കരുത്തു നേടി കൊക്കോ വിപണി; താൽപര്യമില്ലാതെ ഇന്ത്യൻ വാങ്ങലുകാർ: ഇന്നത്തെ (9/6/25) അന്തിമ വില

Mail This Article
മഴമേഘങ്ങൾ വീണ്ടും സജീവമായതോടെ റബർത്തോട്ടങ്ങളിൽ മഴമറ ഒരുക്കങ്ങൾക്ക് തടസം നേരിട്ടു. പരമാവധി വേഗത്തിൽ റെയിൻ ഗാർഡുകൾ ഒരുക്കിയാൽ മിഥുനം ആരംഭത്തിൽ വെട്ട് പുനരാരംഭിക്കാനാവുമെന്ന നിഗനമത്തിലാണ് കാര്യങ്ങൾ ഒരുക്കുന്നത്. ചിങ്ങം വരെയുള്ള കാലയളവിൽ ടാപ്പിങ് സാധ്യതയുമായി മുന്നോട്ട് പോകാനാവുമെന്നാണ് കണക്കാക്കുന്നത്. കാർഷിക മേഖലയിൽ ഷീറ്റിന്റെ കരുതൽ ശേഖരം കുറവായതിനാൽ ഉൽപാദനം ഉയർത്താനുള്ള ഉത്സാഹത്തിലാണ് ചെറുകിട കർഷകർ. കഴിഞ്ഞവാരം കേന്ദ്ര ബാങ്ക് പലിശനിരക്കുകളിൽ വരുത്തിയ ഇളവുകൾ കണക്കിലെടുത്താൽ ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ വിപണികളിൽ സജീവമാകും. അഞ്ചാം ഗ്രേഡ് റബർ കിലോ 193 രൂപയിലാണ്. രാജ്യാന്തര റബർ അവധി വിലകൾ നേരിയ റേഞ്ചിലാണ് നീങ്ങിയത്. ബാങ്കോക്കിൽ ഷീറ്റ് വില കിലോ 196 രൂപ.
രാജ്യാന്തര കൊക്കോ വിപണിയിൽ വീണ്ടും നിക്ഷേപകർ പിടിമുറുക്കി. പെട്ടെന്നു ലഭ്യത ചുരുങ്ങിയ വിവരം ഉൽപന്നത്തിന് ആവശ്യം വർധിപ്പിച്ചത് ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ കൊക്കോയെ ടണ്ണിന് 10,000 ഡോളറിനു മുകളിലെത്തിച്ചു. അന്താരാഷ്‌ട്ര മാർക്കറ്റിലെ ഉണർവ് ഇന്ത്യയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ കൊക്കോ ഉൽപാദകരെങ്കിലും വ്യവസായികളുടെ തണുപ്പൻ മനോഭാവം ആശങ്ക ഉളവാക്കുന്നു. ചോക്ലേറ്റ് നിർമാതാക്കളെ മുന്നിൽ കണ്ട് രാജ്യം കൊക്കോ കൃഷി വ്യാപിപ്പിക്കാൻ ഒരു വശത്ത് നീക്കം നടത്തുന്ന വേളയിലാണ് നിലവിലെ ഉൽപന്നത്തിൽ പോലും താൽപര്യം കാണിക്കാതെ വാങ്ങലുകാർ അകന്ന് നിൽക്കുന്നത്. ആഭ്യന്തര ഉൽപാദനം ഉയർത്തിയാൽ വിദേശ കൊക്കോ ഇറക്കുമതയിൽ 50 ശതമാനം കുറവ് വരുത്താനാവുമെന്നാണ് കശുവണ്ടി, കൊക്കോ വികസന ഡയറട്രേറ്റിന്റെ കണക്കുകൂട്ടൽ. മധ്യകേരളത്തിൽ ഇന്ന് കൊക്കോ പരിപ്പ് കിലോ 440 രൂപയിലും പച്ചക്കായ 85 രൂപയിലും വിപണനം നടന്നു. ഉൽപാദകമേഖലകളിൽ അവസാന റൗണ്ട് വിളവെടുപ്പാണ്. മാസത്തിന്റെ രണ്ടാം പകുതി മുതൽ പുതിയ ചരക്കുവരവ് നിലയ്‌ക്കും.

നാളികേരോൽപ്പന്നങ്ങളുടെ വില വീണ്ടും വർധിച്ചു. പ്രദേശിക ഡിമാൻഡ് മുന്നിൽ കണ്ട് മില്ലുകാർ എണ്ണവില പരമാവധി ഉയർത്തുകയാണ്. തമിഴ്‌നാട്ടിലെ മില്ലുകാർ സ്റ്റോക്ക് വിറ്റുമാറുകയാണ്. കാങ്കയത്ത് ഇന്ന് വെളിച്ചെണ്ണയ്‌ക്ക് 650 രൂപ വർധിച്ച് 33,300 രൂപയായി. കൊച്ചിയിൽ എണ്ണയ്‌ക്ക് 300 രൂപ കയറി 31,400 രൂപയിലെത്തി, കൊപ്ര വില 300 രൂപ വർധിച്ച് 21,100 രൂപയായി.
കമ്പോള നിലവാരം ജില്ലതിരിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക