ജപ്പാനിൽ റബർ ആരവം; കേരളത്തിലെ ഏലത്തിനു പുതിയ ഭീഷണി: ഇന്നത്തെ (19/5/25) അന്തിമ വില

Mail This Article
ചൈനീസ് വ്യവസായികൾ റബറിൽ താൽപര്യം കാണിക്കുമെന്ന നിഗമനത്തിൽ ഫണ്ട് ഓപ്പറേറ്റർമാർ ജപ്പാൻ എക്‌സ്‌ചേഞ്ചിൽ നിക്ഷേപത്തിന് ഉത്സാഹിച്ചതു കണ്ട് ഒരു വിഭാഗം ഊഹക്കച്ചവടക്കാർ വിൽപനകൾ തിരിച്ചുപിടിച്ചു. ഓപ്പണിങ് വേളയിലെ ആവേശത്തിൽ കിലോ 14 യെൻ മുന്നേറിയ റബർ അവധിക്ക് പക്ഷേ രണ്ടാം പകുതിയിൽ ആ മികവ് നിലനിർത്താനായില്ല. കിലോ 331 യെൻ വരെ ഉയർന്ന റബർ പിന്നീട് 320 ലേക്ക് താഴ്‌ന്നു. യുഎസ്‐ചൈന താരീഫ് ഇളവുകൾ വ്യവസായ മേഖലയ്‌ക്ക് ഗുണകരമാവുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗമെങ്കിലും ഷാങ്‌ഹായ് ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ചിൽ റബറിന് 40 യുവാൻ കുറഞ്ഞ് ടണ്ണിന് 15,000 യുവാന്റെ താങ്ങ് നഷ്‌ടപ്പെട്ട അവസ്ഥയിലാണ്. തായ്‌ലൻൻഡിൽ സീസൺ അടുത്തതിനാൽ ജൂൺ മുതൽ ലഭ്യത ഉയരുമെന്ന കണക്കുകൂട്ടലിലാണ് വിദേശ വാങ്ങലുകാർ. കേരളത്തിലെ കർഷകർ മൺസൂൺ മേഘങ്ങളുടെ വരവിനായി ഉറ്റു നോക്കുന്നു. കൊച്ചിയിൽ നാലാം ഗ്രേഡ് ഷീറ്റ് കിലോ 198 രൂപയിൽ വ്യാപാരം നടന്നു. ഒട്ടുപാൽ കിലോ 130ലേക്ക് കയറി.
ഓഫ് സീസണെങ്കിലും ഉൽപാദകമേഖലയിൽ ഇന്ന് രണ്ടു ലേലങ്ങളിലായി അര ലക്ഷം കിലോ ഏലക്ക വിൽപനയ്‌ക്ക് എത്തി. വാങ്ങൽ താൽപര്യം എല്ലാ മേഖലകളിൽനിന്നും അനുഭവപ്പെടുന്നതിനാൽ സീസൺ ആരംഭത്തിനു മുന്നേ കരുതൽ ശേഖരത്തിലെ ചരക്ക് വിറ്റുമാറാനുള്ള നീക്കം പുരോഗമിക്കുന്നു. ബക്രീദ് അടുത്തിനാൽ പരമാവധി വേഗത്തിൽ ചരക്ക് കയറ്റുമതി ചെയ്യാൻ ഇടപാടുകാർ ഉത്സാഹിക്കുന്നത് ലേലത്തിലെ വാങ്ങൽ താൽപര്യം വർധിപ്പിച്ചു. ഇടുക്കിയിൽ നടന്ന ആദ്യ ലേലത്തിനു വന്ന 39,567 കിലോ ചരക്കിൽ 38,717 കിലോയും വാങ്ങലുകാർ സ്വന്തമാക്കി. മികച്ചയിനങ്ങൾ കിലോ 2650 രൂപയിലും ശരാശരി ഇനങ്ങൾ 2214 രൂപയിലും ലേലം നടന്നു. ഉൽപാദകമേഖലകളിൽ മികച്ച കാലാവസ്ഥ ലഭ്യമായത് അടുത്ത വിളവ് മെച്ചപ്പെടുത്തെുമെന്ന നിഗമനത്തിലാണു കർഷകർ. ഇതിനിടെ ചില ഭാഗങ്ങളിൽ വ്യാപകമായ തോതിൽ തോട്ടങ്ങളിൽ ഒച്ച് ശല്യം അനുഭവപ്പെടുന്നത് കർഷകർക്ക് തിരിച്ചടിയാണ്. ഒച്ചിന്റെ ആക്രമണങ്ങളിൽ നിന്നും തോട്ടങ്ങളെ സംരക്ഷിക്കാനുള്ള അധികചെലവ് കർഷകർക്ക് പുതിയ ബാധ്യതയായി മാറുന്നു.

നാളികേരോൽപന്ന വിപണി കഴിഞ്ഞവാരം മികച്ച പ്രകടനം കാഴ്‌ചവച്ചതിനാൽ ഉൽപാദകരും സ്റ്റോക്കിസ്റ്റുകളും മാർക്കറ്റിന്റെ അടുത്ത ചുവടുവയ്പ്പിനെ ഉറ്റുനോക്കുകയാണ്. വലിയ പെരുന്നാളിന് മുന്നോടിയായി വില വീണ്ടും ഉയർന്നാൽ വെളിച്ചെണ്ണ മാർക്കറ്റിലെ ചൂട് കൊപ്രയിലേക്ക് വ്യാപിക്കുമെന്ന് സ്റ്റോക്കിസ്റ്റുകൾ. കൊച്ചിയിൽ എണ്ണ ക്വിന്റലിന് 27,600 രൂപയിലും കൊപ്ര 18,400 രൂപയിലുമാണ്.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക