കുരുമുളകിൽ വിയറ്റ്നാമിന് മികവ്; ലോകം പിടിച്ച് ഇന്ത്യൻ കാപ്പി: ഇന്നത്തെ (21/5/25) അന്തിമ വില

Mail This Article
കുരുമുളക് കയറ്റുമതിയിൽ വിയറ്റ്‌നാം മികവ് നിലനിർത്തുകയാണ്. ജനുവരി‐മേയ് ആദ്യ പകുതിയിൽ അവർ ഏകദേശം 85,000 ടൺ കുരുമുളകാണ് ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തിയത്. ആദ്യ നാലു മാസങ്ങളിൽ മൊത്തം 74,250 ചരക്കിന്റെ ഷിപ്പ്‌മെന്റ്. അതേസമയം ആഭ്യന്തര ഉൽപാദനത്തിലെ ഇടിവുമൂലം അവർ ബ്രസീൽ, ഇന്തോനേഷ്യൻ ചരക്ക് ഇറക്കുമതി നടത്തിയെന്നതും ശ്രദ്ധേയമാണ്. കാലാവസ്ഥ മാറ്റങ്ങളെ തുടർന്ന് വിയറ്റ്‌നാമിൽ ലഭ്യത കുറഞ്ഞതാണ് വിദേശ ചരക്ക് ശേഖരിക്കാൻ അവരെ പ്രേരിപ്പിച്ചത്. ശരാശരി ടണ്ണിന് 6750 ഡോളർ പ്രകാരമാണ് അവർ കുരുമുളക് ഈ വർഷം കയറ്റുമതി നടത്തിയത്. വെള്ളക്കുരുമുളക് 8600 ഡോളറിലും ഷിപ്പ്‌മെന്റ് നടത്തി. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 8300 ഡോളറിലാണ് നീങ്ങുന്നത്. വിലയിലെ വൻ അന്തരമാണ് ഉത്തരേന്ത്യൻ വ്യവസായികൾ വൻതോതിൽ വിദേശ ചരക്ക് ഇറക്കുമതിക്കു പ്രേരിപ്പിക്കുന്നത്. കൊച്ചിയിൽ അൺ ഗാർബിൾഡ് കിലോ 686 രൂപ.
ഇന്ത്യൻ കാപ്പി വിദേശ വിപണികളിൽ മികച്ച പ്രകടനം തുടരുകയാണ്. ഏപ്രിലിൽ രാജ്യത്തുനിന്നുള്ള കാപ്പി കയറ്റുമതി വരുമാനത്തിൽ 48 ശതമാനം വർധന രേഖപ്പെടുത്തി. 202.95 മില്യൻ ഡോളർ വിലമതിക്കുന്ന കാപ്പിയാണ് ദക്ഷിണേന്ത്യയിൽനിന്നും കയറിപോയത്. ഏപ്രിലിൽ മൊത്തം 35,259 ടൺ കാപ്പി കയറ്റുമതി നടത്തിയായി കോഫി ബോർഡ്. ജനുവരി‐മേയ് മധ്യം വരെയുള്ള കാലയളവിൽ 1.54 ലക്ഷം ടൺ കാപ്പിയുടെ കയറ്റുമതിയാണ് നടന്നത്. വയനാടൻ വിപണിയിൽ കാപ്പി പരിപ്പ് ക്വിന്റലിന് 43,000 രൂപയിലും ഉണ്ടകാപ്പി 54 കിലോ 12,800 രൂപയിലുമാണ്.
നാളികേരോൽപ്പന്നങ്ങളുടെ മുന്നേറ്റം തുടരുന്നു. കൊച്ചിയിൽ തുടർച്ചയായ രണ്ടാം ദിവസവും വെളിച്ചെണ്ണ ക്വിന്റലിന് 300 രൂപ വർധിച്ചപ്പോൾ തമിഴ്‌നാട്ടിൽ രണ്ട് ദിവസം കൊണ്ട് എണ്ണ വില ഉയർന്നത് 1,325 രൂപയാണ്. രണ്ട് സംസ്ഥാനങ്ങളിലും കൊപ്ര വിലയിലും കുതിച്ചു ചാട്ടം അനുഭവപ്പെടുന്നുണ്ട്. കൊപ്ര ക്ഷാമം രൂക്ഷമായത് മില്ലുകാരെ നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാൻ പ്രേരിപ്പിച്ചു.

നെടുങ്കണ്ടത്തു നടന്ന ഏലക്ക ലേലത്തിൽ കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വാങ്ങലുകാരും സജീവമായിരുന്നു. ഉത്സവേളയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇടപാടുകാർ ചരക്ക് സംഭരണത്തിന് കൂടുതൽ ഉത്സാഹിച്ചു. 47,562 കിലോ ചരക്ക് ലേലത്തിന് എത്തിയതിൽ 46,733 കിലോയും വിറ്റഴിഞ്ഞു, ശരാശരി ഇനങ്ങൾ കിലോ 2151 രൂപയിൽ കൈമാറി.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക