ADVERTISEMENT

റബർ ഉൽപാദകമേഖല പ്രതീക്ഷളോടെ വിപണിയെ ഉറ്റുനോക്കുന്നു. നവംബറിലെ മഞ്ഞുവീഴ്‌ച തുടങ്ങിയതു റബർ മരങ്ങളിൽനിന്നുള്ള യീൽഡ്‌ പല ഭാഗങ്ങളിലും ഉയർത്തി. മുന്നിലുള്ള ആഴ്‌ചകളിൽ പാൽ ലഭ്യത വർധിക്കുന്നതിന്‌ അനുസൃതമായി റബർ ഷീറ്റ്‌ ഉൽപാദനത്തിലും ഉണർവുണ്ടാവും. തുലാമഴ തെക്കൻ കേരളത്തിൽ റബർ ടാപ്പിങ്‌ പല അവസരത്തിലും തടസപ്പെടുത്തിയെങ്കിലും വടക്കൻ കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥ ഉൽപാദകരെ തോട്ടങ്ങളിലേക്ക്‌ അടുപ്പിച്ചു. മുഖ്യവിപണികളിൽ നാലാം ഗ്രേഡ്‌ റബർ കിലോ 182 രൂപയിൽ വ്യാപാരം നടന്നു. വിനിമയ വിപണിയിൽ യെന്നിന്റെ ചലനങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയ ഫണ്ടുകൾ ജാപ്പനീസ്‌ മാർക്കറ്റിൽ ലാഭമെടുപ്പ്‌ നടത്തി.  

രാജ്യാന്തര സുഗന്ധവ്യഞ്‌ജന വിപണിയിൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും സജീവം. ക്രിസ്‌മസ്‌‐പുതുവത്സവ വേളയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള കച്ചവടങ്ങൾ  നടക്കുന്നതിനാൽ രംഗത്തു കയറ്റുമതി രാജ്യങ്ങളുടെ നിറസാന്നിധ്യം. ബ്രസീലും ഇന്തോനേഷ്യയും വിയറ്റ്‌നാമും നിത്യേനെ പുതിയ ക്വട്ടേഷൻ ഇറക്കി വാങ്ങലുകാരെ ആകർഷിക്കാൻ മത്സരിക്കുന്നുണ്ടങ്കിലും നിരക്ക്‌ ഇടിച്ച്‌ കച്ചവടങ്ങൾക്ക്‌ വിൽപ്പനക്കാർ തയാറാകുന്നില്ല. ആഗോള കുരുമുളക്‌ ഉൽപാദനം ചുരുങ്ങുന്ന സൂചന നിലനിൽക്കുന്നതിനാൽ താഴ്‌ന്ന നിരക്കിൽ വിദേശ വ്യാപാരങ്ങൾ ഉറപ്പിച്ചാൽ തിരിച്ചടിയാവുമെന്ന ഭീതി വിദേശ കയറ്റുമതിക്കാരിലുണ്ട്‌. മലബാർ മുളകിന്‌ വിദേശ അന്വേഷണങ്ങൾ ചുരുങ്ങിയതിനാൽ നമ്മുടെ കയറ്റുമതിക്കാരുടെ സാന്നിധ്യം വിപണിയിൽ കുറവാണ്‌, അതേസമയം അന്തർസംസ്ഥാന വാങ്ങലുകാർ സുഗന്ധവ്യഞ്‌ജനങ്ങൾക്കായി ടെർമിനൽ മാർക്കറ്റിനെയും ഉൽപാദകകേന്ദ്രങ്ങളെയും ഒരു പോലെ ആശ്രയിക്കുന്നുണ്ട്‌. ഗാർബിൾഡ്‌ കുരുമുളക്‌ കിലോ 660 രൂപയിലും ബെസ്‌റ്റ്‌ ചുക്ക്‌ 350 രൂപയിലും വിപണനം നടന്നു.

table-price2-nov-11

 ഇറക്കുമതി രാജ്യങ്ങൾക്ക്‌ ഏലക്കയോടുള്ള അമിതാവേശം ഉൽപ്പന്നവില ഉയർന്ന തലത്തിൽ തുടരാൻ അവസരം ഒരുക്കി. ഹൈറേഞ്ചിൽ ഏലത്തിന്റെ വിളവെടുപ്പ്‌ പുരോഗമിച്ചെങ്കിലും കരുതലോടെയാണ്‌ ഉൽപാദകർ ചരക്ക്‌ ഇറക്കുന്നത്‌. ഇന്നു ലേലത്തിന്‌ എത്തിയ 16,824 കിലോ ചരക്കിൽ 16,636 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങളോട്‌ ഇടപാടുകാർ കാണിച്ച അമിത താൽപര്യത്തിൽ തുടർച്ചയായ നാലാം ദിവസവും കിലോ 2500 രൂപയ്‌ക്ക്‌ മുകളിൽ ഇടപാടുകൾ നടന്നു. ഇന്നു ശരാശരി ഇനങ്ങൾ കിലോ 2517ലേക്ക്‌ കയറി, മികച്ചയിനങ്ങൾ 2771 രൂപയിലും കൈമാറി.     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com