അധികലാഭത്തിന് കുരുമുളക് ഇറക്കുമതിക്കു ശ്രമം; റബറിന് നേരിയ ചാഞ്ചാട്ടം: ഇന്നത്തെ (6/5/25) അന്തിമ വില

Mail This Article
വിദേശ കുരുമുളകു വിറ്റുമാറാൻ ഒരു വിഭാഗം ശ്രമം തുടരുമ്പോൾ മറ്റൊരു കൂട്ടർ ശ്രീലങ്കൻ ചരക്ക് എത്തിക്കാനുള്ള അണിയറ നീക്കത്തിലാണ്. ഇന്ത്യൻ കുരുമുളക് സർവകാല റെക്കോർഡിലേക്ക് കയറിയതാണ് ഇറക്കുമതി ലോബിയുടെ ശ്രദ്ധ വിദേശ ചരക്കിലേക്ക് തിരിച്ചത്. മലബാർ മുളക് വില ടണ്ണിന് 8600 ഡോളറും ശ്രീലങ്കൻ നിരക്ക് 7300 ഡോളറുമാണ്. ടണ്ണിന് 1300 ഡോളറിന്റെ അധിക ലാഭമാണ് ഇറക്കുമതി ലോബി കണക്കുകൂട്ടുന്നത്. ഇതിനിടെ കരുതൽ ശേഖരത്തിലുള്ള ഗുണനിലവാരം കുറഞ്ഞ ചരക്കും ചില കേന്ദ്രങ്ങൾ വിൽപ്പനയ്‌ക്ക് ഇറക്കി. ഈ നീക്കം വിപണിയെ കൂടുതൽ തളർത്താൻ ഉദ്ദേശംവച്ചാണെന്ന് കാർഷിക മേഖല. കാലവർഷത്തിനു മുന്നേ പരമാവധി കുരുമുളക് കേരളത്തിൽനിന്നും കർണാടകത്തിൽനിന്നും ശേഖരിക്കാനുള്ള തിടുക്കത്തിലാണ് ഉത്തരേന്ത്യയിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ. ജലാംശം കുറഞ്ഞ മുളക് മഴയ്‌ക്ക് മുന്നേ ഉത്തരേന്ത്യയിൽ എത്തിക്കാനുള്ള തയാറെടുപ്പിലാണ് വിവിധ കറിമസാല വ്യവസായികൾ. അൺ ഗാർബിൾഡ് മുളക് 69,500 രൂപ.

രാജ്യാന്തര വിപണിയിൽ റബർ വില ഇന്നും നേരിയ റേഞ്ചിൽ ചാഞ്ചാടി. തിരക്കിട്ട് പുതിയ ബാധ്യതകൾക്ക് നിക്ഷേപകർ തയാറായില്ല, ഊഹക്കച്ചവടക്കാരും വിപണിയുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിൽ മുൻതൂക്കം നൽകിയതിനാൽ ഓഗസ്റ്റ്, ഒക്‌ടോബർ അവധികൾ നിർണായകമായ 300 യെന്നിനെ ചുറ്റിപ്പറ്റി നിലകൊണ്ടു. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ വരും ദിനങ്ങളിൽ ഉയർന്ന തലങ്ങളിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഊഹക്കച്ചവടക്കാർ അണിയറ നീക്കം നടത്താം. പ്രദേശിക അവധിക്കു ശേഷം ഇടപാടുകൾ പുനരാരംഭിച്ച ബാങ്കോക്കിൽ റബർ കിലോ 202 രൂപയിലാണ്. സംസ്ഥാനത്ത് നാലാം ഗ്രേഡ് കിലോ 195 രൂപയിലും കർണാടകത്തിൽ 193 രൂപലുമാണ്.
ഉൽപാദക മേഖലയിൽ രാവിലെ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വിദേശ വാങ്ങലുകാരുടെ ശക്തമായ പിൻതുണ ഉറപ്പുവരുത്തിയെങ്കിലും ഉൽപന്ന വിലയിൽ കാര്യമായ വ്യതിയാനം ദൃശ്യമായില്ല. ശരാശരി ഇനങ്ങൾ കിലോ 2144 രൂപയിലും വിദേശ ഓർഡറുകളുടെ കരുത്തിൽ മികച്ചയിനങ്ങൾ 2711 രൂപയിലും ലേലം ഉറപ്പിച്ചു. സൗത്ത് ഇന്ത്യൻ കാർഡമത്തിൽ നടന്ന ലേലത്തിൽ മൊത്തം 45,1296 കിലോഗ്രാം ഏലക്ക വന്നതിൽ 39,687 കിലോയും വിറ്റഴിഞ്ഞു. വേനൽമഴയുടെ അളവ് അൽപം കുറഞ്ഞ സാഹചര്യത്തിൽ പകൽ താപനില വീണ്ടും ഉയരുമോയെന്ന ആശങ്കയിലാണ് തോട്ടം മേഖല. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ ചൂട് വർധിച്ചത് ഏലത്തോട്ടങ്ങളിൽ വ്യാപക കൃഷിനാശത്തിന് കാരണമായിരുന്നു.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക