പൂർണ സസ്യാഹാരിയാണെങ്കിലും മത്സ്യം വാങ്ങും, അതെന്റെ പൂച്ചകൾക്കും നായ്ക്കൾക്കുമുള്ളതാണ്: ടി.പത്മനാഭൻ

Mail This Article
തനിക്ക് വീട്ടിൽ കൂട്ടായി ധാരാളം നായ്ക്കളും പൂച്ചകളുമുണ്ടെന്നും അവർക്കു വേണ്ടിയാണ് ഇവിടെയിപ്പോൾ രാവിലെ മുതൽ വൈകിട്ട് വരെ അടുക്കള പ്രവർത്തിക്കുന്നതെന്നും പറയുകയാണ് പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭൻ. ഇപ്പോൾ പ്രായം 92 വയസ്സ് പിന്നിട്ടു, ഞാൻ വളരെ മിതമായാണ് ആഹാരം കഴിക്കുന്നത്, മുൻപ് ഉരുളകൾ ആയിട്ടായിരുന്നെങ്കിൽ ഇപ്പോൾ അൽപം വറ്റുകൾ മാത്രം, പൂർണ സസ്യാഹാരിയാണ്. പക്ഷേ, ഇവിടെ വീട്ടിൽ മത്സ്യം വാങ്ങും. അത് എന്റെ പൂച്ചക്കുട്ടികൾക്കും മുറ്റത്തുള്ള നായ്ക്കൾക്കുമുള്ളതാണ്. എന്റെ മരുമക്കൾ വിദേശത്തുനിന്നു കൊണ്ടുവരുന്ന ഫസ്റ്റ്ക്ലാസ് ക്വാളിറ്റിയുള്ള പാൽപ്പൊടികൊണ്ടാണ് ഇവർക്ക് പാലുണ്ടാക്കി നൽകുന്നത്’ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലിരുന്ന് ടി.പത്മനാഭന് പറയാൻ കേൾക്കുന്നവരിൽ കൗതുകം നിറയ്ക്കുന്ന, മിണ്ടാപ്രാണികളുമൊത്തുള്ള ജീവിതാനുഭവങ്ങൾ ഏറെ.
മിണ്ടാപ്രാണികൾക്ക് ആതുരസേവനം ചെയ്യുന്ന വെറ്ററിനറി ഡോക്ടർമാരുടെ കർമം ഏറെ മഹത്വമുള്ളതെന്നും അദ്ദേഹം പറഞ്ഞു. വെറ്ററിനറി ഡോക്ടർമാരുടെ പ്രഫഷണൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ (ഐ.വി.എ ) മുഖപത്രമായ വെറ്ററിനേറിയൻ മാസികയുടെ പുതിയ ലക്കത്തിന്റെ പ്രകാശനം കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽവച്ച് നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വെറ്ററിനറി ഡോക്ടർ അല്ലെങ്കിലും മൃഗങ്ങളുമായുള്ള തന്റെ ജീവിതാനുഭവങ്ങളെല്ലാം തന്നെ കഥകളായി താൻ എഴുതിയിട്ടുണ്ടെന്നും മനുഷ്യരേക്കാൾ കൂടുതലായി സ്നേഹിക്കുന്നവരും സ്നേഹം പങ്കിടുന്നവരുമാണ് മൃഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വളർത്തുമൃഗങ്ങൾക്ക് മാത്രമല്ല, റോഡിൽ പരിക്കേറ്റു കിടന്ന മൂർഖൻ പാമ്പിനു പോലും വേദനയകറ്റാൻ ചികിത്സാസേവനം നൽകിയ വെറ്ററിനറി ഡോക്ടർമാരുടെ കർമ്മം പുണ്യപ്രവൃത്തിയാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തവണ വിവിധ പ്രഫഷണൽ കോളേജുകളിൽ മെഡിക്കൽ കോഴ്സുകളുടെ സീറ്റുകളിലേക്കുള്ള അഡ്മിഷൻ പൂർത്തിയായപ്പോൾ പല വിഭാഗങ്ങളിലും സീറ്റുകൾ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ സംസ്ഥാനത്തെ വെറ്ററിനറി കോളേജുകളിലെ സീറ്റുകളിൽ ഒന്നുപോലും ബാക്കിയാക്കാതെ വിദ്യാർഥികൾ അത്യധികം താൽപര്യത്തോടെ അഡ്മിഷൻ നേടിയ വാർത്ത തനിക്ക് ഏറെ സന്തോഷമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘അകിടിൽ പാൽ നിറഞ്ഞ് മക്കളെ കാണാതെ സങ്കടപ്പെട്ടു കരഞ്ഞുകൊണ്ട്, ലോകം മുഴുവൻ അന്വേഷിച്ചു നടക്കുന്ന തള്ളപ്പൂച്ചയെ ഓർത്തിട്ടായിരുന്നു എന്റെ മനസ്സ് കൂടുതൽ നൊന്തത്’ - എന്നെഴുതിയ കഥാകാരനാണ് ടി. പത്മനാഭൻ. ‘പൂച്ചക്കുട്ടികളുടെ വീട്’ പോലെ മിണ്ടാപ്രാണികളോടുള്ള അളവറ്റ സ്നേഹം പങ്കിടുന്ന ഒട്ടേറെ രചനകളുടെ കഥാകാരനാണ് അദ്ദേഹം.
ജീവിതത്തിലും തന്റെ കഥകളിലും മൃഗങ്ങളോടുള്ള അളവറ്റ സ്നേഹം കാത്തുസൂക്ഷിക്കുന്ന ടി. പത്മനാഭനെ ഐവിഎ ആദരിച്ചു. ഐവിഎ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. മോഹനൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. എ.ഇർഷാദ്, ട്രഷറർ ഡോ. വി.കെ.പി.മോഹൻ കുമാർ, ഡോ. പി.ഗിരീഷ് കുമാർ, ജില്ലാ ഭാരവാഹികളായ ഡോ. ഗിരീഷ് ബാബു, ഡോ. കെ.സി.അർജുൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി.പ്രശാന്ത്, ചീഫ് വെറ്ററിനറി ഓഫീസർ ബിജോയ് വർഗീസ്, ഡപ്യൂട്ടി ഡയറക്ടർ ഡോ. ഒ.എം.അജിത എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വെറ്ററിനേറിയൻ മാസികയുടെ എഡിറ്റർ ഡോ. എം.മുഹമ്മദ് ആസിഫ് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.