കുരുമുളക് വില ഉയർത്തി ബ്രസീലും; വില ഇടിഞ്ഞ് നാളികേരം: ഇന്നത്തെ (24/1/25) അന്തിമ വില

Mail This Article
പ്രതീക്ഷിച്ച പോലെ തന്നെ ബ്രസീലിൽ കയറ്റുമതിക്കാർ അന്താരാഷ്‌ട്ര വിപണിയിൽ കഴിഞ്ഞ രാത്രി കുരുമുളകുവില ഉയർത്തി. ആഗോള തലത്തിൽ മുഖ്യ ഉൽപാദകരാജ്യങ്ങളിൽ സ്റ്റോക്ക് ചുരുങ്ങിയ സാഹചര്യത്തിലാണ് ബ്രസീൽ വില വർധിപ്പിച്ചത്. വിയറ്റ്‌നാമും ഇന്തോനേഷ്യയും നിരക്ക് ഉയർത്തിയ പശ്ചാതതലത്തിൽ ബ്രസീലിലെ ബെല്ലാം തുറമുഖം കേന്ദ്രമായി പ്രവർത്തിക്കുന്ന കയറ്റുമതിക്കാർ വില ഉയർത്തുമെന്ന് ഇന്നലെ തന്നെ മനോരമ ഓൺലൈൻ സൂചന നൽകിയത് ശരിവച്ച് ബ്രസീൽ കുരുമുളക് ആസ്റ്റ ക്വാളിറ്റി വില വർധിപ്പിച്ചു. അമേരിക്കൻ കയറ്റുമതിക്ക് അനുയോജ്യമായ ചരക്കാണ് ആസ്റ്റ ക്വാളിറ്റി. നിലവിൽ പല കയറ്റുമതി രാജ്യങ്ങളിലും മുളക് കാര്യമായില്ലാത്തതിനാൽ വാങ്ങലുകാർ പിടിമുറുക്കാം. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളകിന് 100 രൂപ കയറി 66,100 രൂപ.
ഏഷ്യൻ റബർ മാർക്കറ്റുകളിൽ ഉൽപ്പന്ന വില താഴ്‌ന്നു. ഷീറ്റിന് ചൈനീസ് വാങ്ങൽ താൽപര്യം കുറയുന്നത് മുന്നിൽ കണ്ട് സ്റ്റോക്ക് വിറ്റുമാറാൻ ഉൽപാദന രാജ്യങ്ങൾ ഉത്സാഹിച്ചു. ലൂണാർ പുതുവത്സരാഘോഷങ്ങൾക്ക് ചൈന ഒരുങ്ങുന്നതിനാൽ ബയ്യർമാർ രംഗത്തുനിന്നു പൂർണമായി പിന്മാറും മുന്നേ ചരക്ക് വിറ്റുമാറാൻ തായ്‌ലൻഡും ഇന്തോനേഷ്യയും തിടുക്കം കാണിച്ചു. ബാങ്കോക്കിൽ റബർ വില കിലോ 210 രൂപയിൽനിന്ന് 207 രൂപയായി ഇടിഞ്ഞു. കൊച്ചി, കോട്ടയം വിപണികളിൽ നാലാം ഗ്രേഡ് 190 രൂപയിലാണ്.
ഏലം ഉൽപാദകകേന്ദ്രങ്ങളിൽ പകൽ താപനില പതിവിലും വർധിച്ചത് ഉൽപാദകരെ തോട്ടങ്ങളിൽനിന്നും പിൻതിരിയാൻ നിർബന്ധിതരാകുന്നു. മഴയുടെ അഭാവം മൂലം ഒട്ടുമിക്ക തോട്ടങ്ങളും വരൾച്ചയുടെ പിടിയിലേക്ക് തിരിയുന്ന സാഹചര്യമാണ്. താപനില ഉയർന്നതിനാൽ ശരങ്ങൾക്ക് വാട്ടം തട്ടുന്നത് തോട്ടങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. അറബ് രാജ്യങ്ങൾ നോമ്പുകാല ആവശ്യങ്ങൾക്കു വേണ്ടിയുള്ള ഏലക്ക സംഭരണം തുടരുന്നു. കാലാവസ്ഥ മാറ്റങ്ങൾക്കിടയിൽ ഇന്ന് ആകെ 14,065 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് എത്തിയതിൽ 13,431 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 3003 രൂപയായും മികച്ചയിനങ്ങൾ 3449 രൂപയിലും കൈമാറി.

നാളികേരോൽപ്പന്നങ്ങളുടെ വില വീണ്ടും കുറഞ്ഞു. തമിഴ്‌നാട്ടിൽ കൊപ്രയ്‌ക്ക് 15,000 രൂപയിലെ നിർണായക താങ്ങ് നഷ്‌ടപ്പെട്ടത് ഉൽപാദകരിൽ ആശങ്ക ഉളവാക്കുന്നു, വില ഇടിഞ്ഞിട്ടും മില്ലുകാർ ചരക്ക് സംഭരണ രംഗത്ത് സജീവമല്ല. ശബരിമല സീസൺ അവസാനിച്ചതാണ് നാളികേരോൽപന്നങ്ങൾക്ക് ഡിമാൻഡ് മങ്ങാൻ ഇടയാക്കിയത്. കൊച്ചിയിൽ തുടർച്ചയായ രണ്ടാം ദിവസവും വെളിച്ചെണ്ണ, കൊപ്ര വിലകൾ ക്വിന്റലിന് 100 രൂപ വീതം താഴ്‌ന്നു.