‘നൂറുമേനി നന്ദി’: ഡോ. എം.എസ്.സ്വാമിനാഥന്റെ ജന്മശതാബ്ദിയാഘോഷം ഇന്ന് കുട്ടനാട്ടിൽ

Mail This Article
ഡോ. എം.എസ്.സ്വാമിനാഥന്റെ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഇന്ന് (ജനുവരി 23) കര്‍ഷക കൂട്ടായ്മ. എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മലയാള മനോരമയുടെ കര്‍ഷകശ്രീ മാസികയുടെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും സഹകരണത്തോടെയാണ് ‘നൂറുമേനി നന്ദി’ എന്ന പേരില്‍ കര്‍ഷക കൂട്ടായ്മ ഒരുക്കുന്നത്. കുട്ടനാടിനും അവിടത്തെ കാർഷികമേഖലയ്ക്കും ഡോ. സ്വാമിനാഥൻ നൽകിയ സംഭാവനകൾ അനുസ്മരിക്കുന്ന ചടങ്ങിൽ കുട്ടനാടിനു വേണ്ടി സ്വാമിനാഥൻ ഫൗണ്ടേഷൻ തയാറാക്കുന്ന സുസ്ഥിര വികസനപദ്ധതികൾ അവതരിപ്പിക്കും.
മങ്കൊമ്പിലെ എം.എസ്.സ്വാമിനാഥന്‍ നെല്ലുഗവേഷണ കേന്ദ്രത്തില്‍ വൈകിട്ട് നാലിനു തുടങ്ങുന്ന പരിപാടി എംപി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. കുട്ടനാടിനുള്ള ഐക്യരാഷ്ട്രസഭയുടെ ‘രാജ്യാന്തര പ്രാധാന്യമുള്ള കാര്‍ഷിക പൈതൃക വ്യവസ്ഥ’ എന്ന അംഗീകാരം കൃഷിമന്ത്രി പി.പ്രസാദിന് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ കൈമാറും.
മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു അലക്സ്, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാൻ ഡോ. എന്‍.അനില്‍ കുമാര്‍, കുട്ടനാട് പാക്കേജിനായുള്ള പഠനസമിതി അധ്യക്ഷനായിരുന്ന ഡോ. എസ്.ബാലരവി, കര്‍ഷകനും മുന്‍ ‘റോ’ മേധാവിയുമായ പി.കെ.ഹോര്‍മിസ് തരകന്‍ എന്നിവര്‍ പ്രസംഗിക്കും.
കര്‍ഷകര്‍ക്കും കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്കും മറ്റുള്ളവര്‍ക്കും കർഷക കൂട്ടായ്മയിൽ പങ്കുചേരാന്‍ അവസരമുണ്ട്.