ആശങ്കയുടെ കാർമേഘനിഴലിൽ കാപ്പി; അമേരിക്കൻ വിപണി നഷ്ടപ്പെടുമോ?: ഇന്നത്തെ (11/4/25) അന്തിമ വില

Mail This Article
കാപ്പി കയറ്റുമതി മേഖലയിൽ ആശങ്കയുടെ കാർമേഘം. അമേരിക്കൻ കയറ്റുമതിക്കു മത്സരം ശക്തമായി മാറുമോയെന്ന ഭീതിയിലാണ് ഒരു വിഭാഗം. ദക്ഷിണേന്ത്യൻ കാപ്പി വിലയെ അമേരിക്കൻ വിഷയം കാര്യമായി ബാധിക്കാൻ ഇടയില്ലെന്നു വിലയിരുത്തുന്നവരുമുണ്ട്. അതേസമയം യുഎസ് കയറ്റുമതിക്ക് തീരുവ വന്നാൽ ബ്രസീൽ, വിയറ്റ്‌നാം, ഇക്ക്വഡോർ തുടങ്ങിയ രാജ്യങ്ങളുമായി കടുത്ത മത്സരങ്ങളെ നാം അഭിമുഖീകരിക്കേണ്ടതായി വരും. കാർഷികച്ചെലവുകൾ കുറഞ്ഞ വിയറ്റ്‌നാമിന് നിരക്ക് താഴ്‌ത്തിയും ക്വട്ടേഷൻ ഇറക്കാനാവും. അതേസമയം ബ്രസീലിനും ഇക്ക്വഡോറിനും കുറഞ്ഞ തീരുവ സൂചിപ്പിച്ചിരുന്നത് കണക്കിലെടുത്താൽ ഇതര ഉൽപാദക രാജ്യങ്ങളെ മലർത്തിയടിച്ച് ന്യൂയോർക്ക് വിപണിയിൽ അവർ മുന്നേറാം. ഏകദേശം 9000 ടൺ കാപ്പിയാണ് ഇന്ത്യയിൽനിന്നും അമേരിക്ക ശേഖരിക്കുന്നത്. വർഷത്തിന്റെ രണ്ടാം പകുതിയിൽ ആഗോള കാപ്പി വിപണിയിൽ വൻ വിലവ്യതിയാനങ്ങൾക്കു സാധ്യത. കട്ടപ്പനയിൽ റോബസ്റ്റ കിലോ 460 രൂപയിലും വയനാടൻ വിപണിയിൽ 440 രൂപയിലുമാണ്.
ഏഷ്യൻ മാർക്കറ്റിൽ റബർ തിരിച്ചു വരവിന് ശ്രമം തുടരുകയാണെങ്കിലും അവധി വ്യാപാര രംഗത്ത് നിക്ഷേപകരുടെ സാന്നിധ്യം കുറഞ്ഞത് പ്രതീക്ഷകൾക്ക് മങ്ങേലേൽപ്പിച്ചു. ജാപ്പനീസ് ഇടപാടുകളുടെ തുടക്കത്തിൽ കിലോ 288 യെന്നിൽനിന്നും 300നെ ലക്ഷ്യമാക്കി സഞ്ചരിച്ച ഓഗസ്റ്റ് അവധിക്കു പക്ഷേ നിർണായക തടസം മറികടക്കാൻ അവസരം നൽകാതെ ഊഹക്കച്ചവടക്കാർ വിൽപ്പനയിൽ പിടിമുറുക്കിയത് വിലക്കയറ്റത്തിന് തടസമായി. മാസാരംഭം സൂചന നൽകിയിരുന്നു, ഡോളറിന് മുന്നിൽ യെൻ 150ൽനിന്നും 140ലേക്ക് കരുത്ത് നേടുമെന്നത്. യെന്നിന്റെ വിനിമയ മൂല്യം ഇന്ന് 142 ലേക്ക് മികവ് കാണിച്ചെങ്കിലും വിദേശ നിഷേപകർ ഉൽപ്പന്ന വിപണികളിൽ ശ്രദ്ധചെലുത്തിയില്ല. അതേസമയം ബാങ്കോക്കിൽ റബർ വില 174 രൂപയിൽനിന്നും 184ലേക്ക് കയറി. സംസ്ഥാനത്ത ചെറുകിട കർഷകർ വിഷു ആഘോഷങ്ങൾ മുൻനിർത്തി ഷീറ്റ് വിറ്റുമാറാൻ താൽപര്യം കാണിച്ചു, നാലാം ഗ്രേഡ് കിലോ 197 രൂപ.

വിഷു ആഘോഷ വേളയിൽ വിലക്കയറ്റത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച ഏലം കർഷകരെ നിരാശരാക്കി ഉൽപന്ന വില. ആഭ്യന്തര വിദേശ ആവശ്യക്കാരുടെ നിറഞ്ഞ സാന്നിധ്യത്തിനിടെ 2500 രൂപയുടെ നിർണായ താങ്ങ് നഷ്ടപ്പെട്ട് 2466 രൂപയിൽ ശരാശരി ഇനങ്ങൾ ലേലം കൊണ്ടു. മികച്ചയിനങ്ങൾ കിലോ 2916 രൂപയിൽ കൈമാറി. നെടുങ്കണ്ടത്ത് നടന്ന ലേത്തിൽ മൊത്തം 42,052 കിലോ ഏലക്ക വിൽപനയ്‌ക്ക് എത്തിയതിൽ 40,110 കിലോയും വിറ്റഴിഞ്ഞു.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക