കൊപ്ര കിട്ടാനില്ല, മുട്ടുമടക്കി ബഹുരാഷ്‌ട്ര കമ്പനി: ഇന്നത്തെ (22/5/25) അന്തിമ വില

Mail This Article
രാജ്യാന്തര റബർ അവധിവിലകൾ നേരിയ റേഞ്ചിൽ നീങ്ങി പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒസാക്ക എക്‌സ്‌ചേഞ്ചിൽ റബർ കിലോ 321 യെന്നിലാണ്. സിംഗപ്പൂർ, ചൈനീസ് മാർക്കറ്റുകളിലും മ്ലാനത നിലനിന്നു. അതേസമയം കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ് വില 197 രൂപയിൽനിന്ന് 200ലേക്ക് കയറിയെങ്കിലും തിരക്കിട്ട് പുതിയ ഇടപാടുകൾക്ക് ഇറക്കുമതി രാജ്യങ്ങൾ മുന്നോട്ട് വന്നില്ല. ഡോളറിനു മുന്നിൽ ജാപ്പനീസ് യെന്നിന്റെ മൂല്യം 143ലേക്ക് കരുത്ത് നേടിയതും വാങ്ങലുകാരെ അൽപ്പം പിന്നോട്ടു വലിയാൻ പ്രേരിപ്പിച്ചു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ കിലോ 197 രൂപയിലും അഞ്ചാം ഗ്രേഡ് 194 രൂപയിലുമാണ്. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ ഒട്ടുപാൽ കിലോ 130 രൂപയ്‌ക്കും ലാറ്റക്‌സ് 135 രൂപയ്‌ക്കും ശേഖരിച്ചു.
ഹൈറേഞ്ചിൽ ഏലച്ചെടികൾ പുഷ്പിക്കാൻ അനുകൂല കാലാവസ്ഥ. ഉൽപാദകകേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ കണക്കിലെടുത്താൽ ജൂൺ അവസാനം പല ഭാഗങ്ങളിലും വിളവെടുപ്പ് രംഗം സജീവമാകാം. എന്നാൽ, പുതിയ സീസണിലെ ഉൽപാദനം സംബന്ധിച്ച് വ്യക്തമായ ചിത്രത്തിനായി ഇനിയും കാത്തിരിക്കണം. അതുകൊണ്ടു തന്നെ ചെറുകിട കർഷകർ വിപണിയിലെ ചലനങ്ങൾ ഓരോ ദിവസവും സൂക്ഷ്മതയോടെ വിലയിരുത്തുന്നു. ഇന്നലെ രണ്ടു ലേലങ്ങളിലായി ഒരു ലക്ഷം കിലോയിൽ അധികം ഏലക്ക വിൽപനയ്‌ക്ക് ഇറങ്ങി. അതേസമയം ഇന്ന് ശാന്തൻപാറയിൽ ആകെ 9625 കിലോ ഏലക്കയുടെ കൈമാറ്റമാണ് നടന്നത്. ശരാശരി ഇനങ്ങൾ കിലോ 2042 രൂപയിലും മികച്ചയിനങ്ങൾ 2597 രൂപയിലും.

ഒരു ബഹുരാഷ്‌ട്ര കമ്പനി തമിഴ്‌നാട്ടിൽനിന്നും വില ഉയർത്തി കൊപ്ര ശേഖരിച്ചു. പല അവസരങ്ങളിലും വിപണി വിലയിലും താഴ്‌ത്തി വൻ ഓർഡറുമായി രംഗത്ത് ഇറങ്ങുന്ന അവരുടെ പഴയതന്ത്രം തൽക്കാലം വിലപ്പോവില്ലെന്ന തിരിച്ചറിവാണ് ക്വട്ടേഷൻ നിരക്ക് ഉയർത്തിയതിനു പിന്നിലെന്ന് വേണം അനുമാനിക്കാൻ. കിലോ 190 രൂപയ്‌ക്ക് അവർ കൊപ്രയിൽ പിടിമുറുക്കിയത് കണ്ട് കേരളത്തിൽ നിന്നുള്ള ഒരു അർധസർക്കാർ സ്ഥാപനം 188 രൂപ മികച്ചയിനം കൊപ്രയ്‌ക്ക് വാഗ്ദാനം ചെയ്‌തു. ഇതിനിടെ കൊച്ചിയിലും കൊപ്ര വില 190 രൂപയായി, വെളിച്ചെണ്ണ ക്വിന്റലിന് 300 രൂപയുടെ മികവിൽ ഏക്കാലത്തെയും ഉയർന്ന നിരക്കായ 28,500 രൂപയിലെത്തി.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക