അവഗണനകളിൽ നീറി വെറ്ററിനറി ഡോക്ടർമാർ; നാളെ അവകാശ സംരക്ഷണ ദിനം; ഐവിഎ മുഖ്യമന്ത്രിയെ കാണും

palakkad-veterinary-treatment
SHARE

സംസ്ഥാനത്തെ ഗ്രാമീണ വരുമാനത്തിൽ വലിയപങ്ക് വഹിക്കുന്ന മൃഗസംരക്ഷണ മേഖലയിൽ സേവനം ചെയ്യുന്ന വെറ്ററിനറി ഡോക്ടർമാർ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയിലും അവകാശ നിഷേധങ്ങളിലും പ്രതിഷേധിച്ച് നാളെ (മേയ് 25) ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വെറ്ററിനറി ഡോക്ടർമാർ അവകാശ സംരക്ഷണദിനം ആചരിക്കും. ആവശ്യങ്ങളും പരാതികളും നേരിട്ട് അറിയിക്കുന്നതിനായി ഐവിഎ കേരളയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.മോഹനന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം നാളെ (മേയ് 25) മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദർശിക്കുകയും ചെയ്യും.

മൃഗസംരക്ഷണവകുപ്പ് രൂപീകരിച്ച കാലം മുതലുള്ള ജീവനക്കാരും സൗകര്യങ്ങളും ഉപയോഗിച്ചാണ് മൃഗചികിത്സയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിർവഹണവും പൊതുജനാരോഗ്യ പ്രശ്നങ്ങളുമെല്ലാം വെറ്ററിനറി ഡോക്ടർമാർ പരിഹരിക്കുന്നത്. താൽകാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നുണ്ടെങ്കിലും കോവിഡിനു ശേഷം മൃഗപരിപാലനം ജീവിതമാർഗമാക്കിയവരുടെ എണ്ണത്തിൽ ഉണ്ടായ വർധനയ്ക്ക് ഉതകുന്നതല്ല അതൊന്നും. ജോലി ഭാരത്തിനൊപ്പം ജീവനക്കാരുടെ അപര്യാപ്തതയും ചേരുന്നതോടെ വെറ്ററിനറി ഡോക്ടറുടെ ജീവിതം ദുസ്സഹമായി തീരുന്നു.

മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളുടെ വ്യാപനം തടയൽ, സുരക്ഷിതമായ മാസോൽപാദനം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി വെറ്ററിനറി പൊതുജനാരോഗ്യ വിഭാഗം/

വെറ്ററിനറി പബ്ലിക് ഹെൽത്ത് വിഭാഗം രൂപീകരിക്കണമെന്ന ആവശ്യവും നിരന്തരം ഉന്നയിച്ചിട്ടും അനുകൂലമായൊരു തീരുമാനം ഇതുവരെയും ഉണ്ടായില്ല.

സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന വെറ്ററിനറി ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസിലെ അവ്യക്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന നിവേദനവും നിർദേശങ്ങളും സമർപ്പിച്ചിട്ടും ഇതുവരെയും തുടർ നടപടികൾ ഉണ്ടായിട്ടില്ല. പ്രൈവറ്റ്‌ പ്രാക്ടീസുമായി ബന്ധപ്പെട്ട ചട്ടങ്ങളിലെ അവ്യക്തകൾ കാരണം ഡോക്ടർമാർ വിജിലൻസ് കേസുകളിൽ അകപ്പെട്ട് പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള പത്രകുറിപ്പിൽ അറിയിച്ചു.

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് തടവും പിഴയും ശിക്ഷ ലഭിക്കുന്ന നിയമം, പ്രത്യേക ഓർഡിനൻസ്  ഭേദഗതി വഴി നിലവിൽ വന്നത് ഇക്കഴിഞ്ഞ ദിവസമാണ്. ആയുഷ് വകുപ്പിലേതുൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക് പുറമെ പാരാമെഡിക്കൽ വിദ്യാർഥികളും സെക്യൂരിറ്റി ജീവനക്കാരുമെല്ലാം നിയമ പരിരക്ഷയുടെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ അനാവശ്യമായി ദേഹോപദ്രവം അനുഭവിക്കേണ്ടി വരുന്ന വെറ്ററിനറി ഡോക്ടർമാരെയും സഹജീവനക്കാരെയും മൃഗചികിത്സാകേന്ദ്രങ്ങളെയും നിയമപരിരക്ഷയുടെ പരിധിയിൽ ഉൾപ്പെടുത്താത്തത് നിർഭാഗ്യകരമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ തന്നെ മൃഗാശുപത്രികൾക്ക് നേരെയും വെറ്ററിനറി ഡോക്ടർമാർക്ക് നേരെയും അനേകം ആക്രമണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആശുപത്രി അടിച്ച് തകർത്തത് മുതൽ വെറ്ററിനറി ഡോക്ടറെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതടക്കമുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  ഈ സാഹചര്യത്തിൽ വെറ്ററിനറി ഡോക്ടർമാരെയും സഹജീവനക്കാരെയും മൃഗചികിത്സാകേന്ദ്രങ്ങളെയും ആശുപത്രി സംരക്ഷണനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മുഖ്യമന്ത്രിയെ സന്ദർശിച്ച് അറിയിക്കും. അവകാശ സംരക്ഷണ ദിനാചരണത്തിന് തുടർച്ചയായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, മറ്റ് മന്ത്രിമാർ, കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെയും സംഘടന സമീപിക്കും.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS