ADVERTISEMENT

ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് കുടിയേറ്റ കാലത്തോളം പഴക്കമുണ്ടെങ്കിലും 2010ന് ശേഷം ഇത് രൂക്ഷമായി. പരിസ്ഥിതി സംഘടനകളും കോടതി വ്യവഹാരങ്ങളും റവന്യു വകുപ്പിന്റെ ജാഗ്രതക്കുറവുമാെക്കെ ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഭൂപതിവ് ചട്ടലംഘനവുമായി ബന്ധപ്പെട്ട നിർമാണ നിരോധനം, പട്ടയ പ്രശ്നങ്ങൾ, സിഎച്ച്ആർ, ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിർമാണ നിയന്ത്രണം തുടങ്ങി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ഇപ്പോഴും അവസാനമില്ല.

ഭൂപതിവ് ചട്ടവും നിർമാണ വിലക്കും

ജില്ലയിൽ ഭൂരിഭാഗം പട്ടയങ്ങളും 1964 ലെ ഭൂപതിവ് ചട്ടപ്രകാരവും 1993ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരവും പതിച്ചു നൽകിയിട്ടുള്ളതാണ്. ഭൂപതിവ് നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് 2019 ഓഗസ്റ്റ് 22ന് സർക്കാർ ഉത്തരവിറങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായി. 2023 സെപ്റ്റംബർ 14ന് ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കി. എന്നാൽ പ്രാബല്യത്തിൽ കാെണ്ടുവരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

പട്ടയ വിതരണ നിരോധനം

2024 ജനുവരി 10 നാണ് 1964 ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയവിതരണം തടഞ്ഞുകാെണ്ട് ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയത്. എന്നാൽ ഇൗ കേസിൽ കോടതിയെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ സർക്കാർ അഭിഭാഷകർക്ക് കഴിയാത്തതാണ് പട്ടയ വിലക്കിലേക്ക് നയിച്ചതെന്ന് നിയമവിദഗ്ധർ പറയുന്നു.

2024 ഒക്ടോബർ 24 നാണ് സിഎച്ച്ആറിലെ പട്ടയം തടഞ്ഞുകാെണ്ട് സുപ്രീംകോടതിയുടെ ഉത്തരവിറങ്ങിയത്. ഇതോടെ ജില്ലയിലെ പട്ടയ വിതരണം പൂർണമായും നിലച്ചു. ഷോപ് സൈറ്റുകൾ, രാജാക്കാട് മേഖലയിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ, കല്ലാർകുട്ടിയിലെ 10 ചെയിൻ മേഖല, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജുകളിലെ 3 ചെയിൻ മേഖലകൾ എന്നിവിടങ്ങളിൽ പട്ടയം നൽകാൻ നടപടിയുണ്ടായിട്ടില്ല.

ആധിയൊഴിയാതെ സിഎച്ച്ആർ മേഖല

21,5720 ഏക്കർ സിഎച്ച്ആർ ഭൂമി വനമാണെന്നും ഇവിടത്തെ പട്ടയവും പാട്ടവും റദ്ദാക്കി ഭൂമിയേറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന ഒരു പതിറ്റാണ്ട് മുൻപ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഇപ്പോൾ അന്തിമ വാദം നടന്നുകാെണ്ടിരിക്കുകയാണ്. ഇൗ കേസിൽ പരിസ്ഥിതി സംഘടനയ്ക്ക് അനുകൂലമായ ഉത്തരവുണ്ടായാൽ ജില്ലയിലെ ലക്ഷക്കണക്കിന് കർഷകർ കുടിയാെഴിയേണ്ടി വരും.

സിഎച്ച്ആറിൽ ഭൂമിയുടെ നിയന്ത്രണം റവന്യു വകുപ്പിനും മരങ്ങളുടെ സംരക്ഷണ വനം വകുപ്പിനുമാണെന്നുമായിരുന്നു 2016 വരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്. അതിന് ശേഷം റവന്യു, വനം വകുപ്പുകളും സർക്കാരും വിവിധ കോടതികളിൽ നൽകിയിട്ടുള്ള സത്യവാങ്മൂലങ്ങളിലും വനം വകുപ്പിന്റെ വാർഷിക ഭരണ റിപ്പോർട്ടിലും സിഎച്ച്ആർ റിസർവ് വനമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ സുപ്രീംകോടതിയിൽ ഭൂമിയുടെ അധികാരം റവന്യു വകുപ്പിനും മരങ്ങളുടെ സംരക്ഷണ ചുമതല വനം വകുപ്പിനാണെന്നും വ്യക്തമാക്കുന്നു. കൂടാതെ സിഎച്ച്ആറിൽ 15,720 ഏക്കർ റിസർവ് വനമാണെന്നും പരാമർശമുണ്ട്.

ഏലം പട്ടയ ഭൂമിയിലെ നിർമാണ നിരോധനം

ഏലം പട്ടയ ഭൂമിയിൽ താെഴിലാളികൾക്ക് താമസിക്കാനുള്ള ലയം, ഏലം സ്റ്റോർ എന്നിവ നിർമിക്കാൻ മുൻപ് അനുമതി ലഭിച്ചിരുന്നു. എന്നാൽ 2019 നവംബർ 19ന് ഏലം പട്ടയ ഭൂമിയിൽ നിർമാണങ്ങൾ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇങ്ങനെ നിർമാണങ്ങൾക്ക് അനുമതി നൽകിയാൽ പിന്നീട് ഫാംഹൗസ് എന്ന പേരിൽ റിസോർട്ട് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നായിരുന്നു സർക്കാർ വാദം.

ബഫർ സോൺ വിജ്ഞാപനം

മതികെട്ടാൻചോലയിൽ ജനവാസ മേഖലകൾ ഉൾപ്പെടെ ബഫർ സോൺ പരിധിയിലാക്കി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്തിമ വിജ്ഞാപനമിറക്കിയിരുന്നു. ബഫർ സോൺ പരിധി ഒരു കിലോമീറ്റർ വേണമെന്ന് നിർബന്ധമില്ലെന്നും അന്തിമ വിജ്ഞാപനമിറങ്ങിയ സ്ഥലങ്ങളിൽ അതത് സംസ്ഥാനങ്ങൾക്ക് പുതിയ നിർദേശം സമർപ്പിക്കാമെന്നും സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായിട്ടും മതികെട്ടാൻചോലയിലെ അന്തിമ വിജ്ഞാപനം പുനഃപരിശോധിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല.

ദുരന്തനിവാരണവും നിർമാണ നിയന്ത്രണവും

2014 ജൂൺ 11 നാണ് ജില്ലയിലെ 13 വില്ലേജുകളിൽ ദുരന്തനിവാരണ നിയമപ്രകാരം നിർമാണ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവിറങ്ങിയത്. ഇൗ പഞ്ചായത്തുകളിൽ റെഡ്, ഓറഞ്ച് സോണുകളിലാണ് നിർമാണ നിയന്ത്രണമുള്ളത്. റെഡ് സോണിൽ 1614.5 സ്ക്വയർഫീറ്റിൽ താഴെയുള്ള വീടുകൾ മാത്രമെ നിർമിക്കാൻ അനുമതിയുള്ളൂ. ഓറഞ്ച് സോണിൽ 3 നിലകൾ മാത്രം നിർമിക്കാം.

വനവൽക്കരണ ഭീഷണിയിൽ ജില്ല

2020 ന് ശേഷം മാത്രം ജില്ലയിൽ 1837.10 ഏക്കർ റവന്യു ഭൂമിയാണ് സംരക്ഷിത വനമായി കരട് വിജ്ഞാപനം ചെയ്തത്. ആകെ വിസ്തൃതിയുടെ പകുതിയോളം വനമുള്ള മലയോര ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കുന്നത് കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന വാദം ശക്തമാണ്.

നിയമക്കുരുക്കിൽ നിന്ന് സ്വാതന്ത്ര്യം’ ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഇന്ന് കർഷകസഭ ചർച്ച ചെയ്യും

 ജില്ലയിൽ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ഭൂമിപ്രശ്നങ്ങൾ  കർഷകസഭ ചർച്ച ചെയ്യും. ‘നിയമക്കുരുക്കിൽ നിന്ന് സ്വാതന്ത്ര്യം’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ജില്ലയിൽ കർഷകർ നേരിടുന്ന ഭൂമിപ്രശ്നങ്ങൾക്കും നിയമപ്രശ്നങ്ങൾക്കും പരിഹാരമെന്ത് എന്ന വിഷയത്തിലൂന്നിയുള്ള ചർച്ചകൾ നടക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി ചർച്ച ഉദ്ഘാടനം ചെയ്യും.

 സംസ്ഥാനത്ത് കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ മന്ത്രി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ അധ്യക്ഷത വഹിക്കും. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ആമുഖപ്രഭാഷണം നടത്തും.

English Summary:

Idukki land disputes plague the region, impacting farmers and residents. Unresolved legal battles, government orders, and environmental petitions contribute to a complex and challenging situation for the district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com