രൂപയുടെ ഇടിവ് കുരുമുളകിനു നേട്ടമായേക്കും; ഏഷ്യയിലെ മാന്ദ്യത്തിൽ റബറിന് ഇടിവ്: ഇന്നത്തെ (21/1/25) അന്തിമ വില

Mail This Article
ഇന്ത്യൻ കുരുമുളകുവില ഏതാനും ദിവസങ്ങളിലെ തളർച്ചയ്‌ക്കു ശേഷം തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഉത്തരേന്ത്യൻ വാങ്ങലുകാർ പല അവസരങ്ങളിലും അവരുടെ പ്രതീക്ഷയ്‌ക്ക് ഒത്ത് നാടൻ കുരുമുളക് സംഭരിക്കാൻ ക്ലേശിച്ചു. സീസൺ അടുത്തെങ്കിലും ഉൽപാദനം ചുരുങ്ങുമെന്ന വിലയിരുത്തലിൽ കാർഷികമേഖല കരുതൽ ശേഖരം വിൽപ്പനയ്‌ക്ക് ഇറക്കുന്നത് കുറച്ചത് വാങ്ങലുകാർക്ക് കനത്ത ആഘാതമായി. വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിയുടെ ആകർഷണം കുറഞ്ഞു. ഇതിനിടെ ഇതര ഉൽപാദകരാജ്യങ്ങൾ നിരക്ക് ഉയർത്താൻ നടത്തുന്ന ശ്രമങ്ങൾ ആഭ്യന്തര മാർക്കറ്റിൽ അനുകൂല തരംഗം ഉളവാക്കുമെന്നാണ് ഹൈറേഞ്ച് മേഖലയിലെ മധ്യവർത്തികളുടെ കണക്കുകൂട്ടൽ. ഇതുമൂലം അവർ കുരുമുളകിൽ പിടിമുറുക്കി. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 63,900 രൂപയിലും ഗാർബിഡ് മുളക് 65,900 രൂപയിലുമാണ്. ഇതിനിടെ വിയറ്റ്‌നാമിൽ ഇന്ന് കുരുമുളക് വിലയിൽ ഉണർവ് അനുഭവപ്പെട്ടു.
ചെറിയ ചാഞ്ചാട്ടങ്ങൾക്കു ശേഷം ഏലക്ക വിലയിൽ ഉണർവ്. ഇന്നലെ ആദ്യ ലേലത്തിൽ നിർണായകമായ മൂവായിരം രൂപയുടെ താങ്ങ് നഷ്‌ടപ്പെട്ട ശരാശരി ഇനം ഏലക്ക രണ്ടാം ലേലത്തിൽ ശക്തമായ തിരിച്ചു വരവിലൂടെ കിലോ 3040 രൂപയായി ഉയർന്നു. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ചേർന്ന് മികച്ചയിനങ്ങൾ കിലോ 3530 രൂപയ്ക്ക് ശേഖരിച്ചു. ഇതിനിടെ അന്തരീക്ഷ താപനില വീണ്ടും വർധിക്കുന്നത് ഉൽപാദകരെ അസ്വസ്ഥരാക്കുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ വിളവെടുപ്പ് വൈകാതെ നിർത്തേണ്ടി വരുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. 52,176 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് എത്തിയതിൽ 51,410 കിലോയും വിറ്റഴിഞ്ഞു.

ഏഷ്യൻ റബർ മാർക്കറ്റുകളിലെ മാന്ദ്യത്തിനിടെ തായ്‌ലൻഡിൽ ഷീറ്റ് വില കുറഞ്ഞു. അതേസമയം അവധി വ്യാപാരത്തിലും റബർ നേരിയ റേഞ്ചിൽ നീങ്ങി, ജപ്പാനിൽ റബർ ഏപ്രിൽ അവധി കിലോ 377-384 യെന്നിൽ നിലകൊണ്ടതിനാൽ ഇന്ത്യൻ മാർക്കറ്റിൽ വിവിധയിനം ഷീറ്റ് വിലയിൽ മാറ്റമില്ല. നാലാം ഗ്രേഡ് കിലോ 189ലും അഞ്ചാം ഗ്രേഡ് 186ലും കൈമാറി, ലാറ്റക്‌സ് വില 130 രൂപ.
ദക്ഷിണേന്ത്യയിൽ നാളികേരോൽപ്പന്നങ്ങളുടെ വില സ്റ്റെഡി. മണ്ഡലകാലം കഴിഞ്ഞതോടെ നാളികേരത്തിന് ആവശ്യം കുറഞ്ഞ സാഹചര്യത്തിൽ ചെറുകിട വിപണികളിൽ പച്ചത്തേങ്ങ ലഭ്യത ഉയർന്നുതുടങ്ങുമെന്നാണ് വ്യവസായ മേഖലയുടെ വിലയിരുത്തൽ. കേരളത്തിലും തമിഴ്‌നാട്ടിലും ഇന്ന് വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല.