാധീനിച്ചു. 

ന്യൂ ഇയർ ആഘോഷങ്ങൾക്ക്‌ ശേഷവും പുതിയ ഓർഡറുമായി അവർ രംഗത്തിറങ്ങിയില്ല. ജക്കാർത്തയിലെ സുഗന്ധവ്യഞ്‌ജന കയറ്റുമതിക്കാരിൽ ഏറിയ പങ്കും ചൈനീസ്‌ വംശജരാണ്‌. ഇന്തോനേഷ്യൻ കയറ്റുമതിക്കാർ ഉത്സവ ദിനങ്ങൾ കഴിഞ്ഞതോടെ കുരുമുളക്‌ വിറ്റഴിക്കാൻ തിടുക്കം കാണിക്കുന്നതും ആഗോള വിലക്കയറ്റ സാധ്യതകളെ പിടിച്ചു നിർത്തുമെന്നാണ്‌ ഇറക്കുമതി രാജ്യങ്ങളുടെ വിലയിരുത്തൽ. 

ഇന്തോനേഷ്യൻ നാണയമായ റുപ്പയുടെ മൂല്യം ശക്തിപ്രാപിച്ചതിനൊപ്പം വിനിമയ നിരക്കിൽ രണ്ടു ശതമാനം വർധന കാണിച്ചത്‌ മുളകുവിലയിലും പ്രതിഫലിച്ചു. മറ്റൊരു കുരുമുളക്‌ കയറ്റുമതി രാജ്യമായ മലേഷ്യയുടെ നാണയമായ റിങ്കറ്റിന്റെ മൂല്യം ഡോളറിന്‌ മുന്നിൽ ഒരു ശതമാനം കരുത്ത്‌ നേടിയെങ്കിലും അവർ കുരുമുളക്‌, വെള്ളക്കുരുമുളക്‌ വിലകളിൽ മാറ്റം വരുത്തിയില്ല. 

മൂന്നാഴ്‌ചയായി ശ്രീലങ്കൻ കുരുമുളക്‌ വില ടണ്ണിന്‌ 5100 ഡോളറിൽ സ്‌റ്റെഡിയാണ്‌. അതേസമയം ഇന്ത്യൻ നിരക്ക്‌ 6600 ഡോളറിൽനിന്നും 6350ലേക്ക്‌ ഇടിഞ്ഞ സാഹചര്യത്തിൽ കൊളംബോ കേന്ദ്രമായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാർ നിരക്കിൽ മാറ്റം വരുത്താനുള്ള നീക്കത്തിലാണ്‌. ശ്രീലങ്കയുടെ മുഖ്യ കയറ്റുമതി രാജ്യം ഇന്ത്യയായതിനാൽ ഇവിടുത്തെ ഓരോ മാറ്റവും അവരിലും പ്രതിഫലിക്കും. പ്രത്യേകിച്ച്‌ ബ്രസീലിയൻ മുളക്‌ ഇറക്കുമതി നടത്തി ഇന്ത്യൻ തുറമുഖങ്ങളിലേക്കു കയറ്റിവിടാൻ മത്സരിക്കുന്നതിനാൽ. 

അമേരിക്കൻ ഇറക്കുമതിക്കാരിൽനിന്നും ലഭിച്ച ഓർഡറുകൾ മുൻനിർത്തി ഷിപ്പ്‌മെന്റിനുള്ള തിരക്കിട്ട നീക്കത്തിലാണ്‌ ബ്രസീലിയൻ കുരുമുളക്‌ കയറ്റുമതി രംഗം. ഈസ്റ്റർ ആവശ്യങ്ങൾക്കുള്ള കുരുമുളക്‌ ബ്രസീലിൽ നിന്നാണ്‌ ഇക്കുറി അമേരിക്ക കൂടുതലായി ശേഖരിക്കുന്നത്‌. ആഗോള തലത്തിൽ ഏറ്റവും താഴ്‌ന്ന നിരക്കായ 2900 ഡോളറിന്‌ ചരക്ക്‌ വാഗ്‌ദാനം ചെയ്‌തതോടെ വൻ ഓർഡറുകൾ അവർക്ക്‌ ഉറപ്പിക്കാനായി. ബെല്ലാം തുറമുഖത്ത്‌ നിന്ന്‌ കയറ്റുന്ന ചരക്ക്‌ ചുരുങ്ങിയ ദിവസങ്ങളിൽ ന്യൂയോർക്കിൽ എത്തിക്കാനാവുമെന്നതും ബ്രസീലിന്‌ മുൻതൂക്കം നൽകി. മറ്റു മുളക്‌ ഉൽപാദകരാജ്യങ്ങളിൽ നിന്നുള്ള ഷിപ്പ്‌മെന്റുകൾ അമേരിക്കയിൽ എത്താൻ ആഴ്‌ച്ചകൾ തന്നെ വേണ്ടിവരും. 

കേരളത്തിലും കർണാടകത്തിലും വിളവെടുപ്പ്‌ പുരോഗമിക്കുന്നു. പറിച്ചെടുത്ത മുളകുമണികൾ ഉണക്കുന്ന തിരക്കിലാണ്‌ കാർഷിക മേഖല. പിന്നിട്ടവാരം ഏകദേശം 240 ടൺ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ ഇറങ്ങിയെങ്കിലും ഇതിൽ വിദേശ  മുളകും ഉൾപ്പെടുന്നു. അൺ ഗാർബിൾഡ്‌ കുരുമുളക്‌ വില 48,900 രൂപ. 

നാളികേരം

പച്ചത്തേങ്ങ സംഭരണ വില ഉയർത്തിയ പ്രാഖ്യാപനം വിപണിയിൽ യാതൊരു ചലനവും സൃഷ്‌ടിച്ചില്ല. കഴിഞ്ഞ സീസണെ അപേക്ഷിച്ച്‌ രണ്ടു രൂപ മാത്രമാണ്‌ വർധിപ്പിച്ചത്‌. മുൻ വർഷത്തെ വിലയ്‌ക്ക്‌ തന്നെ ആകർഷണം കുറവായിരുന്നതിനാൽ കൂടുതൽ നൂലാമാലകൾക്ക്‌ മുതിരാതെ വലിയോരു പങ്ക്‌ കർഷകരും നഷ്‌ടത്തിലാണെങ്കിലും ചരക്ക്‌ വിറ്റഴിക്കാൻ സ്വകാര്യ വിപണികളെയാണ്‌ കൂടുതലായി ആശ്രയിച്ചത്‌. 

പുതുക്കിയ സംഭരണവില കിലോ 34 രൂപയാണ്‌. കാർഷികച്ചെലവുകൾ കണക്കിലെടുത്താൽ ഈ വിലയും നഷ്‌ട കച്ചവടം തന്നെയാണ്‌ ഉൽപാദകർക്ക്‌. കേന്ദ്രം കൊപ്രയുടെ താങ്ങ്‌ വില കിലോ 108.60 രൂപയായി ഉയർത്തി. അതായത്‌ കിലോ ഗ്രാമിന്‌ 2 രൂപ 70 പൈസയുടെ  വർധന. ആ നിലയ്‌ക്ക്‌ പച്ചത്തേങ്ങ വില 34.70ലേക്ക്‌ ഉയർത്താനെങ്കിലും താൽപര്യം കാണിച്ചിരുന്നെങ്കിൽ തമിഴ്‌നാട്‌ ചരക്കിന്‌ മുന്നിലെങ്കിലും പിടിച്ചു നിൽക്കാൻ നമ്മുടെ കർഷകർക്കു കഴിയുമായിരുന്നു. കാങ്കയം, പൊള്ളാച്ചി, ഉദുമൽപേട്ട വിപണികളിൽ പച്ചത്തേങ്ങ കിലോ 26 രൂപയിലാണ്‌. അവിടെനിന്നുള്ള ചരക്ക്‌ അതിർത്തി ജില്ലകൾ വഴി വ്യാപകമായി ഇവിടെ വിൽപ്പനയ്‌ക്ക്‌ എത്തുന്നതും ഉൽപാദകരുടെ കണക്കുകൂട്ടലുകൾ പാടെ തടികം മറിക്കുന്നു. നാടൻ നാളികേരം ചെറുകിട വിപണികളിൽ കിലോ 30 രൂപയാണ്‌. അതേസമയം അയൽ സംസ്ഥാനത്തുനിന്നുള്ള ചരക്ക്‌ താഴ്‌ന്ന വിലയ്‌ക്ക്‌ അവർ നിഷ്‌പ്രയാസം വിറ്റുമാറുകയാണ്‌. 

കർണാടകത്തിലും ആന്ധ്രയിലും മാസാവസാനതോടെ വിളവെടുപ്പ്‌ തുടങ്ങും. രണ്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കിൽ വലിയോരു പങ്ക്‌ കാങ്കയത്തേക്കു നീങ്ങുമെന്നത്‌ വിൽപ്പന സമ്മർദ്ദത്തിന്‌ ഇടയാക്കും. ഇതിന്റെ പ്രതിഫലനം കേരളത്തിലെ നാളികേര വിപണിയിലാവും  ഏറ്റവും കൂടുതൽ പ്രതിഫലിക്കുക.

പച്ചതേങ്ങ സംഭരണച്ചുമതലയുള്ള കൃഷി ഭവനുകളുടെ എണ്ണം കേവലം നൂറ്‌ മാത്രമാണ്‌. പത്തു വർഷം മുൻപ്‌ ആയിരത്തോളം കൃഷി ഭവനുകളെ മുന്നിൽ നിർത്തി കാർഷിക മേഖലയുടെ ഉന്നമനത്തിന്‌ കേരളം പ്രവർത്തിച്ചിട്ടുണ്ട്‌. സാങ്കേതിക വിനിമയ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ട സാഹചര്യത്തിൽ എന്തുകൊണ്ട്‌ വീണ്ടും 1000 കൃഷിഭവനുകളുടെ സേവനം സംഭരണത്തിനായി പ്രയോജനപ്പെടുത്തി കർഷകരെ പ്രതിസന്ധിയിൽ നിന്നും കരകയറ്റികൂടെ. 

ഏലം

ഏലത്തിന്‌ ഇത്‌ ഓഫ്‌ സീസനാണ്‌, നിരക്ക്‌ അടിവെച്ച്‌ ഉയരേണ്ട സന്ദർഭം. അതുകൊണ്ടുതന്നെ കൂടുതൽ ചരക്ക്‌ സംഭരിക്കാൻ ഇടപാടുകാർ രംഗത്തുണ്ട്‌. മുന്നിലുള്ള നീണ്ട കാലയളവിൽ പുതിയ ചരക്കിനു ക്ഷാമം നേരിടാനുള്ള സാധ്യത ശരാശരി ഇനങ്ങളെ കിലോ 1230 രൂപ വരെ ഉയർത്താൻ കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും തയാറായി.

ഡിസംബർ അവസാനത്തിലെ 726 രൂപയുമായി താരതമ്യം ചെയുമ്പോൾ ലേല കേന്ദ്രങ്ങളിൽ സുഗന്ധറാണിക്ക്‌ സൗന്ദര്യം വർധിച്ചു. കിലോ 1200-1400 ലേക്ക്‌ ഉൽപ്പന്നം ചുവടുവയ്ക്കാനുള്ള സന്ദർഭമാണ്‌ മുന്നിലുള്ളത്‌. എന്നാൽ അതിനെ തകിടം മറിക്കാൻ ഇടനിലകാർ സംഘടിത നീക്കം നടത്തുന്നുണ്ടോ? പിന്നിട്ട അഞ്ചു ദിവസങ്ങളിൽ നടന്ന ലേലത്തിന്‌ എത്തിയത്‌ ഏഴു ലക്ഷത്തിലധികം കിലോ ഏലക്കയാണ്‌. ലേല കേന്ദ്രങ്ങളിലേയ്‌ക്കുള്ള ചരക്ക്‌ പ്രവാഹം നിയന്ത്രിക്കാനായാൽ ശക്തമായ അടിത്തറയോടു കൂടിയുള്ള മുന്നേറ്റം ഏലക്കയിൽ സൃഷ്‌ടിക്കാനാവും.  

English summary: Commodity Markets Review February 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com