ADVERTISEMENT

‘കർഷകശ്രീ’യിൽ പങ്കുവച്ച ജൂലിയുടെ കഥ ഹ്രസ്വചിത്രമായി പ്രദർശനത്തിനൊരുങ്ങുന്നു. 2020 മേയ് 19ന് ‘മനോരമ ഓൺലൈൻ കർഷകശ്രീ’യിൽ പങ്കുവച്ച ‘പ്രളയത്തിൽ നഷ്ടം 35 ലക്ഷം, പിന്നെ 5 ലക്ഷം; പക്ഷേ, മുജീബിന്റെ കരുത്ത് മുയലുകൾ തന്നെ’ എന്ന ലേഖനത്തിൽ സൂചിപ്പിച്ച ജൂലിയെന്ന അരുമ നായയുടെ കഥ ശ്രദ്ധയിൽപ്പെട്ടതാണ് ഹ്രസ്വചിത്രത്തിനുള്ള പ്രചോദനമെന്ന് സംവിധായകൻ റാസി റൊസാരിയോ.  ക്യൂബോ എന്നു പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം വഴിയിൽനിന്നു ലഭിച്ച നായയും ഒരു വ്യക്തിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴമാണ്. ലേഖനത്തിൽ പങ്കുവച്ച ജൂലിയും ഉടമ മുജീബ് റഹ്മാനും തമ്മിലുള്ള ബന്ധംതന്നെയാണ് ചിത്രത്തിലുള്ളത്. കഥാപശ്ചാത്തലത്തിനും നായയ്ക്കും മാറ്റം വരുത്തിയിട്ടുണ്ടെന്നും റാസി പറയുന്നു. റാസി റൊസാരിയോ കഥയെഴുതി സംവിധാനം നിർവഹിച്ച ഹ്രസ്വചിത്രത്തിൽ ക്യൂബോ എന്ന ഷീറ്റ്സൂ ഇനം നായയ്ക്കൊപ്പം സജിത്ത് തോപ്പിൽ, സുമി സെൻ, അബ്ദുൽ കലാം ആസാദ്, ഹരികുമാർ ആലുവ, രേഷ്മ ജോസ്, സുഷ്‌മി സുരേഷ്, ഫാത്തിമ നെസ്വ, അഹമ്മദ് ഹൻബാൽ, ഷെഫ് ഷിഹാബ് കരീം തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ജൂൺ 2ന് ചിത്രം ഓൺലൈൻ ആയി റിലീസ് ചെയ്യും. 

july-and-qubo-1
മുജീബ് റഹ്‌മാനോടൊപ്പം (മധ്യത്തിൽ) ക്യൂബോയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സജിത്ത് തോപ്പിലും സുമി സെന്നും.

ജൂലിയാണ് എല്ലാം

വർഷങ്ങളുടെ പരിശ്രമംകൊണ്ട് കെട്ടിപ്പൊക്കിയ ഫാം ആണ് 2018ലെ പ്രളയത്തിൽ ആലുവ സ്വദേശി മുജീബ് റഹ്‌മാന് നഷ്ടപ്പെട്ടത്. 1200ൽപ്പരം മുയലുകളുടെ മാതൃ–പിതൃ ശേഖരമുണ്ടായിരുന്ന ഫാമിൽ ആടുകളും പോത്തുകളുമുണ്ടായിരുന്നു. 2018ലെ പ്രളയത്തിൽ നഷ്ടം 35 ലക്ഷവും പിന്നാലെ 2019ൽ 5 ലക്ഷവും നഷ്ടം. 

ഫാമിലെ മറ്റു ജീവികളുടെ കാവൽക്കാരിയായിരുന്നു ജൂലി എന്ന നായ. ഒരിക്കൽ തിരുവനന്തപുരത്തുനിന്ന് മുയലുമായി വരുന്ന വഴി കിട്ടിയതാണ് ജൂലിയെ. റോഡിൽ കിടന്ന നായ്ക്കുട്ടിയെ വാഹനം നിർത്തി വഴിവക്കിലേക്ക് മാറ്റിക്കിടത്തി. എന്നാൽ, അത് വീണ്ടും റോ‍ഡിലേക്കു നീങ്ങുന്നതു കണ്ടപ്പോൾ ജൂലി എന്ന പേരും നൽകി ഫാമിലേക്ക് പുതിയൊരംഗമായി കൂടെ കൂട്ടുകയായിരുന്നു. ഫാമിലെ കാവൽക്കാരിയായിരുന്നു പിന്നെ അവൾ.  പ്രളയ സമയത്തുണ്ടായ ഒരു അനുഭവം മുജീബ് ഇന്നും വേദനയോടെ ഓർക്കുന്നു. അത് മുജീബിന്റെ വാക്കുകളിൽക്കൂടി അറിയാം. 

july-and-qubo-2

‘ഫാമിൽ വെള്ളം കയറിയപ്പോൾ ജൂലിയുടെ കൂട് ഉയർത്തിവച്ചു. എന്നാൽ, രാത്രി ആയപ്പോൾ വീണ്ടും വെള്ളം പൊങ്ങി. അങ്ങനെ ജൂലിയുടെ കൂട് ഒരു 6 അടി കൂടി ഉയരത്തിൽവച്ചിട്ട് ഞങ്ങൾ വെള്ളത്തിൽ ഇറങ്ങുമ്പോൾ വല്ലാത്ത കുര ആയിരുന്നു. ഞാൻ അടുത്തുചെന്ന് ഇവിടുന്നു പോകുമ്പോൾ നിന്നെയും കൊണ്ടേ പോകൂ എന്നു പറഞ്ഞു. അതിൽ പിന്നെ മിണ്ടിയിട്ടില്ല. ഞാൻ പിന്നെ മുയലുകളെയും ആടുകളെയും മാറ്റുന്ന തിരക്കിലാരുന്നു. സത്യം പറഞ്ഞാൽ അവളെ പാടെ മറന്നു പോയി. രാത്രി 2 ആയിട്ടും മുയലുകളെ മാറ്റിത്തീർന്നില്ല. അപ്പോഴേക്കും വെള്ളം നല്ല ഉയരത്തിൽ ആയിരുന്നു. ഞങ്ങൾ 2 വള്ളം കൂട്ടിക്കെട്ടിയാണ് എല്ലാത്തിനെയും മാറ്റിക്കൊണ്ടിരുന്നത്. നല്ല ഒഴുക്കും. ജീവിതത്തിൽ ആദ്യമായി വഞ്ചി തുഴയുന്നതിന്റെ ബുദ്ധിമുട്ട് വേറെ. പിന്നെ ഒരു ധൈര്യം ഉള്ളത് ഞങ്ങൾ 3 പേരിൽ അൻവറിനു (ഫാമിൽ ജോലിചെയ്തിരുന്നവൻ) മാത്രമേ നീന്തൽ അറിയൂ. അങ്ങനെ 3 ആയപ്പോഴേക്കും എല്ലാം പുറത്തെത്തിച്ചു. പക്ഷേ, എനിക്കെന്തോ മറന്നതുപോലെ തോന്നി. അപ്പോഴാണ് ജൂലിയെ ഓർമ വന്നത്. അപ്പോഴേക്കും ഒഴുക്ക് കൂടി വഞ്ചി ഉദ്ദേശിച്ചപോലെ തുഴയാൻ പറ്റുന്നില്ല. തുഴഞ്ഞ മുള കൈയിൽനിന്നു പോയി. ഒന്നും കാണാൻ പറ്റുന്നില്ല. ശക്തമായ മഴയും ഉണ്ട്. ഒടുവിൽ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിൽ ജൂലിയുടെ അടുക്കൽ എത്തിയപ്പോൾ ഞാൻ വല്ലാതെയായിപ്പോയി. ഞാൻ പറഞ്ഞില്ലാരുന്നോ ഇനി കുരയ്ക്കരുത്. ഞാൻ പോയാൽ നിന്നെയും കൊണ്ടുപോകുമെന്ന്. അതുകൊണ്ട് അവൾ മിണ്ടിയില്ല. കൂടിനു മുകളിൽ കയറി നിന്നിട്ട് മൂക്ക് മാത്രം വെള്ളത്തിനു മുകളിൽ, എന്നിട്ടും അവൾ മിണ്ടുന്നില്ല. ഉടനെ വഞ്ചിയിൽ കയറ്റി കൊണ്ടുപോന്നു. കരയിൽ ആടുകൾക്ക് കൂട്ടായി അവരുടെ അരികിൽ ആക്കിയിട്ടു മുയലുകളുമായി ഞാൻ പോയി. പിന്നീട് അങ്ങോട്ട്‌ പോകാൻ കഴിഞ്ഞില്ല. അപ്പോഴേക്കും വഴിയെല്ലാം അടഞ്ഞിരുന്നു. വീടിന്റെ ഭാഗത്തും വെള്ളം പൊങ്ങി. 1200 മുയലുകളെ വീടിനുള്ളിൽ തുറന്നു വിട്ടിട്ട് കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻ പോകേണ്ടി വന്നു. 

പ്രളയത്തിനു ശേഷം മാസങ്ങൾ പലതും കഴിഞ്ഞു സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ ഉടമസ്ഥൻ പറഞ്ഞിട്ടു ഷെഡ് പൊളിക്കുന്ന കാര്യങ്ങൾക്ക് അവിടെ പോയി മടങ്ങുമ്പോൾ മാഞ്ഞാലി കവല മുതൽ ആളുകൾ എന്നെ തന്നെ ശ്രദ്ധിക്കുന്നതുപോലെ ഒരു തോന്നൽ. പക്ഷേ, ഞാൻ അത് വകവച്ചില്ല. കുറേ ദൂരം കഴിഞ്ഞപ്പോൾ ഒരു പട്ടി എന്റെ വാഹനത്തിന്റെ പുറകെ ഓടിവരുന്നത് റിയർ വ്യൂ മിററിലൂടെ  കണ്ടു. വാഹനം നിർത്തി ഞാൻ ഇറങ്ങിയപ്പോൾ കണ്ണ് നിറഞ്ഞു. ജൂലിയായിരുന്നു അത്. അവൾ ഓടി മുന്നിൽ വന്ന് കാലിനടുത്തു കിടന്നു. ഫാമിലുള്ള ശീലമാണിത്. എന്റെ ശരീരത്തു തൊടില്ല. എന്നിട്ട്  ഒരു ട്യൂൺ ഉണ്ട് അവൾക്ക്. ഞങ്ങൾ മാത്രം സംസാരിക്കുന്ന ഭാഷ. കുറെ നേരം ഞങ്ങൾ ചെലവഴിച്ചു വാനിന്റെ ഡോർ തുറന്നു കയറ്റി അവൾ എന്റെ വണ്ടിയുടെ പുറകെ വന്നെന്നു തോന്നിയ സ്ഥലത്തു കൊണ്ടാക്കിയിട്ടു ഞാൻ പറഞ്ഞു ഇനി നീ പുറകെ വരണ്ട, എനിക്ക് നിന്നെ വീട്ടിൽ കൊണ്ടുപോകാൻ നിവൃത്തിയില്ല. നീ സുഖമായി നിന്റെ മക്കളോടൊരുമിച്ചു ജീവിക്ക് (അപ്പോൾ അവളൊരു അമ്മ ആയിരുന്നു) എന്നു പറഞ്ഞു പിരിയുമ്പോൾ എന്നെയും എന്റെ പരിമിതികളും അവൾ മനസിലാക്കിയിരിക്കണം. അവൾ വണ്ടി മറയുന്നതു നോക്കി നിന്നതല്ലാതെ പിന്നാലെ ഓടിയില്ല. അതിൽ പിന്നെ ആ വഴി പോകാറില്ല.’

മുജീബ് റഹ്‌മാനെയും അദ്ദേഹത്തിന്റെ ഫാം വിശേഷങ്ങളും വിശദമായി പങ്കുവച്ച ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പ്രളയത്തിൽ നഷ്ടം 35 ലക്ഷം, പിന്നെ 5 ലക്ഷം; പക്ഷേ, മുജീബിന്റെ കരുത്ത് മുയലുകൾ തന്നെ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com