സീസൺ ആരംഭത്തിൽ കുരുമുളക് കുതിക്കുന്നത് ആദ്യം, ഇന്നും വില കയറി: ഇന്നത്തെ (30/1/25) അന്തിമ വില

Mail This Article
കുരുമുളകുവില വർധന കണ്ട് ഒരു വിഭാഗം ചെറുകിട കർഷകർ വിളവെടുപ്പിനു തിടുക്കം കാണിക്കുന്നു. പിന്നിട്ട പത്തു വർഷത്തെ ചരിത്രം വിലയിരുത്തിയാൽ സീസൺ ആരംഭത്തിൽ കുരുമുളകുവില കിലോ 650 രൂപയ്‌ക്കു മുകളിൽ സഞ്ചരിക്കുന്നത് ആദ്യമാണ്. അതുകൊണ്ടുതന്നെ ഉയർന്ന വിലയുടെ മാധുര്യം കൈപ്പിടിയിൽ ഒരുക്കാൻ ഉൽപന്നം തിരക്കിട്ട് വിറ്റുമാറാനുള്ള സാധ്യതകൾ ഗ്രാമീണ മേഖലയിലെ ചെറുകിട വാങ്ങലുകാരും കണക്കുകൂട്ടുന്നു. നാടൻ കുരുമുളകിനു ക്ഷാമം തുടരുന്നത് ഉൽപന്നം മികവ് നിലനിർത്തുമെന്ന പ്രതീക്ഷ സ്റ്റോക്കിസ്റ്റുകളും നിലനിർത്തുന്നു. അൺ ഗാർബിൾഡ് കുരുമുളക് 300 രൂപ വർധിച്ച് 65,700 രൂപയായി, ഗാർബിൾഡ് മുളക് വില 67,700 രൂപ.
ചുക്ക് ഉൽപാദകരും സ്റ്റോക്കിസ്റ്റുകളും അൽപ്പം ആശങ്കയിലാണ്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇഞ്ചി ഉൽപാദനം ഉയർന്നത് വിലത്തകർച്ചയ്‌ക്ക് ഇടയാക്കിയതോടെ കൈവശമുള്ള ചുക്ക് താഴ്‌ന്ന വിലയ്‌ക്ക് വിറ്റഴിക്കേണ്ടി വരുമൊയെന്ന ഭീതിയിലാണ് പലരും. മഹാരാഷ്‌ട്രയിലും ആന്ധ്രയിലും മാത്രമല്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇഞ്ചിക്കൃഷിക്ക് അനുകൂല സാഹചര്യം ഒത്തുവന്നത് കർഷകർ നേട്ടമാക്കി. ഇതിനിടെ ലഭ്യത ഉയർന്നതിനൊപ്പം പച്ചയിഞ്ചി വില ഇടിഞ്ഞത് പലരെയും വിളവെടുപ്പിൽനിന്നു പിന്തിരിപ്പിച്ചു. ദക്ഷിണേന്ത്യൻ ചുക്കിന് സാധാരണ ശൈത്യകാല ഡിമാൻഡ് അനുഭവപ്പെടാറുണ്ടെങ്കിലും ഇത്തവണ ആവശ്യക്കാർ കുറവായിരുന്നു. എങ്കിലും നോമ്പുകാല ആവശ്യങ്ങൾക്കുള്ള വാങ്ങൽ വിപണി വൃത്തങ്ങൾ മുന്നിൽ കാണുന്നു. കൊച്ചിയിൽ വിവിധയിനം ചുക്ക് 32,250–35,000 രൂപയിലാണ്. നേരത്തെ ഉറപ്പിച്ച കരാറുകൾ പ്രകാരം അറബ് രാജ്യങ്ങളിലേക്കുള്ള ഷിപ്പ്‌മെന്റുകൾ പൂർത്തിയാക്കുന്ന തിരക്കിലാണ് കയറ്റുമതി മേഖല.

ഏഷ്യൻ റബർ അവധി വിപണികളിൽ ഉൽപന്നവില നേരിയ റേഞ്ചിൽ നീങ്ങിയതിനാൽ തിരക്കിട്ടുള്ള ചരക്കു സംഭരണത്തിൽനിന്നു വ്യവസായികൾ വിട്ടു നിന്നു. പല രാജ്യങ്ങളിലും ഉൽപാദനം കുറഞ്ഞങ്കിലും വാങ്ങൽ താൽപര്യം ശക്തമല്ല. ഇതിനിടെ പ്രതികൂല കാലാവസ്ഥയിൽ തായ്‌ലൻഡിൽ ഉൽപാദനം ചുരുങ്ങിയത് മൂന്നാം ഗ്രേഡ് ഷീറ്റ് വില കിലോ 214 രൂപയിലേക്ക് ഉയർത്തി. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർവില കിലോയ്ക്ക് 192 രൂപയായി ഉയർന്നു.