ഒരു ബുൾ റാലിക്കു ശേഷം ഇന്ത്യൻ കുരുമുളക് അൽപ്പം കിതച്ചു: ഇന്നത്തെ (6/2/25) അന്തിമ വില

Mail This Article
ഏഷ്യൻ സാമ്പത്തിക മേഖലയിലെ പ്രതിസന്ധികൾക്കിടയിൽ ജാപ്പനീസ് യെന്നിനു മുന്നിൽ യുഎസ് ഡോളർ എട്ട് ആഴ്‌ചകളിലെ ഏറ്റവും താഴ്‌ന്ന നിലവാരം ദർശിച്ചു. പലിശനിരക്ക് ഉയർത്തി ഡോളറിന്റെ നീക്കങ്ങളെ ചെറുത്തുനിൽക്കുമെന്ന ബാങ്ക് ഓഫ് ജപ്പാൻ വക്താകളിൽ നിന്നുള്ള സൂചന യെന്നിന്റെ മൂലം 151 ലേക്ക് ശക്തിപ്പെടുത്തിയെങ്കിലും ഒസാക്ക എക്‌സ്‌ചേഞ്ചിൽ ഇത് റബർ വിലയെ കാര്യമായി സ്വാധീനിച്ചില്ല. അതേസമയം ന്യൂ ഇയർ ആഘോഷങ്ങൾക്കു ശേഷം ചൈനീസ് മാർക്കറ്റിൽ ഇടപാടുകൾ പുനരാരംഭിച്ചതോടെ ബാങ്കോക്കിൽ ഷീറ്റ് വിലയിൽ നേരിയ വർധന ദൃശ്യമായി, എന്നാൽ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം വ്യവസായികളെ തിരക്കിട്ടുള്ള വാങ്ങലുകളിൽനിന്ന് അൽപം പിന്നോക്കം വലിച്ചു. കേരളത്തിൽ നാലാം ഗ്രേഡ് ഷീറ്റ് കിലോ 190 രൂപയിലും അഞ്ചാം ഗ്രേഡ് 187 രൂപയിലും സ്റ്റെഡിയാണ്.
ശരാശരി ഇനം ഏലക്ക വില തുടർച്ചയായ പന്ത്രണ്ടാം ലേലത്തിലും 3000 രൂപയ്‌ക്ക് മുകളിൽ തിരിച്ചു വരവ് നടത്താനുള്ള ശ്രമം വിജയം കണ്ടില്ല. ശക്തമായ വാങ്ങൽ താൽപര്യം ആഭ്യന്തര വിദേശ വിപണികളിൽ നിന്നും അനുഭവപ്പെടുന്നുണ്ടെങ്കിലും ഏലം വില മൂവായിരത്തിനെ തൊട്ടു തൊട്ടില്ലെന്ന രീതിയിലാണ് നീങ്ങുന്നത്, രാവിലെ ഉൽപാദന മേഖലയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2975 രൂപയിലും മികച്ചയിനങ്ങൾ 3154 രൂപയിലും കൈമാറി. മൊത്തം 46,640 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് വന്നതിൽ 45,647 കിലോയും ലേലം കൊണ്ടു.

ഒരു ബുൾ റാലിക്കു ശേഷം ഇന്ത്യൻ കുരുമുളക് അൽപ്പം കിതച്ചു. അതേസമയം വിയറ്റ്‌നാമിൽ ഉൽപന്ന വില ആറു മാസത്തെ ഉയർന്ന തലങ്ങിലേക്ക് ചുവടുവച്ചു. മുഖ്യ വിപണികളിൽ ഒരു കിലോ കുരുമുളക് വില ഇന്ന് 1,53,000 ഡോങ്ങായി കയറിയെങ്കിലും ചരക്ക് ക്ഷാമം അത്യന്തം രൂക്ഷമായ അവസ്ഥയിലാണ്. ഉൽപാദകകേന്ദ്രങ്ങളിൽ നിന്നും മുളക് സംഭരണത്തിന് കയറ്റുമതിക്കാർ വല വിരിച്ചെങ്കിലും കർഷകരിൽ നീക്കിയിരിപ്പില്ലെന്ന ഏറ്റവും പുതിയ വിവരം വിദേശ വ്യാപാരങ്ങൾ ഉറപ്പിച്ചവരെ അക്ഷരാർഥത്തിൽ പരിഭ്രാന്തിയിലാക്കി. ദക്ഷിണേന്ത്യൻ വിപണികളിൽ കുരുമുളക് വരവ് കുറവാണെങ്കിലും തുടർച്ചയായ ദിവസങ്ങളിലെ വിലക്കയറ്റത്തിനിടയിൽ ക്വിന്റലിന് 2200 രൂപ ഉയർന്ന ശേഷം രണ്ട് ദിവസങ്ങളിലായി 300 രൂപയുടെ തിരുത്തൽ ഉൽപന്നം കാഴ്‌ചവച്ചു, വ്യാപാരം അവസാനിക്കുമ്പോൾ അൺ ഗാർബിൾഡ് 64,800 രൂപയിലാണ്.