ADVERTISEMENT

ഉത്തരേന്ത്യൻ വ്യവസായികൾക്ക്‌ യഥാസമയം കുരുമുളക്‌ കൈമാറാനാവാതെ ഒരു വിഭാഗം മധ്യവർത്തികൾ നട്ടം തിരിയുന്നു. ജനുവരി അവസാനത്തിന്‌ മുന്നേ കയറ്റിവിടാമെന്ന വ്യവസ്ഥയിൽ കച്ചവടങ്ങൾ ഉറപ്പിച്ചവർക്കാണ്‌ ചരക്ക്‌ ക്ഷാമം മൂലം തിരിച്ചടി നേരിട്ടത്‌. സംസ്ഥാനത്തിൻറ വിവിധ ഭാഗങ്ങളിൽ നിന്നും മുളക്‌ സംഭരണത്തിന്‌ മധ്യവർത്തികൾ പിന്നിട്ട പത്ത്‌ ദിവസങ്ങളിൽ നടത്തിയ ശ്രമങ്ങൾ വേണ്ടത്ര വിജയിച്ചില്ല. ഇതിനിടയിൽ ഉൽപ്പന്ന വില നിത്യേനെ ഉയർന്നതോടെ ഇടപാടുകൾ നഷ്‌ടത്തിലേയ്‌ക്ക്‌ നീങ്ങിയെന്നാണ്‌ വിപണി വൃത്തങ്ങളിൽ നിന്നും ലഭ്യമാവുന്ന സൂചന. പിന്നിട്ടവാരത്തിൽ  ക്വിൻറ്റലിന്‌ 1700 രൂപയാണ്‌ വർധിച്ചത്‌, നൂറ്‌ കണക്കിന്‌ ടൺ നാടൻ കുരുമുളകിൻെറ നീക്കം തടസപ്പെട്ടതായാണ്‌ വിവരം. കുരുമുളക്‌ വില കൂടുതൽ ആകർഷകമായി മാറുമെന്ന നിലപാടിൽ കാർഷിക കേരളം ഉറച്ച്‌ നിന്നതിനാൽ ചരക്കിന്‌ വിൽപ്പനക്കാർ കുറവാണ്‌. ഇതിനിടയിൽ സ്‌റ്റോക്കിസ്‌റ്റുകളും വിൽപ്പന നിയന്ത്രിച്ചത്‌ വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കി. അൺ ഗാർബിൾഡ്‌ കുരുമുളക്‌ 66,100 രൂപയിലും ഗാർബിൾഡ്‌ 68,100 രൂപയിലും ഇന്ന്‌ വ്യാപാരം നടന്നു. 

  വ്യവസായിക ഡിമാൻറ്റിന്റെ  അഭാവം ബാങ്കോക്കിൽ റബറിന്‌ തിരിച്ചടിയായി. ചൈനീസ്‌ വ്യവസായികൾ പുതുവത്സരാഘോഷങ്ങളിൽ അമർന്ന്‌ നിന്നതിനാൽ ഷീറ്റിന്‌ പുതിയ അന്വേഷണങ്ങൾ നിലച്ചതിനാൽ ബാങ്കോക്കിൽ റബർ വില കിലോ 215 രൂപയായി കുറഞ്ഞു. അഞ്ച്‌ ദിവസങ്ങളിലെ തുടർച്ചയായ വിലക്കയറ്റത്തിന്‌ ശേഷമാണ്‌ തായ്‌ മാർക്കറ്റിൽ വില താഴ്‌ന്നത്‌. ചൈനീസ്‌ മാർക്കറ്റ്‌ അവധിയായതിനാൽ ജപ്പാൻ, സിംഗപ്പൂർ വിപണി നിയന്ത്രണം ഊഹക്കച്ചവടകാരിൽ ഒതുങ്ങിയതും റബർ ഉൽപാദന രാജ്യങ്ങളുടെ കണക്ക്‌ കൂട്ടലുകൾ തെറ്റിച്ചു. കേരളത്തിൽ പകൽ താപനില വീണ്ടും കനത്തതോടെ മരങ്ങളിൽ നിന്നുള്ള യീൽഡ്‌ കുറഞ്ഞു, എന്നാൽ നിരക്ക്‌ മുൻ വർഷത്തെ അപേക്ഷിച്ച്‌ ഉയർന്ന തലത്തിൽ നീങ്ങുന്നതിനാൽ ഷീറ്റും ലാറ്റക്‌സും വിറ്റുമാറാൻ കർഷകർ ഉത്സാഹിച്ചു, അതേ സമയം മധ്യവർത്തികൾ രംഗത്ത്‌ സജീവമല്ല. നാലാം ഗ്രേഡ്‌ റബർ കിലോ 193 രൂപയിൽ വ്യാപാരം നടന്നു. 

commodity-market-price

     ഏലം ഉൽപാദന മേഖലയിൽ ഇന്ന്‌ രണ്ട്‌ ലേലങ്ങൾ നടന്നു. രാവിലെ നടന്ന ലേലത്തിൽ 46,000 കിലോയോളം ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ ഇറങ്ങിയപ്പോൾ ഉച്ചയ്‌ക്ക്‌ ശേഷം നടന്ന ലേലത്തിൽ വരവ്‌ 17,000 കിലോയിൽ ഒരുങ്ങി. കാലാവസ്ഥ വ്യതിയാനം മൂലം വിളവെടുപ്പ്‌ മന്ദഗതിയിലാണെന്ന്‌ ഉൽപാദകർ. ലഭ്യത കുറവ്‌ മുൻ നിർത്തി കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ചരക്ക്‌ സംഭരണത്തിന്‌ ഉത്സാഹിക്കുന്നുണ്ട്‌.  

   

English Summary:

Kerala pepper shortage hits North Indian industries; prices soar due to low supply and farmer withholding. Cardamom and rubber markets also experience price fluctuations due to seasonal factors and reduced demand.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com