സ്തംഭിച്ച് വെളിച്ചെണ്ണ വ്യവസായം; റബർവില ഉയർന്നു: ഇന്നത്തെ (23/5/25) അന്തിമ വില

Mail This Article
കൊപ്രയാട്ട് വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഇറക്കുമതി നയം പരിഷ്‌കരിക്കാൻ സമയം സംജാതമായി. വിദേശ കൊപ്ര ഇറക്കുമതി നിലവിൽ വെളിച്ചെണ്ണ കയറ്റുമതി നടത്തുന്ന ബഹുരാഷ്‌ട്ര കമ്പനികളിൽ മാത്രമായി ഒതുങ്ങുകയാണ്. കയറ്റുമതിക്ക് അനുപാതികമായി നികുതിരഹിതമായി അവർക്ക് വിദേശ ചരക്ക് യദേഷ്ടം ഇറക്കുമതി നടത്താം. എന്നാൽ ഉയർന്ന നികുതി നൽകി കൊപ്ര ഇറക്കുമതിക്കുള്ള സാമ്പത്തിക അടിത്തറ കേരളത്തിലെ മില്ലുകൾക്കില്ലെന്നു കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റും ഡയറക്ടറുമായ പ്രകാശ് റാവു. ആയിരക്കണക്കിനു ചെറുകിട മില്ലുകളുണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും പച്ചത്തേങ്ങ ശേഖരിച്ച് കൊപ്രയാക്കി അതിൽനിന്നുള്ള വെളിച്ചെണ്ണയാണ് വിൽപന നടത്തുന്നത്. പ്രതികൂല കാലാവസ്ഥയിൽ സംസ്ഥാനത്ത് നാളികേര ഉൽപാദനം 35 ശതമാനതോളം ചുരുങ്ങിയതോടെ പല മില്ലുകളുടെ പ്രവർത്തനങ്ങളും സ്‌തംഭിച്ചു. 25 ശതമാനം മില്ലുകൾ ഭാഗികമായി ഉൽപാദനം മുന്നോട്ടു കൊണ്ടുപോകുന്നു. ഈ വാരം കൊച്ചിയിൽ വെളിച്ചെണ്ണ വില ക്വിന്റലിന് 1400 രൂപ ഉയർന്ന് 28,800 രൂപയിലെത്തി.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ കനത്തെങ്കിലും ഒട്ടുമിക്ക റബർ എസ്റ്റേറ്റുകളിലും പ്രതികൂല കാലാവസ്ഥ മുന്നിൽ കണ്ട് റെയിൻ ഗാർഡ് ഒരുക്കാൻ ഉൽപാദകർ ഇനിയും ഉത്സാഹം കാണിച്ചില്ല. കാലവർഷത്തിന്റെ ആദ്യ പകുതിയിൽ കാര്യമായ തടസങ്ങളില്ലാതെ റബർവെട്ടുമായി മുന്നേറാൻ മഴമറ ഇട്ട തോട്ടങ്ങൾക്കാകുമെന്നത് അവസരമാക്കാൻ ചെറുകിട കർഷകർ. വൻകിട തോട്ടങ്ങൾ ഭാരിച്ച ചെലവുകൾ മുൻനിർത്തി താൽക്കാലികമായി ഇതിൽനിന്ന് അകന്നുനിൽക്കുകയാണ്. ജൂൺ ആദ്യ പകുതിയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തോട്ടങ്ങൾ മാറി ചിന്തിക്കാനുമിടയുണ്ട്. കാർഷികമേഖലയിൽ കരുതൽ ശേഖരം കുറവായതിനാൽ സീസൺ കാലയളവിൽ ടാപ്പിങ് പരമാവധി മുന്നോട്ട് കൊണ്ടു പോകണമെന്ന നിലപാടിലാണ് ചെറുകിട കർഷകർ. കൊച്ചിയിൽ നാലാം ഗ്രേഡ് റബർ കിലോയ്ക്ക് രണ്ട് രൂപ ഉയർന്ന് 199 രൂപയിൽ വിൽപന നടന്നു.

അന്തർസംസ്ഥാന വാങ്ങലുകാരിൽനിന്നുള്ള ഡിമാൻഡ് മങ്ങിയത് കുരുമുളകിന്റെ തിരിച്ചു വരവിന് തടസമുളവാക്കി. കൊച്ചി വിപണിയിൽ പ്രതിദിന ശരാശരി മുളകു വരവ് 25 ടണ്ണിൽ ഒരുങ്ങി. മഴ ശക്തിപ്രാപിക്കുന്നതോടെ കാർഷിക മേഖലയിൽ നിന്നുള്ള ചരക്കു നീക്കം മന്ദഗതിയിലാകും. ഈ അവസരത്തിൽ ഉൽപന്നം വിലയിടിവിനെ സ്വയം പിടിച്ചു നിർത്താൻ ശ്രമം നടത്താം. അൺ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 67,900 രൂപയിലും ഗാർബിൾഡ് 69,900 രൂപയിലുമാണ്.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക