റെക്കോർഡുകൾ തിരുത്തിക്കുറിച്ച് തേങ്ങയും കൊപ്രയും വെളിച്ചെണ്ണയും: ഇന്നത്തെ (15/5/25) അന്തിമ വില

Mail This Article
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ കാലാവസ്ഥ റബർ ടാപ്പിങ്ങിന് അനുകൂലമാകുന്നത് മുന്നിൽ കണ്ട് ഉൽപാദകരാജ്യങ്ങൾ കരുതൽ ശേഖരം വിൽപനയ്‌ക്ക് നീക്കം തുടങ്ങി. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്നതും കയറ്റുമതി നടത്തുന്നതുമായ തായ്‌ലൻഡിലെ വൻകിട സ്റ്റോക്കിസ്റ്റുകളും നീക്കം കണ്ട് ഇതര രാജ്യങ്ങളും ഇതേ പാത പിൻതുടരുമോ, അതോ അവർ വിപണിയുടെ ചലനങ്ങളെ സസൂക്ഷ്‌മം വിലയിരുത്തിയ ശേഷം മാത്രം വിൽപനയിലേക്ക് തിരിയുമോ എന്ന കാര്യം അടുത്ത വാരം വ്യക്തമാകും. അതേസമയം ഇന്നലെ ബാങ്കോക്കിൽ സംഭവിച്ച വിലത്തകർച്ചയുടെ ആഘാതം ഇന്ന് ജപ്പാൻ ഒസാക്ക എക്‌സ്‌ചേഞ്ചിൽ പ്രതിഫലിച്ചു. റബർ കിലോ 320 യെന്നിൽ നിന്ന് 313 ലേക്ക് ഇടിഞ്ഞു. ബാങ്കോക്കിൽ റബർ കിലോ 203 രൂപയിലും സംസ്ഥാനത്ത നാലാം ഗ്രേഡ് 197 രൂപയിലുമാണ്.
ദക്ഷിണേന്ത്യയിലെ കാലാവസ്ഥ വ്യതിയാനം മൂലം നാളികേരോൽപാദനത്തിൽ സംഭവിച്ച ഇടിവ് വർഷത്തിന്റെ രണ്ടാം പകുതിയിലും മെച്ചപ്പെട്ട വിലയ്‌ക്ക് അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ് ഉൽപാദകമേഖല. നടപ്പു വർഷം കേന്ദ്രം കൊപ്രയ്‌ക്ക് പ്രഖ്യാപിച്ച താങ്ങുവിലയായ 11,582 രൂപയെ അപേക്ഷിച്ച് ക്വിന്റലിന് 6718 രൂപ ഉയർന്ന് 18,300 രൂപയിലെത്തി. കൊപ്ര സർവകാല റെക്കോർഡിൽ നീങ്ങുമ്പോഴും മില്ലുകാർ ചരക്ക് കണ്ടെത്താൻ പരക്കം പായുകയാണ്. പ്രതീക്ഷയ്‌ക്കൊത്ത് നാളികേരം വിൽപനയ്‌ക്ക് ഇറങ്ങാത്തത് മില്ലുകാരുടെ കണക്കുകൂട്ടലുകൾ പാടെ തെറ്റിച്ചു. രാജ്യാന്തര വിപണിയിൽ തേങ്ങയും കൊപ്രയും വെളിച്ചെണ്ണയും ഉയർന്ന നിലവാരത്തിലാണ്. കൊച്ചിയിൽ എണ്ണ വില ഇന്ന് 200 രൂപ വർധിച്ച് സർവകാല റെക്കോർഡായ 27,400 രൂപയിലേക്ക് കയറി. കാങ്കയത്ത് 300 രൂപയാണ് ഒറ്റയടിക്ക് ഇന്ന് ഉയർന്നത്.

കുരുമുളകു വിപണിയിൽ വീണ്ടും ഉണർവ് കണ്ട് തുടങ്ങി, ഇന്നും ഇന്നലെയുമായി ക്വിന്റലിന് 200 രൂപ വർധിച്ച് അൺ ഗാർബിൾഡ് 68,200 രൂപയായി.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക