പാം ഓയിൽ തുണച്ചു, വെളിച്ചെണ്ണ കുതിച്ചു; റബറിന് ഇടിവ്: ഇന്നത്തെ (17/1/25) അന്തിമ വില

Mail This Article
പാം ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ് സംഭവിച്ചത് വെളിച്ചെണ്ണയ്‌ക്കും നാളികേര കർഷകർക്കും നേട്ടം സമ്മാനിക്കുന്നു. പിന്നിട്ട കാൽ നൂറ്റാണ്ടിലേറെയായി വെളിച്ചെണ്ണയുടെ മുന്നേറ്റത്തിനു ഭീഷണിയായി നിലകൊണ്ട പാം ഓയിൽ വരവ് നവംബർ‐ഡിസംബർ കാലയളവിൽ കുറഞ്ഞത് എണ്ണ കുരുക്കളുടെ തിരിച്ചു വരവിന് അവസരം ഒരുക്കുന്നു. രണ്ടു മാസ കാലയളവിൽ പാം ഓയിൽ ഇറക്കുമതി ഏകദേശം 24 ശതമാനം കുറഞ്ഞു, വിദേശ പാം ഓയിൽ ഇറക്കുമതി ഡ്യൂട്ടി ഉയർത്തി നിശ്ചയിച്ചതാണ് വ്യവസായികളെ ഇതിൽ നിന്നും പിൻതിരിപ്പിച്ചത്. അതേസമയം വില കുറവുള്ള സൂര്യകാന്തി, സോയ എണ്ണകളുടെ ഇറക്കുമതി ഉയരുകയും ചെയ്‌തു. നവംബർ ആദ്യം 19,800 രൂപയായിരുന്ന വെളിച്ചെണ്ണ വില ഇതിനകം 2800 രൂപ വർധിച്ച് 22,600 രൂപയിലെത്തി.
അന്താരാഷ്ട്ര കുരുമുളക് വിപണിയിൽ ഇന്തോനേഷ്യയും വിയറ്റ്‌നാമും തമ്മിലുളള മത്സരങ്ങൾക്കിടയിൽ ഇരു രാജ്യങ്ങളും ഇന്ന് വിലയിൽ മാറ്റത്തിന് തയാറായില്ല. അതേസമയം മലേഷ്യൻ കയറ്റുമതിക്കാർ കുരുമുളകുവില ടണ്ണിന് 9000 ഡോളറായി ഉയർത്തി, നാലു വർഷത്തിനിടെ മലേഷ്യൻ മുളകുവില ഇത്രമാത്രം ഉയരുന്നത് ആദ്യമാണ്. ആഗോള വിപണിയിലെ ചരക്കുക്ഷാമം തന്നെയാണ് നിരക്ക് ഉയർത്തി ക്വട്ടേഷൻ ഇറക്കാൻ ഒരു വിഭാഗം കയറ്റുമതിക്കാരെ പ്രേരിപ്പിച്ചത്. വിദേശ മാർക്കറ്റുകൾ പലതും സജീവമെങ്കിലും കയറ്റുമതി ഓർഡറുകളുടെ അഭാവം മലബാർ മുളകിനെ ചെറിയ അളവിൽ ബാധിച്ചു. ദക്ഷിണേന്ത്യയിൽ നാടൻ കുരുമുളക് ലഭ്യത ചുരുങ്ങി. ഇതിനിടെ അന്തർസംസ്ഥാന വാങ്ങലുകാർ ഏതാനും ദിവസങ്ങളായി നിരക്ക് ഇടിച്ച് ചരക്ക് സംഭരണത്തിനു നീക്കം നടത്തുന്നതിനാൽ കാർഷിക മേഖല മുളക് വിൽപന കുറച്ചു. അൺ ഗാർബിൾഡ് കിലോ 64,000 രൂപ.

ബാങ്കോക്കിൽ റബർ വില താഴ്‌ന്നു, തുടർച്ചയായി ഏഴു ദിവസങ്ങളിൽ വില ഉയർന്ന ശേഷമാണ് തായ് മാർക്കറ്റിൽ ഷീറ്റ് വില ഇന്ന് 285 രൂപ ക്വിന്റലിന് ഇടിഞ്ഞ് 21,638 രൂപയായത്. റെഡി മാർക്കറ്റിലെ തളർച്ചയ്‌ക്ക് ഇടയിൽ നിക്ഷേപകർ ജാപ്പനീസ് മാർക്കറ്റിൽ വാരാന്ത്യത്തിലെ ലാഭമെടുപ്പിനു നീക്കം നടത്തി. ഡോളറിനു മുന്നിൽ യെന്നിന്റെ മൂല്യം 158.80ൽനിന്നും 155ലേക്ക് ശക്തിപ്രാപിച്ചതും റബറിന്റെ തിളക്കത്തെ ബാധിച്ചു. പുതിയ സാഹചര്യത്തിൽ നാണയം ശക്തിപ്രാപിക്കുന്നതിനാൽ ബാങ്ക് ഓഫ് ജപ്പാൻ അടുത്ത വാരം പലിശ നിരക്കുകളിൽ ഭേദഗതികൾക്കു നീക്കം നടത്താം. ഇന്ത്യൻ മാർക്കറ്റിൽ റബർ 19,100 രൂപയിൽ വിപണനം നടന്നു.