കാലാവസ്ഥാ വ്യതിയാനം ഏലം മേഖലയെ ബാധിച്ചു: കർഷകരുടെ സംശയങ്ങൾക്ക് ഉത്തരമേകി ഏലക്കൃഷി സെമിനാർ

Mail This Article
കഴിഞ്ഞ 3–4 വർഷങ്ങളിൽ ആഗോളതലത്തിലുണ്ടായ കാലാവസ്ഥാ വ്യതിയാനം ഏലം മേഖലയെ ദോഷകരമായി ബാധിച്ചെന്ന് വിദഗ്ധർ. കർഷകസഭയുടെ ആദ്യദിനത്തിലെ ‘എങ്ങനെയാവണം നമ്മുടെ ഏലം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് കാലാവസ്ഥാ വ്യതിയാനം ചർച്ചയായത്. മൈലാടുംപാറ കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. കെ.ധനപാൽ മോഡറേറ്ററായിരുന്നു.
ശാന്തൻപാറ കൃഷി വിജ്ഞാനകേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.സുധാകർ സൗന്ദരരാജൻ ക്ലാസ് നയിച്ചു. 1985 മുതൽ 2015 വരെ സന്തുലിതമായിരുന്ന മഴക്കാലവും ചൂടും പിന്നീട് മാറിമറിഞ്ഞതോടെയാണ് ഏലം കൃഷിയിൽ പുതിയ രോഗങ്ങളും കീടബാധയുമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷവും അഞ്ച് ലക്ഷത്തോളം തേനീച്ചകളും കുറയുന്നു. കർഷകരുടെ മിത്രമായ തേനീച്ചകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മണ്ണിൽ വേണ്ടത്ര മൂലകങ്ങൾ ഇല്ലാത്തതും രോഗകീടബാധയ്ക്ക് കാരണമാകുന്നുണ്ട്. ഏലത്തെ ബാധിക്കുന്ന ഊരൻ, ഫിസേറിയം, ചൊറി, അഴുകൽ തുടങ്ങിയ എല്ലാവിധ രോഗങ്ങൾക്കുമുള്ള ഫലപ്രദമായ പ്രതിരോധമാർഗങ്ങളെക്കുറിച്ചും പുതിയ തലമുറ കീടനാശിനികളുടെ ഉപയോഗത്തെക്കുറിച്ചും വേനലിനെ ചെറുക്കാൻ ഏലച്ചെടികളിൽ ഉപയോഗിക്കുന്ന മീതലോ ബാക്ടീരിയ, പൊട്ടാസ്യം സിലിക്കേറ്റ് തുടങ്ങിയവയുടെ ഉപയോഗ ക്രമത്തെക്കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു. തുടർന്ന് നടന്ന സംവാദത്തിൽ കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകി.
കുട്ടംതടത്തിൽ ട്രേഡിങ് കമ്പനി എംഡി ബിജോയ് കുട്ടംതടത്തിൽ, യൂണിയൻ ബാങ്ക് പ്രതിനിധികളായ കീർത്തന, നിധിൻ എന്നിവരും ക്ലാസുകൾ നടത്തി.
ഏലക്കൃഷി ഇന്ന് സങ്കീർണം: ഏബ്രഹാം ചാക്കോ
1980കളിൽ ഞാൻ കാർഷിക ജീവിതം ആരംഭിക്കുമ്പോൾ വർഷത്തിൽ ഒരുതവണ മാത്രമാണ് കീടനാശിനി ഉപയോഗിച്ചിരുന്നത്. പിന്നീട് അത് വർധിച്ചു. ലളിതമായിരുന്ന ഏലക്കൃഷി ഇന്ന് സങ്കീർണമാക്കി മാറ്റി. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷിരീതി 1990 കാലഘട്ടമായപ്പോഴേക്കും ചെലവ് വർധിക്കാൻ കാരണമായി. രാസവളങ്ങൾ ഉപയോഗിച്ചപ്പോൾ മണ്ണിലെ കാർബൺ കുറയുകയാണ് ഉണ്ടായത്. അത് പലവിധ രോഗകീടബാധകൾക്ക് കാരണമായിത്തീർന്നു. രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി നഷ്ടത്തിലായതോടെയാണ് ജൈവ കൃഷിയിലേക്ക് തിരിഞ്ഞത്. പ്രകൃതിയിലെ സസ്യങ്ങൾക്ക് വളപ്രയോഗം നടത്താതെ നൈട്രജനും പൊട്ടാഷും ഫോസ്ഫറസുമൊക്കെ എങ്ങനെ കിട്ടുന്നെന്ന അന്വേഷണമാണ് ജൈവകൃഷിയിലേക്ക് തിരിയാൻ ഇടയാക്കിയത്.
പ്രകൃതിയെ മറന്ന് കൃഷി ചെയ്യരുത്: സ്‌റ്റെനി പോത്തൻ
പ്രകൃതിയെ മറന്ന് കൃഷി ചെയ്യരുത്. അത് നമ്മുടെ അന്ത്യമാകും. നല്ല കൃഷി മാതൃകകൾ ഉണ്ടാകണം. പൂർണമായി ജൈവ കൃഷിയിലേക്ക് മാറാൻ കഴിയുമോയെന്ന് സംശയമാണ്. രാസകീടനാശിനികൾക്കൊപ്പം മണ്ണ് സംരക്ഷണവും വേണം. അതിനാൽ രണ്ടും യോജിപ്പിച്ചുള്ള കൃഷിയിലൂടെ മാത്രമേ ഏലം വിജയിപ്പിച്ചെടുക്കാൻ സാധിക്കൂ. ഏതെങ്കിലും ഒരുരീതിയിലേക്ക് മാത്രം തിരിഞ്ഞ് മണ്ണിനെ നശിപ്പിക്കരുത്. സൂക്ഷ്മ ജീവികൾ മണ്ണിൽ ആവശ്യമാണ്. അതിന് പുതയിടണം. രാസവളങ്ങൾ ആവശ്യത്തിന് മാത്രമാക്കിക്കൊണ്ട് പിണ്ണാക്കുകൾ, ചാണകം തുടങ്ങിയവയും ഉപയോഗിക്കണം.
മണ്ണിന്റെ പിഎച്ച് മാറുമ്പോഴാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഏലക്കായുടെ 10 ശതമാനം കയറ്റുമതി ഏതാനും വർഷങ്ങളായി കൂടുന്നുണ്ട്. മധ്യപൂർവേഷ്യൻ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്ന ഏലക്കാ ഗുണനിലവാരം കുറവാണെന്ന കാരണത്താൽ ഏതാനും വർഷം മുൻപ് തിരിച്ചയച്ചിരുന്നു. അതിനാൽ ഓരോ രാജ്യങ്ങളും നിഷ്‌കർഷിക്കുന്ന ഗുണനിലവാരത്തിലുള്ള ഏലക്കാ ഉൽപാദിപ്പിച്ച് ലോകം കീഴടക്കണം.