ADVERTISEMENT

വെളിച്ചെണ്ണ വിപണി ചെറിയൊരു ഇടവേളയ്‌ക്കു ശേഷം വീണ്ടും ചൂടുപിടിക്കുന്നു. ക്രിസ്‌മസ്‌ അടുത്തതോടെ ബേക്കറികളും മറ്റു പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽനിന്നും പതിവിലും ഡിമാൻഡ് എണ്ണയ്‌ക്ക്‌ അനുഭവപ്പെട്ടു. കേരളത്തിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽനിന്നും വെളിച്ചെണ്ണയ്‌ക്ക്‌ ആവശ്യക്കാർ എത്തുന്നതു കണ്ട്‌ തമിഴ്‌നാട്‌ ലോബി കാങ്കയം വിപണിയിൽ എണ്ണവില രണ്ട്‌ ദിവസം കൊണ്ട്‌ ക്വിന്റലിന്‌ 300 രൂപ ഉയർത്തി. എന്നാൽ കൊപ്രയ്‌ക്ക്‌ ഒരു രൂപ പോലും വർധിപ്പിക്കാൻ അവർ തയാറായില്ല. കർഷകർക്കും കൊപ്ര ഉൽപാദകർക്കും നിലവിലെ വിലക്കയറ്റം കൊണ്ട്‌ നേട്ടമില്ല, മില്ലുകാർ സ്റ്റോക്കുള്ള ചരക്ക്‌ കൂടിയ വിലയ്‌ക്ക്‌ വിറ്റഴിക്കാൻ നടത്തിയ നീക്കത്തിന്‌ കേരളത്തിലെ വ്യവസായികളും പച്ചക്കൊടി ഉയർത്തിയതിന്റെ വ്യക്‌തമായ ചിത്രമാണ്‌ ഇവിടെയും എണ്ണവിലയിൽ ദൃശ്യമാകുന്നത്‌. ഓണാഘോഷങ്ങൾക്കു ശേഷവും ദക്ഷിണേന്ത്യൻ മില്ലുകാർ ഇത്തരം ഒരു നീക്കത്തിലുടെ വെളിച്ചെണ്ണ വില മാത്രം ഉയർത്തിയിരുന്നു. എന്നാൽ അതിനു ശേഷം കൊപ്ര, പച്ചത്തേങ്ങ വിലകൾ കാഴ്‌ചവച്ച കുതിച്ചുചാട്ടം മില്ലുകാരെ ഞെട്ടിക്കുകയും ചെയ്‌തു.  

ന്യൂനമർദ്ദ ഫലമായി അടുത്ത രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്‌ക്കുള്ള സാധ്യത കാലാവസ്ഥ വിഭാഗം പ്രവചിക്കുമ്പോൾ റെയിൻ ഗാർഡ്‌ ഇട്ട തോട്ടങ്ങളിൽ വെട്ടിന്‌ അവസരം ലഭിക്കുമോയെന്ന്‌ ഉറ്റുനോക്കുകയാണ്‌ തോട്ടം മേഖല. ക്രിസ്‌മസ്‌ വരെയുള്ള ചുരുങ്ങിയ ദിവസങ്ങളിൽ പരമാവധി റബർവെട്ടിന്‌ അവസരം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ചെറുകിട കർഷകർ. രാജ്യാന്തര അവധിവ്യാപാരത്തിലെ ചാഞ്ചാട്ടങ്ങൾക്കൊപ്പം ആഭ്യന്തര ഷീറ്റ്‌ വിലയും ചുവടുവയ്ക്കുകയാണ്‌. സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ റബർ കിലോ 190 രൂപയിൽ വിപണനം നടന്നപ്പോൾ അഞ്ചാം ഗ്രേഡ്‌ 185 രൂപയിൽ കൈമാറി. ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ ഏപ്രിൽ അവധി 377 യെന്നിൽനിന്ന് 369ലേക്ക്‌ താഴ്‌ന്നു.   

table-price2-dec-12

രാജ്യാന്തര കുരുമുളക്‌ മാർക്കറ്റിൽ മലേഷ്യ ഉയർന്ന വില രേഖപ്പെടുത്തി. കയറ്റുമതിക്കാർ കുരുമുളകിന്‌ 8200 ഡോളർ ടണ്ണിന്‌ ആവശ്യപ്പെട്ടു. മലബാർ മുളക്‌ വില 8000 ഡോളറിലാണ്‌ നീങ്ങുന്നത്‌. ഇന്തോനീഷ്യ 6800 ഡോളറും വിയറ്റ്‌നാം 6300 ഡോളറിനും ക്വട്ടേഷൻ ഇറക്കിയപ്പോൾ ബ്രസീൽ 6250 ഡോളറിന്‌ മുളക്‌ വാഗ്‌ദാനം ചെയ്‌തു. മുൻനിര കുരുമുളക്‌ ഉൽപാദകരാജ്യങ്ങളിൽ ചരക്കിന്‌ ക്ഷാമം അനുഭവപ്പെടുന്നുണ്ട്‌. പുതിയ ചരക്കുവരവിന്‌ ഇനിയും ഏറെ കാത്തിരിക്കേണ്ട സാഹചര്യമായതിനാൽ ഈസ്റ്റർ വരെയുള്ള ആവശ്യങ്ങൾക്ക്‌ കച്ചവടങ്ങൾ ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ്‌ യൂറോപ്യൻ ബയർമാർ. 

English Summary:

Coconut Oil Prices Soar in Kerala as Christmas Demand Rises

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com