ADVERTISEMENT

കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന്റെ ഇന്നൊവേറ്റിഫ് ഫാർമർ 2024 പുരസ്കാരം ഏറ്റുവാങ്ങി മലയാളികൾ. കോട്ടയം കടുത്തുരുത്തി മാംഗോ മെഡോസ് മാനേജിങ് ഡയറക്ടർ എൻ.കെ.കുര്യൻ, ഗോവയിൽ കാർഷിക വിപ്ലവം തീർത്ത മലയാളി കർഷക അനിത മാത്യു വള്ളിക്കാപ്പൻ എന്നിവർ കഴിഞ്ഞ ദിവസം ഡൽഹി ഐസിഎആർ–ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചു നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.

അഗ്രോ എക്കോ ടൂറിസം  മേഖലയിലെ നൂതന ആശയങ്ങളും ജൈവവൈവിധ്യ സംരക്ഷണവുമാണ് കുര്യനെ അവാർഡിന് അർഹനാക്കിയത്. 30 ഏക്കറിൽ പരന്നുകിടക്കുന്ന മാംഗോ മെഡോസ് അഗ്രിക്കൾച്ചർ തീം പാർക്കിൽ 4,800 ഇനങ്ങളിൽപ്പെട്ട 4 ലക്ഷം ചെടികൾ സംരക്ഷിക്കപ്പെടുന്നുണ്ട്. ഒപ്പം 64 ഇനം മത്സ്യങ്ങൾ, മറ്റ് വളർത്തുപക്ഷി–മൃഗങ്ങൾ എന്നിവയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്ക് ആയ മാംഗോ മെഡോസിൽ മുന്നൂറോളം പേർക്ക് തൊഴിൽ നൽകാനും കുര്യനു സാധിച്ചു. പ്രകൃതിയെക്കുറിച്ചു കുട്ടികൾക്ക് അറിവു പകരാൻ മാത്രമല്ല ഗവേഷണ വിദ്യാർഥികൾക്ക് സസ്യ–ജീവജാലങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും പാർക്ക് അവസരം നൽകുന്നുണ്ട്.

പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിങ് രീതിയാണ് ഗോവയിലെ അസറോറയിൽ താമസിക്കുന്ന മലയാളി കർഷക അനിത മാത്യുവിനെ പുരസ്കാരത്തിന് അർഹയാക്കിയത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ കൃഷി ക്രമീകരിക്കുകയും അതുപോലെ ലാഭകരമായ ബിസിനസ് രീതികൾ അവലംബിക്കുകയും ചെയ്തതിലൂടെ ഗോവയിലെ യുവ സംരംഭകർക്ക് അനിത മാതൃകയാണ്. ഹോട്ടലുകളിൽനിന്ന് മിച്ചഭക്ഷണം ശേഖരിച്ച് പന്നികളെ വളർത്തുന്നു, ഒപ്പം വലിയ കുളങ്ങളിൽ കാളാഞ്ചി, വാള മത്സ്യങ്ങളെ വളർത്തുന്നു, മത്സ്യക്കുളത്തിലെ വെള്ളം ഉപയോഗിച്ച് 10,000 കന്നാര നനയ്ക്കുന്നു. ചുരുക്കത്തിൽ സീറോ തീറ്റച്ചെലവിൽ മികച്ച ഭക്ഷ്യോൽപാദനം കാഴ്ചയ്ക്കാൻ അനിതയ്ക്കു കഴിയുന്നു (അനിതയുടെ കൃഷി രീതികളെക്കുറിച്ച് വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക).

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഗോവയിൽ പ്രവർത്തിക്കുന്ന സെൻട്രൽ കോസ്റ്റൽ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇരുവരെയും പുരസ്കാരത്തിനായി ശുപാർശ ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com