ആശയക്കുഴപ്പത്തിലാക്കി റബർ; ഇഞ്ചി തളർന്നു, ചുക്കിന് മാറ്റമില്ല: ഇന്നത്തെ (16/1/25) അന്തിമ വില

Mail This Article
രാജ്യാന്തര റബർ വിപണി ഏതു ദിശയിൽ സഞ്ചരിക്കുമെന്ന വ്യക്തയ്‌ക്കായി കാത്തുനിൽക്കുകയാണ് ഒരു വിഭാഗം. ക്രൂഡ് ഓയിൽ വില ഉയരുമെന്ന പ്രതീക്ഷയിലും വടക്കുകിഴക്കൻ മൺസൂൺ തായ്‌ലൻഡിൽ ശക്തിപ്രാപിക്കുന്നത് ഉൽപാദനം തടസപ്പെടുത്തുമോയെന്ന ആശങ്കയിലുമാണ് ഇടപാടുകാർ. ഇതിനിടെ ഡോളറിനു മുന്നിൽ യെൻ തിരിച്ചു വരവിന്റെ സൂചനകൾ പുറത്തുവിട്ടത് ഊഹക്കച്ചവടക്കാരെ സമ്മർദ്ദത്തിലാക്കി. റഷ്യയ്‌ക്ക് എതിരെ അമേരിക്കയുടെ പുതിയ ഉപരോധ നീക്കങ്ങൾ ക്രൂഡ് ഓയിൽ വില സെപ്‌റ്റംബറിനുശേഷമുളള ഉയർന്ന തലം കണ്ടത് കൃത്രിമ റബറിനെ സ്വാധീനിക്കാം. ഒസാക്കയിൽ ഇന്നു റബർ ജനുവരി അവധിവില രണ്ടു ശതമാനം താഴ്‌ന്നു. അതേസമയം മൺസൂൺ പ്രവചനങ്ങൾ തായ്‌മാർക്കറ്റിനു താങ്ങ് പകർന്നു. ഉയർന്ന പകൽ ചൂട് തുടരുകയാണെങ്കിലും മഴമേഘങ്ങൾ കേരളതീരം ലക്ഷ്യമാക്കി നീങ്ങുന്നതിനാൽ വാരാന്ത്യത്തോടെ അന്തരീക്ഷ താപനിലയിൽ മാറ്റം പ്രതീക്ഷിക്കാം. നിലവിൽ മരങ്ങളിൽനിന്നുള്ള പാൽ ചുരത്തൽ കുറഞ്ഞത് തോട്ടം മേഖലയ്‌ക്കു തിരിച്ചടിയാണ്. നാലാം ഗ്രേഡ് റബർ കിലോ 192 രൂപ.
ഏലക്ക ലേലം രണ്ടു ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം പുനരാരംഭിച്ചതോടെ വാങ്ങലുകാർ രംഗത്ത് സജീവമായി. വണ്ടന്മേട്ടിൽ രാവിലെ നടന്ന ലേലത്തിന് 1,01,082 കിലോ ചരക്കു വന്നതിൽ 99,316 കിലോയും വിറ്റഴിഞ്ഞു. അന്തർസംസ്ഥാന വാങ്ങലുകാരും കയറ്റുമതിക്കാരും ലേലത്തിൽ ഉത്സാഹിച്ചത് ശരാശരി ഇനങ്ങളെ കിലോ 3117 രൂപയായും മികച്ചയിനങ്ങളെ 3612 രൂപയിലേക്കും ഉയർത്തി. വരണ്ട കാലാവസ്ഥയെ ആശങ്കയോടെയാണ് ഏലം മേഖല വീക്ഷിക്കുന്നത്.

ഏതാനും മാസങ്ങളായി ചുക്ക് വില സ്റ്റെഡിയാണ്. ശൈത്യകാലത്ത് വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വിപണിയുടെ പ്രതീക്ഷയ്‌ക്ക് ഒത്ത് ഓർഡറുകൾ എത്തിയില്ലെങ്കിലും വില ഇടിച്ച് ചരക്ക് കൈമാറാൻ സ്റ്റോക്കിസ്റ്റുകൾ തയാറായില്ല. വിവിധ സംസ്ഥാനങ്ങളിൽ പതിവിൽനിന്നും വ്യത്യസ്തമായി ഇഞ്ചിക്കൃഷിക്ക് കർഷകർ ഉത്സാഹം കാണിച്ചത് പച്ചയിഞ്ചി വിലയെ ബാധിച്ചു. ഇഞ്ചി ഉൽപാദനം ഉയർന്നതിനിടെ വില കുത്തനെ ഇടിഞ്ഞതോടെ ഹിമാചൽപ്രദേശ്, ആസാം, ഒഡീഷ സംസ്ഥാനങ്ങളിൽ കർഷകർ വിളവെടുപ്പിന് താൽപര്യം കാണിക്കുന്നില്ല. കൊച്ചിയിൽ വിവിധയിനം ചുക്ക് 32,500-35,000 രൂപയിലാണ്.