കുലുങ്ങാതെ റബർ; നിർണായക കുതിപ്പിൽ ഏലവും തേയിലയും: ഇന്നത്തെ (5/3/25) അന്തിമ വില

Mail This Article
ഹോളി ആഘോഷങ്ങൾ മുന്നിൽ കണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വ്യാപാരികളിൽനിന്നും തേയിലയ്‌ക്ക് പ്രിയമേറുന്നു. ഉത്സവ വേളയിലെ ഡിമാൻഡ് മുൻനിർത്തിഉത്തരേന്ത്യൻ ഇടപാടുകാർ ദക്ഷിണേന്ത്യൻ ലേലത്തിൽ കാണിക്കുന്ന ഉത്സാഹം വിവിധയിനം തേയിലയുടെ കടുപ്പം കൂട്ടി. ഇതിനിടെ വിദേശ രാജ്യങ്ങളും കൊച്ചി ലേലത്തിൽ കൂടുതൽ ശ്രദ്ധചെലുത്തിയത് വിലക്കയറ്റത്തിനും അവസരം ഒരുക്കി. മധ്യപൂർവേഷ്യയിൽനിന്നും സിഐഎസ് രാജ്യങ്ങളിൽനിന്നുമുള്ള പിന്തുണയിൽ ഇല, പൊടി ലേലങ്ങളിൽ നിരക്ക് വർധിച്ചു. ഒരു വശത്ത് പ്രതികൂല കാലാവസ്ഥയിൽ കൊളുന്തു നുള്ളിന് നേരിട്ട തടസം മൂലം തോട്ടം മേഖലയിൽനിന്നുള്ള തേയില നീക്കത്തിൽ കുറവ് അനുഭവപ്പെടുന്നതും ഭീതി വാങ്ങലുകാരിൽ ഉടലെടുത്തതോടെ ചരക്കു സംഭരണത്തിന് വാശി വർധിപ്പിച്ചു. കടുപ്പം കൂടിയ ഇനങ്ങളുടെ വില കിലോ രണ്ടു രൂപ വരെ ഉയർന്നു.
ഏഷ്യൻ റബർ ഉൽപാദകരാജ്യങ്ങൾ പലതും ഓഫ് സീസണിൽ നീങ്ങുന്നതിനാൽ വിപണി മുന്നേറുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകളെങ്കിലും വ്യവസായ മേഖലയിൽനിന്നു വേണ്ടത്ര പിന്തുണ ഉറപ്പുവരുത്താനാവുന്നില്ല. നോമ്പ് കാലമായതിനാൽ ഇന്തോനീഷ്യ, മലേഷ്യൻ തോട്ടങ്ങളിൽ കർഷകർ വിട്ടു നിന്നു. പ്രതികൂല കാലാവസ്ഥയിൽ തായ്‌ലൻഡിലും വിയറ്റ്‌നാമിലും ടാപ്പിങ് തടസപ്പെട്ടത് എല്ലാ അർഥത്തിലും മുന്നേറ്റ സാഹചര്യം ഒരുക്കുന്നു. എന്നാൽ ചൈനീസ് ടയർ മേഖലയിൽനിന്നുള്ള ഡിമാൻഡ് മങ്ങിയത് തിരിച്ചടിയായി. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം മുൻ നിർത്തി ബെയ്‌ജിങിലെ വ്യവസായികൾ റബർ സംഭരണത്തിൽ തണുപ്പൻ മനോഭാവം തുടരുന്നു. ഇതിനിടെ ജപ്പാൻ എക്‌സ്‌ചേഞ്ചിൽ റബർവില രണ്ടു മാസത്തെ താഴ്‌ന്ന നിലവാരം ദർശിച്ചു. സംസ്ഥാനത്തെ വരണ്ട കാലാവസ്ഥയും റബർ മരങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകമായതും ടാപ്പിങിൽനിന്നും ഉൽപാദകർ പിൻതിരിഞ്ഞിട്ടും നാലാം ഗ്രേഡ് റബർ കിലോ 192 രൂപയിൽ വിപണനം നടന്നു.

കുമളിയിൽ നടന്ന ഏലക്ക ലേലത്തിൽ വാങ്ങലുകാരുടെ ശക്തമായ പിന്തുണയിലും മികച്ചയിനങ്ങൾ നിർണായകമായ 3000 രൂപയ്‌ക്കു മുകളിൽ ഇടം പിടിച്ചു. മികച്ചയിനങ്ങൾ കിലോ 3196 രൂപയിലും ശരാശരി ഇനങ്ങൾ 2851 രൂപയിലും ഇടപാടുകൾ നടന്നു. മൊത്തം 56,490 കിലോ ഏലക്ക ലേലത്തിന് എത്തിയതിൽ 56,205 കിലോ കൈമാറ്റം നടന്നു. അന്തരീക്ഷ താപനില ഉയർന്ന തലത്തിൽ നീങ്ങുന്നത് ഉൽപാദന മേഖലയിൽ ആശങ്കപരത്തുന്നു.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക