കാർഷിക സേവനങ്ങൾക്ക് ഇനി ‘കതിർ ആപ്’; കൃഷിവിപ്ലവം ഇനി വിരൽത്തുമ്പിലൂടെ

Mail This Article
കാർഷിക സേവനങ്ങൾക്ക് ഏകജാലക സംവിധാനം വരുന്നു. സംസ്ഥാന കൃഷി വകുപ്പു തയാറാക്കിയ ‘കതിർ ആപ്’ (KATHIR) ചിങ്ങം ഒന്നിന്, കർഷകദിനത്തിൽ നിലവിൽ വരും. കേരള അഗ്രികൾചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നതിന്റെ ചുരുക്ക പേരാണ് ‘കതിർ’. വെബ് പോർട്ടലായും, മൊബൈൽ ആപ്ലിക്കേഷനായും രൂപപ്പെടുത്തിയിട്ടുണ്ട്.

കൃഷിച്ചെലവ് കുറയ്ക്കും
ആപ് പൂർണതോതിൽ പ്രയോജനപ്പെടുത്തിയാൽ ഉൽപാദനോപാധികളുടെ ഉപയോഗം, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ മിതപ്പെടുത്തുന്നതിലൂടെ കാർഷിക ചെലവു ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണു കൃഷി വകുപ്പിന്റെ പ്രതീക്ഷ. കർഷകർക്കു നേരിട്ടു കാർഷിക വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും ആശയവിനിമയം നടത്തുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആപ് വഴിയൊരുക്കും. വിള ഇൻഷുറൻസ്, സാമ്പത്തിക സേവനങ്ങൾ, വിപണി, സാങ്കേതിക വിവരങ്ങൾ എന്നിവ ഉപയോഗിക്കുന്നതിലുളള തടസ്സങ്ങൾ മാറുമെന്നാണു കരുതുന്നത്.
ആപ്പിന്റെ ലക്ഷ്യങ്ങൾ
- കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകട സാധ്യത കുറയ്ക്കുക
- കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും ഉപദേശ സേവനങ്ങളും നൽകുക
- ഒരൊറ്റ പ്ലാറ്റ്ഫോമിൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റയും ഏകീകരിക്കുക.
- കാലാവസ്ഥ അധിഷ്ഠിതമായി വിളകൾ കണ്ടെത്തുക.
- വിള വിസ്തീർണം, വിളവ് എന്നിവ കണക്കാക്കുക
- വിതരണ ശൃംഖലയും സേവനവും ഉറപ്പാക്കുന്നതിനു മാർക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക.
- സർക്കാർ ആനുകൂല്യങ്ങളുടെയും പദ്ധതികളുടെയും നടപ്പാക്കലും നിരീക്ഷണവും.
- പ്രധാന കാർഷിക പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ

എങ്ങനെ ഉപയോഗിക്കാം?
പ്ലേ സ്റ്റോറിൽനിന്നും ആപ് സ്റ്റോറിൽനിന്നും ഡൗൺലോഡു ചെയ്യാം. മൊബൈലിൽ ആപ് ഡൗൺലോഡ് ചെയ്യുന്നതിനായി ക്യുആർ കോഡും വികസിപ്പിച്ചു.
മൂന്ന് ഘട്ടങ്ങൾ
കാലാവസ്ഥാ വിവരങ്ങൾ, മണ്ണു പരിശോധന സംവിധാനം, മണ്ണിലെ പോഷക നില, പ്ലാന്റ് ഡോക്ടർ സംവിധാനം, കാർഷിക പദ്ധതി വിവരങ്ങൾ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുക. കൃഷിക്കാവശ്യമായ വിത്ത്, വളം തുടങ്ങിയ ഉൽപാദനോപാധികളുടെ ലഭ്യത, കാർഷിക യന്ത്രങ്ങളുടെയും മാനവ വിഭവശേഷിയുടെയും ലഭ്യത, സേവനങ്ങൾ പൂർണ തോതിൽ കർഷകരിലേക്ക് എത്തിക്കൽ, വിപണി വിതരണ ശൃംഖലയുമായുള്ള സംയോജനം തുടങ്ങിയ സേവനങ്ങൾ രണ്ടാം ഘട്ടത്തിൽ ലഭ്യമാക്കും. വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭത്തിലെ വിളനാശത്തിനു നഷ്ടപരിഹാരം, ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സംവിധാനം തുടങ്ങിയ സേവനങ്ങൾ മൂന്നാം ഘട്ടത്തിലും ലഭ്യമാക്കും.

എയിംസ് പോർട്ടലിലെ സേവനങ്ങൾ കതിരുമായി ലയിപ്പിക്കും
രണ്ടു വർഷം മുൻപു വികസിപ്പിച്ച വെബ് പോർട്ടലായ അഗ്രികൾചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (എയിംസ്–AIMS)സേവനങ്ങൾ ഭാവിയിൽ കതിർ പോർട്ടലുമായി ലയിപ്പിക്കാനാണു കൃഷി വകുപ്പിന്റെ ആലോചന.
ലഭ്യമാകുന്ന സേവനങ്ങൾ
- കാലാവസ്ഥാ മുന്നറിയിപ്പുകൾ
- കീടങ്ങളും രോഗങ്ങളും സംബന്ധിച്ച മുന്നറിയിപ്പുകൾ
- കൃഷി സംബന്ധമായ വിദഗ്ധോപദേശം
- മണ്ണിന്റെ പോഷക നിലയും മണ്ണു പരിശോധനയും
- കാർഷിക പദ്ധതികൾ/സബ്സിഡി യോഗ്യത
- വിള ഡോക്ടർ അഥവാ പ്ലാന്റ് ഡോക്ടർ
- കാർഷിക വിവര ശേഖരം ലഭ്യമാക്കൽ
- വിപണി വില വിവരം
- കാർഷിക വാർത്തകൾ/അറിയിപ്പുകൾ/പുതിയ സംരംഭങ്ങൾ
- കൃഷിയിട സന്ദർശന അപേക്ഷ/നേരിട്ടുള്ള കൃഷിഭവൻ സഹായം
- ജലസേചന ക്രമീകരണം
- സംയോജിത കീട നിയന്ത്രണം
- വിള ചംക്രമണം
- ജൈവ സർട്ടിഫിക്കേഷൻ
- ഇഷ്ടാനുസരണം വളം മിശ്രിതം ഒരുക്കൽ
- ഫാം വൈവിധ്യവൽക്കരണം
- മൂല്യവർധിത ഉൽപന്ന പരിശീലനം
- ജലസംഭരണ സാങ്കേതികരീതികൾ