ജന്തുജന്യ രോഗനിയന്ത്രണത്തിൽ ഏകരോഗ്യ സങ്കൽപത്തിൽ കൂട്ടായ പ്രവർത്തനം അനിവാര്യം

Mail This Article
വെറ്ററിനറി ഡോക്ടർമാരുടെ ഏക പ്രഫഷനൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണവകുപ്പ് , വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക ജന്തു ജന്യ രോഗ ദിനാചരണം സംഘടിപ്പിച്ചു. ജൂലൈ 6നു ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ജന്തുജന്യ രോഗങ്ങൾ നമ്മുടെ നാട്ടിൽ വരാതിരിക്കുവാനുള്ള നടപടികൾ എല്ലാ വകുപ്പുകളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.ഉഷാറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.ജയരാജ് സ്വാഗതം ആശംസിച്ചു. ജന്തുജന്യ രോഗങ്ങൾ കണക്കിലെടുത്ത് പബ്ലിക് ഹെൽത്തിൽ വെറ്ററിനറി വിഭാഗം പ്രത്യേകം ആരംഭിക്കണമെന്നും മൃഗചികിത്സയ്ക്കുള്ള ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വിതരണം നടത്തുന്നത് അടിയന്തരമായി നിർത്തണമെന്നും ഡോ. എൻ.ഉഷാറാണി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മിഡ് സോൺ വൈസ് പ്രസിഡന്റ് ഡോ. ജെയിൻ ചിമ്മൻ വസ്തുത വിവരണവും , ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. കെ.സവിത മുഖ്യ പ്രഭാഷണവും നടത്തി. ജില്ലാ മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്.അനിൽ കുമാർ, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ അംഗം ഡോ. ലീനാ പോൾ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. റെജി വർഗീസ് ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

‘ജന്തുജന്യ രോഗങ്ങൾ മൃഗങ്ങളിൽ’ എന്ന വിഷയത്തിൽ മണ്ണുത്തി വെറ്ററിനറി കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. സി. സേതുലക്ഷ്മിയും ‘ജന്തുജന്യ രോഗങ്ങൾ മനുഷ്യരിൽ’ എന്ന വിഷയത്തിൽ ആരോഗ്യ വകുപ്പ് ലാബ് ശക്തീകരണം, സർവെയിലൻസ്, വൺ ഹെൽത്ത് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ആർ.നിഖിലേഷ് മേനോൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ എറണാകുളം ജില്ലാ സെക്രട്ടറി ഡോ. പി.കൃഷ്ണദാസ് നന്ദി അർപ്പിച്ചു.