മികവ് തുടർന്ന് നാളികേരം; നാടൻ കുരുമുളകിനൊപ്പം ഇറക്കുമതി ചെയ്തവയും വിൽപനയ്ക്ക്: ഇന്നത്തെ (8/5/25) അന്തിമ വില

Mail This Article
രാജ്യാന്തര റബർ വിപണിയിലെ ചലനങ്ങളെ മുഖ്യ ഉൽപാദകരാജ്യങ്ങൾ പ്രതീക്ഷകളോടെ ഉറ്റുനോക്കുകയാണ്. ബാങ്കോക്കിൽ ഷീറ്റ് വിലയിൽ ഇന്നു നേരിയ ഉണർവ് ദൃശ്യമായെങ്കിലും തിരക്കിട്ടു പുതിയ വാങ്ങലുകൾക്ക് ഇറക്കുമതി രാജ്യങ്ങൾ മുന്നോട്ടു വന്നില്ല. ജപ്പാൻ ഉൾപ്പടെയുള്ള അവധിവ്യാപാര കേന്ദങ്ങളിലും റബർവിലയിൽ കാര്യമായ മാറ്റം അനുഭവപ്പെട്ടില്ല. സംസ്ഥാനത്തെ വിപണികളിൽ റബർ ഷീറ്റ് വരവ് കുറഞ്ഞ അളവിലാണ്. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ രംഗത്തുണ്ടങ്കിലും അതിർത്തിയിലെ പുതിയ സംഭവ വികാസങ്ങൾ മുൻനിർത്തി കരുതലോടെയാണ് അവർ കച്ചവടങ്ങളിൽ ഏർപ്പെടുന്നത്. അഞ്ചാം ഗ്രേഡ് കിലോ 192 രൂപയിലും നാലാം ഗ്രേഡ് 195 രൂപയിലും വ്യാപാരം നടന്നു.
അന്താരാഷ്‌ട്ര മാർക്കറ്റിൽ ഏലത്തിന് ആവശ്യക്കാരുണ്ടങ്കിലും വിൽപനക്കാർ കുറഞ്ഞത് ഉൽപന്ന വിപണിയുടെ അടിയോഴുക്കിൽ ചില മാറ്റങ്ങൾക്ക് അവസരം ഒരുക്കുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. ബക്രീദിനു ശേഷവും ലഭ്യത ഉയരില്ലെന്ന സൂചനകൾ ഇടപാടുകാരെ വിപണിയിലേക്ക് അടുപ്പിക്കാം. ശരാശരി ഇനങ്ങൾ കിലോ 2042 രൂപയിലും മികച്ചയിനങ്ങൾ 2952 രൂപയിലുമാണ് നീങ്ങുന്നത്. ഗ്വാട്ടിമലയിലെ സ്റ്റോക്ക് നില സംബന്ധിച്ച പുതിയ വിവരങ്ങൾക്കായി കാതോർക്കുകയാണ് വ്യാപാര രംഗം.

കൊച്ചിയിൽ വെളിച്ചെണ്ണ വില ഇന്നലെ ഉയർന്ന വിവരം പുറത്തുവന്നതോടെ അയൽ സംസ്ഥാനങ്ങളിലെ വൻകിട സ്റ്റോക്കിസ്റ്റുകൾ കൊപ്രയിൽ പിടിമുറുക്കി. ഇതിനിടെ തുടർച്ചയായ രണ്ടാം ദിവസവും ഇവിടെ നാളികേരോൽപന്നങ്ങൾ മികവ് കാണിച്ചു. വെളിച്ചെണ്ണ ക്വിന്റലിന് 100 രൂപ വർധിച്ച് 26,500 രൂപയിലും കൊപ്ര 17,700 രൂപയിലും വിൽപന നടന്നു.
കുരുമുളകിന്റെ തുടർച്ചയായ വിലയിടിവ് കണക്കിലെടുത്ത് ഹൈറേഞ്ചിലെ ഒരു വിഭാഗം കർഷകർ വിൽപന കുറച്ചു. വ്യവസായികൾ കുറഞ്ഞ വിലയ്‌ക്ക് നേരത്തെ ഇറക്കുമതി നടത്തി ചരക്ക് വിറ്റുമാറാൻ ശ്രമം തുടരുകയാണ്. ശ്രീലങ്ക വഴി എത്തിച്ച കുരുമുളക് നാടൻ ചരക്കുമായി കലർത്തിയാണ് വിറ്റഴിക്കുന്നത്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില കിലോ 690 രൂപ.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക