പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചതിന് അരിക്കൊമ്പൻ വിഷയത്തിലെ ഹർജിക്കാരനെതിരേ ഇടുക്കി എസ്പിക്കു പരാതി നൽകി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അരുൺ. അരിക്കൊമ്പൻ വിഷയത്തിൽ പൂപ്പാറ നിവാസികളെ ശവങ്ങളെന്നു വിളിച്ച് അവഹേളിക്കുകയും മനുഷ്യന്മാരേപ്പോലെ ജീവിക്കാൻ കഴിയില്ലെങ്കിൽ പോയി ചത്തോ എന്നു പറയുകയും ചെയ്ത ഹർജിക്കാരൻ വിവേക് കെ. വിശ്വനാഥിന്റെ ശബ്ദസന്ദേശം ഇന്നലെ വിവാദം സൃഷ്ടിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെ പൂപ്പാറ നിവാസികളെ അവഹേളിച്ചുവെന്നും വിവേക് മനഃപ്പൂര്‍വ്വം ലഹളയുണ്ടാക്കാനും ഐക്യം നശിപ്പിക്കാനും ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

വിവേകിന്റെ ശബ്ദസന്ദേശം ഇങ്ങനെ
‘നിങ്ങൾ വിളിക്കുന്നിടത്തേക്ക് വരാൻ ഞാൻ നിങ്ങൾ വിചാരിക്കുന്ന ആളല്ല. എന്റെ ക്വാളിഫിക്കേഷൻ എന്താണെന്ന് നിങ്ങൾക്കറിയാമോ? വിവേകിന് വിവരമില്ലായെന്ന് പറയന്നുണ്ട് കുറേ എണ്ണം, മദ്രാസ് ഐഐടിയിലെ റിസർച്ച് സ്കോളറാണ് താൻ, നിങ്ങൾക്കത് എന്താണെന്ന് അറിയാമോ? അറിയില്ലെങ്കിൽ ഗൂഗിൾ ചെയ്ത് നോക്ക്. തോന്നിവാസം വിളിച്ചു പറയുന്ന എല്ലാ ശവങ്ങളുടെ നമ്പരും സൈബർ പൊലീസിൽ നൽകിയിട്ടുണ്ട്. അടുത്ത ദിവസം അവരുടെ കോൾ നിങ്ങൾക്ക് വരും. അരിക്കൊമ്പനെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കൊന്നിട്ടുണ്ടെങ്കിൽ എന്നെ വിളിച്ച എല്ലാവരുടെയും പേരിൽ കേസ് കൊടുക്കും. അതുകൊണ്ട് മിണ്ടാണ്ട് മനുഷ്യന്മാർ ജീവിക്കുന്നതുപോലെ ജീവിക്ക്. ആനേനെ നോക്കേണ്ടവര് അതിന്റെ കാര്യം നോക്കും. നിങ്ങൾ മനുഷ്യന്മാരുടെ കാര്യം നോക്ക്. പറ്റില്ലെങ്കിൽ പോയി ചത്തോ...’