നാളികേരം കിട്ടാനില്ല, കുതിച്ചുകയറി വെളിച്ചെണ്ണവില: ഇന്നത്തെ (13/5/25) അന്തിമ വില

Mail This Article
കേരളം രാജ്യാന്തര റബർ വിപണിയിലെ ചലനങ്ങളെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം പതിവിലും അൽപ്പം നേരത്തെ വിരുന്നെത്തുമെന്നതു തോട്ടം മേഖലയ്‌ക്ക് കുളിരു പകരും. ഏതാനും മാസങ്ങളായി കനത്ത വരൾച്ചയിൽ സ്‌തംഭിച്ച റബർ ടാപ്പിങ് മാസത്തിന്റെ അവസാനവാരത്തിൽ വീണ്ടും സജീവമാകും. അതേസമയം അന്താരാഷ്‌ട്ര റബർ വിപണിയിൽ ഇന്ന് കാര്യമായ ചലനം അനുഭവപ്പെട്ടില്ല. ഡോളറിന് മുന്നിൽ ഒരു മാസത്തെ താഴ്‌ന്ന നിലവാരത്തിലേക്ക് ജാപ്പനീസ് യെന്നിന്റെ മൂല്യം ഇടിഞ്ഞെങ്കിലും ഫണ്ടുകളിൽ നിന്നുള്ള നിക്ഷപ താൽപര്യം ചുരുങ്ങിയതിനാൽ 316 യെന്നിന് മുകളിൽ ഇടം കണ്ടെത്താൻ റബറിനായില്ല. മൂന്ന് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം വിപണനം പുനരാരംഭിച്ച തായ് മാർക്കറ്റായ ബാങ്കോക്കിൽ ഷീറ്റ് വില 208 രൂപയിലാണ്. കൊച്ചിയിൽ നാലാം ഗ്രേഡ് കിലോ 196 രൂപയിൽ വ്യാപാരം നടന്നു.
ഗ്രീൻ ഹൗസിൽ രാവിലെ നടന്ന ഏലക്ക ലേലത്തിൽ അര ലക്ഷം കിലോ ചരക്ക് വിൽപ്പനയ്‌ക്ക് എത്തി. കാലവർഷത്തിന്റെ വരവ് മുന്നിൽ കണ്ട് ചില കേന്ദ്രങ്ങൾ സ്റ്റോക്കുള്ള ഏലം വിറ്റുമാറാനും നീക്കം തുടങ്ങിയതായി ഉൽപാദന മേഖലയിൽനിന്നും സൂചനയുണ്ട്. വൻ വില മോഹിച്ച് ചരക്ക് പിടിച്ചവരെ കാലാവസ്ഥമാറ്റമാണ് വിൽപ്പനയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. മൊത്തം 52,991 കിലോ ഏലക്ക ലേലത്തിന് എത്തിയതിൽ 49,949 കിലോയും വിറ്റഴിഞ്ഞു. അറബ് രാജ്യങ്ങളുമായി ഉറപ്പിച്ച കച്ചവടങ്ങൾ മുൻനിർത്തി കയറ്റുമതി മേഖല ചരക്ക് സംഭരിക്കാൻ മത്സരിച്ചു. ആഭ്യന്തര വ്യാപാരികളിൽ നിന്നുള്ള അന്വേഷണങ്ങളും ശക്തമായിരുന്നു. മികച്ചയിനങ്ങളുടെ വില കിലോഗ്രാമിന് 3028 രൂപയായി കയറി, ശരാശരി ഇനങ്ങൾ 2104 രൂപയിൽ കൈമാറി.

നാളികേരവുമായി കർഷകർ വിപണിയിലേക്ക്, കൊപ്രയ്‌ക്കും പച്ചത്തേങ്ങയ്‌ക്കും കടുത്ത ക്ഷാമം തുടരുന്നതിനാൽ കിട്ടുന്ന വിലയ്‌ക്ക് ചരക്ക് സംഭരിക്കാമെന്ന നിലപാടിലാണ് തമിഴ്‌നാട്ടിലെ ഒരു വിഭാഗം വ്യവസായികൾ. അവരുടെ നീക്കം കണ്ട് വൻകിട മില്ലുകാർ സ്റ്റോക്കുള്ള വെളിച്ചെണ്ണയ്‌ക്കും കൂടിയ വിലയാണ് ആവശ്യപ്പെടുന്നത്. മൂന്ന് ദിവസം കൊണ്ട് കൊച്ചിയിൽ എണ്ണ വില ക്വിന്റലിന് 500 രൂപ ഉയർന്നു, വ്യാപാരം അവസാനിക്കുമ്പോൾ വെളിച്ചെണ്ണ 27,100 രൂപയിലും കൊപ്ര 18,100 രൂപയിലുമാണ്. തമിഴ്‌നാട്ടിൽ എണ്ണ 28,850 രൂപയിലും കൊപ്ര 17,700 ലും വിൽപന നടന്നു.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക