പ്രതീക്ഷ തകർത്ത് ഏലം; റബറിനും കുരുമുളകിനും തളർച്ച: ഇന്നത്തെ (20/1/25) അന്തിമ വില

Mail This Article
ഏലം ഉൽപാദകമേഖല ഏറെ പ്രതീക്ഷകളോടെയാണു പുതിയ വാരത്തിലെ ആദ്യ ലേലത്തെ ഉറ്റു നോക്കിയത്. ഉയർന്ന പകൽച്ചൂടിൽ ഉൽപാദനം കുറയുന്നതിനാൽ നിരക്ക് ഉയരുമെന്ന നിഗനമത്തിലായിരുന്നു കർഷകർ. എന്നാൽ രാവിലെ തേക്കടി ലേലത്തിൽ ശരാശരി ഇനം ഏലത്തിന് ഈ വർഷം ഇതാദ്യമായി 3000 രൂപയുടെ താങ്ങ് നഷ്‌ടപ്പെട്ടു. ജനുവരി പറന്ന ശേഷം ആദ്യമായി സുഗന്ധറാണിയുടെ വില കിലോ 2998 രൂപയിലേക്ക് താഴ്‌ന്ന് ലേലം ഉറപ്പിച്ചു. വാരാന്ത്യം മഴമേഘങ്ങളുടെ വരവിനിടെ ചരക്ക് വിറ്റുമാറാൻ ഒരു വിഭാഗം കാണിച്ച തിടുക്കും തിരിച്ചടിയായി. മൊത്തം 73,179 കിലോ ഏലക്കയാണ് ലേലത്തിന് എത്തിയത്, ഇതിൽ 71,372 കിലോയും വിറ്റഴിഞ്ഞു. ശനിയാഴ്‌ച്ച 4008 രൂപ വരെ മുന്നേറിയ മികച്ചയിനങ്ങൾ ഇന്ന് 3346 രൂപയിൽ കൈമാറി. പല ഭാഗങ്ങളിലും പകൽ താപനിലയിൽ നേരിയ കുറവുണ്ടായെങ്കിലും തുടർ മഴയ്ക്കുള്ള സാധ്യതകൾക്കു മങ്ങലേറ്റത് കാർഷിക മേഖലയ്‌ക്ക് തിരിച്ചടിയാവും. ഏലത്തോട്ടങ്ങളിൽ ജലസേചനത്തിനുള്ള മാർഗങ്ങളിലേക്ക് ഉൽപാദകരുടെ ശ്രദ്ധ തിരിയാം. ആഭ്യന്തര വിപണികളിൽനിന്നും ഇറക്കുമതി രാജ്യങ്ങളിൽനിന്നും ഏലത്തിന് ആവശ്യക്കാരുണ്ട്.
രാജ്യാന്തര തലത്തിൽ റബർ അൽപ്പം തളർച്ചയോടെയാണ് ഇന്ന് ഇടപാടുകൾ ആരംഭിച്ചത്. ജപ്പാൻ, സിംഗപ്പൂർ എക്‌സ്‌ചേഞ്ചുകളിൽ ഊഹക്കച്ചവടക്കാർ ബാധ്യതകൾ കുറയ്ക്കാൻ നീക്കം നടത്തി. ബാങ്ക് ഓഫ് ജപ്പാൻ ഈ വാരം പലിശനിരക്കുകളിൽ ഭേദഗതികൾ വരുത്തുമെന്ന സൂചനകളും ഓപ്പറേറ്റർമാരെ പുതിയ ബാധ്യതകളിൽനിന്നും പിന്തിരിപ്പിച്ചു. കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ് വില കിലോ 216 രൂപയിൽനിന്ന് 212 രൂപയിലേക്ക് ഇടിഞ്ഞത് ഏഷ്യയിലെ ഇതര റബർ മാർക്കറ്റുകളെയും സ്വാധീനിച്ചു. കൊച്ചിയിൽ റബർ കിലോ 189 രൂപയിൽ വിപണനം നടന്നു.

വിയറ്റ്‌നാമിൽ കുരുമുളകു വില ഇന്ന് സ്‌റ്റെഡിയായി നീങ്ങിയതു കണ്ട് ഇതര ഉൽപാദകരാജ്യങ്ങളും അന്താരാഷ്‌ട്ര മാർക്കറ്റിൽ വിലയിൽ മാറ്റത്തിന് തയാറായില്ല. അതേ സമയം ചൈനീസ് ഓർഡറുകൾ കുറഞ്ഞത് ഇന്തോനേഷ്യയിൽ കുരുമുളക്, വെള്ളക്കുരുമുളക് വിലകളെ നേരിയതോതിൽ സ്വാധീനിച്ചു. കൊച്ചിയിൽ 25 ടൺ മുളക് വിൽപ്പനയ്‌ക്ക് വന്നു. അൺ ഗാർബിൾഡ് 63,900 രൂപയിൽ വ്യാപാരം നടന്നു.