വെളിച്ചെണ്ണ വില താഴ്‌ന്നു; ഇന്നത്തെ(23/01/25) അന്തിമ വില

Mail This Article
ഇന്ത്യൻ കുരുമുളക് വാരത്തിന്റെ തുടക്കത്തിൽ അൽപം പതറിയെങ്കിലും പിന്നീട് സ്ഥിരത കണ്ടെത്തി. ഇറക്കുമതി ലോബിയുടെ സമ്മർദം നിലനിന്നതിനാൽ രണ്ട് ദിവസമായി മുന്നേറാൻ നടത്തിയ ശ്രമം വിജയിച്ചില്ലെങ്കിലും ഇന്ന് മുളക് കരുത്ത് കാണിച്ചു. കാർഷിക മേഖല വിലക്കയറ്റം മുന്നിൽ കണ്ട് ചരക്ക് പിടിച്ചു. ഇതിനിടയിൽ തുടർച്ചയായ മൂന്നാം ദിവസവും വിയറ്റ്നാം മുളക് വില ഉയർന്നത് ആഗോള ഇറക്കുമതിക്കാർ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നു. വിയറ്റ്നാമിലെ ഉണർവിൻെറ ചുവട് പിടിച്ച് ഇന്തോനേഷ്യയും വില ഉയർത്തി. ബ്രസീലിയൻ മാർക്കറ്റ് ഓപ്പൺ ആയിട്ടില്ലെങ്കിലും രാത്രി അവർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റ് നോക്കുകയാണ് ഇന്ത്യ അടക്കമുള്ള ഉൽപാദന രാജ്യങ്ങൾ. കൊച്ചിയിൽ 31 ടൺ മുളക് വിൽപ്പനയ്‌ക്ക് എത്തി. അൺ ഗാർബിൾഡ് 100 രൂപ കയറി 64,000 രൂപയായി.
യു എസ് ഭരണകൂടം പുതിയ നികുതികൾ ഏർപ്പെടുത്തുമെന്ന ആശങ്കകൾ ആഗോള റബറിൽ സമ്മർദ്ദം ഉളവാക്കുമ്പോൾ മറുവശത്ത് പ്രതികൂല കാലാവസ്ഥയിൽ തായ്‌ലൻറ്റിൽ ഉൽപാദനം തടസപ്പെട്ടത് ജപ്പാനിൽ റബർ അവധി വിലകളെ ഇരു ദിശയിലേയ്‌ക്കും വലിക്കുകയാണ്. വിപണിക്ക് വ്യക്തമായ ഒരു ദിശ ഇനിയും കണ്ടെത്താനായില്ലെങ്കിലും ഒസാക്കയിൽ റബറിന് 386 യെന്നിൽ പ്രതിരോധം ഉയരുന്നതിനാൽ നാളെ ലാഭമെടുപ്പിന് സാധ്യത, അത്തരം ഒരു നീക്കം ഇതര വിപണികളെ അത് പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്ത് ഇന്ന് റബർ സ്‌റ്റെഡി നിലവാരത്തിൽ നീങ്ങി.

കേരളത്തിൽ നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ നേരിയ കുറവ്. തമിഴ്‌നാട്ടിൽ ഇന്നും ഇന്നലെയുമായി കൊപ്ര വില കുറഞ്ഞത് മില്ലുകാരെ സറ്റോക്കുള്ള എണ്ണ വിറ്റുമാറാൻ പ്രേരിപ്പിച്ചു. ശബരിമല സീസൺ അവസാനിച്ചതിനാൽ ദക്ഷിണേന്ത്യൻ നാളികേരത്തിന് ഡിമാൻറ് കുറഞ്ഞു. പുതിയ സാഹചര്യത്തിൽ പച്ചതേങ്ങ വരവ് ഉയരുമെന്ന നിഗനമത്തിലാണ് കൊപ്രയാട്ട് വ്യവസായികൾ. കൊച്ചിയിൽ വെളിച്ചെണ്ണ, കൊപ്ര വിലകൾ ക്വിൻറ്റലിന് 100 രൂപ താഴ്‌ന്നു.